Advertisment

'യുദ്ധമാണെന്ന് അറിഞ്ഞിട്ടും കുവൈത്തിലേക്ക് പോയി'; മരണം മുന്നില്‍ കണ്ട നിമിഷത്തെ കുറിച്ച് നടി ഷീലു എബ്രഹാം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടി എന്നതിലുപരി നഴ്‌സ് കൂടിയായിരുന്നു ഷീലു എബ്രഹാം. കുറേ കാലം നാട്ടിലും വിദേശത്തുമൊക്കെ നഴ്‌സായി ജോലി നോക്കിയതിന് ശേഷമാണ് ഷീലു വിവാഹിതയാവുന്നത്. പിന്നീട് ഭര്‍ത്താവിന്റെ പിന്തുണയോടെ സിനിമയിലേക്ക് എത്തുകയും ചെയ്തു. നഴ്‌സായിരുന്ന കാലത്തെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് നടിയിപ്പോള്‍.

യുദ്ധം നടക്കുന്ന സമയത്ത് കുവൈത്തിലേക്ക് എത്തിയ താന്‍ മരണം മുന്നില്‍ കണ്ട നിമിഷത്തെ കുറിച്ചാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഷീലു പറഞ്ഞത്. ഹൈദരാബാദില്‍ നിന്നും നഴ്‌സിങ് പഠനം കഴിഞ്ഞ് മുംബൈയിലേക്കാണ് പോയത്. അവിടെ ജോലി കിട്ടി. വലിയൊരു ഹോസ്പിറ്റലിലാണ് വര്‍ക്ക് ചെയ്തത്. അവിടെ രണ്ടര വര്‍ഷം ജോലി ചെയ്തു. അത്യാവശ്യം നല്ല മെഡിക്കല്‍ നോളജ് അന്ന് കിട്ടി. വളരെ ചെറുപ്പക്കാര്‍ മുതല്‍ ക്രിട്ടിക്കല്‍ സ്റ്റേജിലുള്ള ആളുകളെയാണ് അന്ന് പരിചരിച്ചിരുന്നത്.

ആ സമയത്ത് നമ്മുടെ മനസില്‍ സങ്കടങ്ങളായിരിക്കും കൂടുതല്‍. കാരണം പലരും വെന്റിലേറ്ററില്‍ നിന്നും മരണത്തിലേക്കും ജീവിതത്തിലേക്കും വരുന്നതൊക്കെയാണ് സ്ഥിരം കണ്ട് കൊണ്ടിരിക്കുന്നത്. നഴ്‌സിങ് പഠിച്ച് പുറത്തിറങ്ങുമ്പോഴെക്കും എല്ലാവരും സ്റ്റാഫ് നഴ്‌സിന്റെ എല്ലാ ചിന്തകളിലേക്കും എത്തിയിരിക്കും. പഠിക്കുന്ന സമയത്ത് തന്നെ എല്ലാ കാര്യങ്ങളിലും നമ്മള്‍ പരിശീലനം നേടി കഴിഞ്ഞിരിക്കും. ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും നമ്മള്‍ പോകണം. പതിനാറ് നോര്‍മല്‍ ഡെലിവറി എങ്കിലും വിദ്യാര്‍ഥികള്‍ എടുത്തിരിക്കണം എന്നാണ് നിയമം.

മൂന്നാം വര്‍ഷത്തെ പരീക്ഷയ്ക്ക് മുന്‍പ് ഇത്രയധികം കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് വരെ പറഞ്ഞ് കൊടുക്കണം. എല്ലാം കണ്ടും പഠിച്ചും ശക്തയാക്കിയതിന് ശേഷമാണ് ജോലിയിലേക്ക് വിടുകയുള്ളു. ആദ്യമൊക്കെ ടെന്‍ഷനായെങ്കിലും പിന്നീടത് ജോലിയുടെ ഭാഗമായി മാറുകയാണ്. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നതിലൂടെ നഴ്‌സുമാര്‍ ക്ഷമ പഠിക്കും. മുംബൈയിലെ ജോലിയ്ക്ക് ശേഷം കുവൈത്തിലേക്കാണ് പോയത്. ഇന്റര്‍വ്യൂ ചെയ്ത് കുവൈത്തിലേക്ക് അവസരം ലഭിച്ചു. വീട്ടുകാര്‍ക്കും സമ്മതമാണ്. ശരിക്കും അതൊരു വലിയ കഥയാണ്. 2003 ലാണ് കുവൈത്തിലേക്ക് പോകുന്നത്.

