Advertisment

മാപ്പ് കാണിച്ചത് തകര്‍ന്ന പാലത്തിലൂടെയുള്ള വഴി, പുഴയില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഗൂഗിളിനെതിരെ കുടുംബം നിയമനടപടിക്ക്

2022 സെപ്റ്റംബര്‍ 30നാണ് ഫിലിപ്‌സ് പാക്‌സണ്‍ ഹിക്കറിയിലെ സ്‌നോ ക്രീക്കിലേക്ക് കാര്‍ മറിഞ്ഞ് മരിക്കുന്നത്. മകളുടെ ഒമ്പതാം ജന്മദിന ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.

New Update
google map

ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ച വഴിയേ കാറോടിച്ച് അമേരിക്കയില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ഗൂഗിളിനെതിരെ കുടുംബം നിയമനടപടിക്ക്. നോര്‍ത്ത് കരോലിന സ്വദേശിയാണ് ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് തകര്‍ന്ന പാലത്തിലൂടെ കാറോടിച്ച് പുഴയില്‍ വീണ് മരിച്ചത്. പാലം തകരാറിനെ പറ്റി മാപ്പ് സൂചന നല്‍കിയില്ലെന്നും നാവിഗേഷന്‍ സംവിധാനം പരിഷ്‌കരിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം വെയ്ക്ക് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

Advertisment

2022 സെപ്റ്റംബര്‍ 30നാണ് ഫിലിപ്‌സ് പാക്‌സണ്‍ ഹിക്കറിയിലെ സ്‌നോ ക്രീക്കിലേക്ക് കാര്‍ മറിഞ്ഞ് മരിക്കുന്നത്. മകളുടെ ഒമ്പതാം ജന്മദിന ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശം അനുസരിച്ച് പരിചയമില്ലാത്ത വഴിയിലൂടെയായിരുന്നു ഫിലിപ്‌സ് വണ്ടി ഓടിച്ചിരുന്നതെന്ന് കുടുംബം ആരോപിക്കുന്നു.

ഒമ്പതുവര്‍ഷം മുമ്പ് തകര്‍ന്ന, കേടുപാടുകള്‍ പരിഹരിക്കാത്ത പാലം കടക്കാന്‍ ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ഫിലിപ്‌സ് പാലത്തിലേക്ക് വണ്ടി ഓടിച്ചുകയറ്റിയത്. പാലത്തില്‍ മുന്നറിയിപ്പുകളോ തടസ്സങ്ങളോ ഉണ്ടായിരുന്നില്ലെന്ന് പകുതി മുങ്ങിയ വാഹനത്തില്‍ നിന്നും ഫിലിപ്‌സിന്റെ മൃതശരീരം കണ്ടെത്തിയവര്‍ വ്യക്തമാക്കിയിരുന്നു. പാലത്തിന്റ തകര്‍ന്ന ഭാഗത്ത് നിന്നും 20 അടി താഴ്ചയിലേക്കാണ് വണ്ടി മറിഞ്ഞത്.

ജിപിഎസ് ദിശാസംവിധാനത്തിന്റെയും പാലത്തിന്റെയും ഉത്തരവാദിത്തപ്പെട്ടവരുടെ അവഗണനയാണ് ഒരു വ്യക്തിയുടെ ജീവനെടുത്തതെന്ന് ഫിലിപ്‌സിന്റെ ഭാര്യ അലീഷ്യ പാക്‌സണ്‍ ആരോപിക്കുന്നു. പരാതിയില്‍ പാലത്തിന്റെയും സമീപപ്രദേശങ്ങളുടെയും അധികാരികളായ നിരവധി സ്വകാര്യ പ്രോപ്പര്‍ട്ടി മാനേജ്‌മെന്‌റ് കമ്പനികളുടെയും പേരുകളുണ്ട്.

പാലം തകര്‍ന്ന സംഭവം നിരവധി പേര്‍ പലതവണയായി ഗൂഗിള്‍ മാപ്പ്‌സിന് അറിയിച്ചിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ഇതിനുള്ള തെളിവുകളും പരാതിക്കൊപ്പം ഫയല്‍ ചെയ്തിട്ടുണ്ട്.

 

GOOGLE MAP
Advertisment