Advertisment

താലിബാന്റെ കീഴില്‍ പുതിയ അംബാസഡര്‍; അഫ്ഗാനിസ്ഥാനില്‍ പുതിയ അംബാസഡറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ചൈന

New Update
afgan

കാബൂള്‍: താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ പുതിയ അംബാസഡറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ചൈന.

Advertisment

ഷാവോ സിങ്ങാണ് പുതിയ അംബാസഡര്‍. ഇതുവരെ താലിബാനെ ഒരു വിദേശ ഗവണ്‍മെന്റും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഈ നിയമനം താലിബാനെ ഔപചാരികമായി അംഗീകരിക്കുമെന്ന സൂചനയാണോ എന്ന് ബെയ്ജിംഗ് വ്യക്തമാക്കിയിട്ടില്ല. 

'അഫ്ഗാനിസ്ഥാനിലെ ചൈനയുടെ അംബാസഡറുടേത് സാധാരണ നിയമനമാണ്. ചൈനയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഭാഷണവും സഹകരണവും തുടരാനാണ് ഉദ്ദേശിക്കുന്നത്. അഫ്ഗാനിസ്ഥാനോടുള്ള ചൈനയുടെ നയം വ്യക്തവും സ്ഥിരതയുള്ളതുമാണ്', ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

20 വര്‍ഷത്തിന് ശേഷം യുഎസ് നേതൃത്വത്തിലുള്ള വിദേശ സേന പിന്‍വാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തിരുന്നു. 2021 ഓഗസ്റ്റിനു ശേഷം ഈ സ്ഥാനം ഏറ്റെടുക്കുന്ന ആദ്യത്തെ അംബാസഡറാണ് ഷാവോ സിങ്ങെന്ന് താലിബാന്‍ ഭരണകൂട വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഒരു ചടങ്ങില്‍ പുതിയ പ്രതിനിധിയുടെ യോഗ്യതാപത്രങ്ങള്‍ പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദ് സ്വീകരിച്ചതായി താലിബാന്‍ ഭരണകൂട ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമി പ്രസ്താവനയില്‍ പറഞ്ഞു.

 ബുധനാഴ്ച അഫ്ഗാനിസ്ഥാന്റെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങിന്റെ ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്. അംബാസഡറെ അഖുന്ദും ആക്ടിംഗ് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

Advertisment