Advertisment

'ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ തന്നെ അകറ്റി നിർത്തി'. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ 'നിലാവ് കുടിച്ച സിംഹങ്ങള്‍' പിൻവലിച്ചു

 സോമനാഥ് ചെയർമാനാകുന്നത് കെ ശിവൻ തടയാൻ ശ്രമിച്ചുവെന്ന് പുസ്തകത്തിൽ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു

author-image
shafeek cm
New Update
nilavu kudicha simhangal.jpg

കോഴിക്കോട്: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം.താൻ ഐഎസ്ആർഒ ചെയർമാനായി എത്തുന്നത് തടയാൻ മുൻ ചെയർമാനായ കെ ശിവൻ ശ്രമിച്ചിരുന്നുവെന്നും മൂന്ന് വർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിനു പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചുവെന്നും ആത്മകഥയിൽ പറയുന്നു.

 സോമനാഥ് ചെയർമാനാകുന്നത് കെ ശിവൻ തടയാൻ ശ്രമിച്ചുവെന്ന് പുസ്തകത്തിൽ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് ആയിരുന്നു ആത്മകഥയുടെ പ്രസാധകര്‍. 2018-ൽ എ എസ് കിരൺ കുമാർ ചെയർമാൻ സ്ഥാനത്തുനിന്നു മാറിയപ്പോൾ, 60 വയസ്സു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നു. ചെയർമാൻ ആകുമെന്ന് അന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ശിവനാണ് നറുക്കു വീണത്. ചെയർമാനായ ശേഷവും ശിവൻ വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനം കൈവശം വച്ചു.

 തനിക്കു ന്യായമായി കിട്ടേണ്ട ആ തസ്തികയ്ക്കായി നേരിട്ടു കണ്ടു ചോദിച്ചപ്പോൾ ശിവൻ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറി. ഒടുവിൽ വിഎസ്എസ്‌സി മുൻ ഡയറക്ടർ ഡോ. ബി എൻ സുരേഷ് ഇടപെട്ടതോടെയാണ് ആറ് മാസത്തിനു ശേഷം തനിക്ക് വിഎസ്എസ്‌സി ഡയറക്ടറായി നിയമനം ലഭിച്ചതെന്നും സോമനാഥ് ആത്മകഥയിൽ പറഞ്ഞിരുന്നു.

'3 വർഷം ചെയർമാനായിരുന്ന ശേഷം വിരമിക്കുന്നതിനു പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചു. അടുത്ത ചെയർമാനെ തിരഞ്ഞെടുക്കാൻ സമയമായപ്പോൾ യു ആർ റാവു സ്പേസ് സെന്ററിന്റെ ഡയറക്ടറെ സ്പേസ് കമ്മിഷനിലേക്കു കൊണ്ടുവന്നത് എനിക്കു ചെയർമാൻ സ്ഥാനം കിട്ടില്ലെന്ന് ബോധ്യപ്പെടുത്താനായിരുന്നു എന്നാണ് തോന്നുന്നത്’, സോമനാഥ് കുറിച്ചു. ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ ഇറങ്ങുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ തന്നെ അകറ്റി നിർത്തി.

 സോഫ്റ്റ്‌വെയറിലെ തകരാറാണ് ലാൻഡിങ് പരാജയപ്പെടാൻ കാരണമെന്ന സത്യം തുറന്നു പറയുന്നതിനു പകരം ലാൻഡറുമായുള്ള ബന്ധം സ്ഥാപിക്കാനാകുന്നില്ല എന്നാണ് ചെയർമാൻ പ്രഖ്യാപിച്ചത്. അതു കൂടുതൽ വിഷമിപ്പിച്ചു. കിരൺ കുമാർ ചെയർമാൻ ആയിരുന്ന കാലത്ത് ആരംഭിച്ച ചന്ദ്രയാൻ 2 പദ്ധതിയിൽ ശിവൻ പല മാറ്റങ്ങളും വരുത്തി. അമിതമായ പബ്ലിസിറ്റി ചന്ദ്രയാൻ 2-ന് വലിയ അപകടം ചെയ്തു. ചന്ദ്രയാൻ 3 വിജയിച്ചപ്പോൾ പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ചതാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും സോമനാഥ് പുസ്തകത്തില്‍ പറഞ്ഞിരുന്നു.

isro s somanath
Advertisment