അപ്പോഴാണ് ഇറാഖും കുവൈത്തും തമ്മില്‍ യുദ്ധം അനൗണ്‍സ് ചെയ്യുന്നത്. ഇതിനെ പറ്റി എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു. കുറേ പേരോട് ചോദിച്ചപ്പോള്‍ യുദ്ധം പ്രഖ്യാപിക്കുന്നതൊക്കെ സാധാരണമാണ്. കുറച്ച് കഴിയുമ്പോള്‍ അവരത് പറഞ്ഞ് തീര്‍ക്കുകയാണ് പതിവെന്ന് സൂചിപ്പിച്ചു. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ യുദ്ധം അവിടെ ശക്തമായി. കുവൈത്തിലേക്ക് പോകാന്‍ പറ്റില്ലെന്ന സ്ഥിതിയിലായി.

പോവാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കുകയാണ്. അങ്ങോട്ടുള്ള യാത്രയൊക്കെ നിരോധിച്ചു. അവിടുന്ന് പലരും ഇങ്ങോട്ട് വരാന്‍ തുടങ്ങി. നേരത്തെ ഉണ്ടായിരുന്ന ജോലി റിസൈന്‍ ചെയ്തു. കുവൈത്തിലേക്ക് എനിക്ക് പോകാന്‍ പറ്റില്ലെന്ന് തന്നെ തോന്നി. ഒടുവില്‍ കുവൈത്തിലേക്കുള്ള ഫ്‌ളൈറ്റുണ്ടെന്ന് മനസിലാക്കിയതോടെ പോവാമെന്ന തീരുമാനത്തിലേക്ക് എത്തി. എന്നെ പോലെ നിവൃത്തിയില്ലാത്തവര്‍ മാത്രമാണ് അതിന് തയ്യാറായത്. ബാക്കി എല്ലാവരും ആ യാത്ര തന്നെ വേണ്ടെന്ന് വെച്ചു. ശരിക്കും അവിടുത്തെ യുദ്ധത്തിന്റെ ഭീകരതയെ പറ്റിയൊന്നും എനിക്ക് അറിയില്ലായിരുന്നു. യുദ്ധം ഭയന്ന് കുവൈത്തില്‍ നിന്നും പലരും ഇന്ത്യയിലേക്ക് മടങ്ങി വന്ന ഫ്‌ളൈറ്റിലാണ് ഞങ്ങള്‍ പോകുന്നത്.

ആറര മണിക്കൂര്‍ കൊണ്ടാണ് അവിടെ എത്തിയത്. കുവൈത്തിലേക്ക് വിമാനം എത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ താഴെ ഇറങ്ങാന്‍ പോലും സാധിച്ചില്ല. ലാന്‍ഡ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വിമാനം മുംബൈയിലേക്ക് പോകുമെന്നും പറഞ്ഞു. ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ കേള്‍ക്കുന്ന ശബ്ദം സൈറണിന്റെ ഒച്ചയാണ്. വേറെ ഒന്നും കേള്‍ക്കാന്‍ പറ്റാത്തത് പോലൊരു ശബ്ദമായിരുന്നു. മിസൈല്‍ വരാനുള്ള ശബ്ദമാണത്. ആ സമയത്ത് റൂമില്‍ കയറി ലൈറ്റ് ഒക്കെ ഓഫാക്കി ഇരിക്കണം.

സൈറണ്‍ കേട്ട ഉടനെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് ഓടാനുള്ള നിര്‍ദ്ദേശമാണ് എയര്‍പോര്‍ട്ടില്‍ നിന്നും വരുന്നത്. സ്റ്റാഫിന്റെ പുറകേ ഞങ്ങളും ഓടി. ഒന്നര രണ്ട് മണിക്കൂറോളം അവിടെ കുടുങ്ങി. ശരിക്കും മരണം മുന്നില്‍ കണ്ട നിമിഷമാണ് അത്. ഇനി നാട്ടിലേക്ക് പോകാന്‍ പറ്റുമെന്ന് വരില്ലെന്നും മരണം ഇവിടെയായിരിക്കുമെന്നും കരുതി. പക്ഷേ ഒന്നര മണിക്കൂറിന് ശേഷം സ്ഥിതിഗതികള്‍ റെഡിയാവുകയായിരുന്നു എന്നും ഷീലു പറയുന്നു.

Advertisment