Advertisment

ഇമ്രാന്‍ ഖാന് നേരെയുണ്ടായ വെടിവയ്പ്, ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്! ഇമ്രാനെ കൊല്ലാന്‍ വേണ്ടി മാത്രം വന്നതാണെന്ന് അക്രമി; സംഭവത്തില്‍ അപലപിച്ച് പാക് പ്രധാനമന്ത്രി; നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ

New Update

publive-image

Advertisment

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാനായിരുന്നു തന്‍റെ ശ്രമമെന്ന് അക്രമി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാൽ ഇമ്രാനെ കൊല്ലാൻ ആഗ്രഹിച്ചുവെന്ന് അക്രമിയായ യുവാവ് പൊലീസിനോട് പറഞ്ഞു.

‘‘ഞാൻ ഇമ്രാനെ കൊല്ലാൻ വേണ്ടി മാത്രമാണ് വന്നത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനാലാണ് ഇത് ചെയ്തത്. എനിക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം റാലി ആരംഭിച്ച ദിവസം തന്നെ ഇത് ചെയ്യാൻ തീരുമാനിച്ചിരുന്നു’’ – പൊലീസ് പകർത്തിയ വീഡിയോയിൽ ആക്രമണകാരി പറയുന്നു.

വെടിവെപ്പിന് പിന്നാലെ പാർട്ടി പ്രവർത്തകർ ഇയാളെ പിടികൂടിയിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇമ്രാൻ ഖാനെ ലക്ഷ്യം വെച്ചായിരുന്നു ഇയാൾ ബൈക്കിൽ ഗുജ്റൻവാലയിൽ എത്തിയത്. റാലിയിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ബൈക്ക് ഗുജ്റൻവാലയിൽ അമ്മാവന്റെ വീട്ടിൽ ഉപേക്ഷിച്ച് റാലിയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇസ്‌ലാമാബാദിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഗുജ്‌റൻവാല ജില്ലയിലായിരുന്നു ആക്രമണം. കണ്ടെയ്‌നർ ട്രെക്കിന് മുകളിൽ നിൽക്കുകയായിരുന്ന ഇമ്രാൻ ഖാനെ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇമ്രാൻ നിന്നിരുന്ന സ്ഥലത്തിന്റെ ഇടതുവശത്ത് നിന്നാണ് ആക്രമണകാരി വെടിയുതിർത്തത്. ഇമ്രാന്റെ കാലിനാണ് വെടിയേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

ഇയാൾക്ക് പുറമെ ഇമ്രാൻ ഖാനെ ലക്ഷ്യം വെച്ച് മറ്റൊരാൾ കൂടി തോക്കുമായി ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ടു പേരുടെ കൈയിലും തോക്ക് ഉണ്ടായിരുന്നെന്നും ഒരാളുടെ പക്കൽ ഓട്ടോമാറ്റിക് റൈഫിൾ ആയിരുന്നെന്നുമാണ് വിവരം. പാക് സർക്കാരിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഇമ്രാൻ ഖാൻ നടത്തുന്ന ലോങ് മാർച്ച് വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ എത്തിയപ്പോഴായിരുന്നു സംഭവം.

വെടിവെപ്പിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക് എ ഇൻസാഫിലെ നാലോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടതായി സെനറ്റർ ഫൈസൽ ജാവേദ് പറഞ്ഞു. വെടിവെപ്പിൽ ഫൈസൽ ജാവേദിനും പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ മുഖത്താണ് ബുള്ളറ്റ് കൊണ്ടത്.

ഇമ്രാൻ ഖാനെതിരെയുണ്ടായ വെടിവയ്പിനെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. സംഭവത്തിൽ ഉടൻ റിപ്പോർട്ട് തേടാൻ ആഭ്യന്തര മന്ത്രി റാനാ സനാഉല്ലയോട് നിർദേശിച്ചു. ആക്രമണത്തെ പാക്ക് സൈന്യവും അപലപിച്ചു. പാകിസ്താനില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കേട്ടു. ആ വിഷയത്തിൽ ശ്രദ്ധപുലർത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Advertisment