Advertisment

മുന്‍കൂട്ടി മുന്നറിയിപ്പു നല്‍കാതെ ഗാസ മുനമ്പിലെ സാധാരണക്കാരെ ഉന്നമിട്ട് ബോംബാക്രമണം നടത്തിയാല്‍ ഇസ്രയേലില്‍നിന്ന് പിടികൂടി ബന്ദികളാക്കിയവരെ വധിക്കുമെന്ന് ഹമാസ് ഭീഷണി

New Update
hamas

ടെല്‍ അവീവ്: ഇസ്രയേലില്‍നിന്ന് പിടികൂടി ബന്ദികളാക്കിയവരെ വധിക്കുമെന്ന ഭീഷണിയുമായി ഹമാസ് രംഗത്ത്. മുന്‍കൂട്ടി മുന്നറിയിപ്പു നല്‍കാതെ ഗാസ മുനമ്പിലെ സാധാരണക്കാരെ ഉന്നമിട്ട് ബോംബാക്രമണം നടത്തുന്നതിന് എതിരെയാണ് ഭീഷണി.

Advertisment

മുന്നറിയിപ്പില്ലാതെ നടത്തുന്ന ഓരോ ആക്രമണത്തിനും പകരം ഓരോ ബന്ദിയുടെ ജീവനെടുക്കുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. എന്തു വിലകൊടുത്തും ഗാസ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തോടെ ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹമാസിന്റെ ഭീഷണി.

ഇസ്രയേലി തടവുകാരെ സുരക്ഷിതരാക്കി ഇസ്ലാമിന് അനുസൃതമായാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ഹമാസ് വക്താവ് അബു ഉബൈദ വ്യക്തമാക്കി. അതേസമയം, സാധാരണക്കാരെ കൊലപ്പെടുത്തി ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.

മുപ്പതിലധികം ഇസ്രയേലുകാരെ ബന്ദികളാക്കിയതായി പലസ്തീനിലെ ഇസ്‌ലാമിക് ജിഹാദ് സായുധ സംഘവും അവകാശപ്പെട്ടു. ഈ ബന്ദികളുടെ ജീവന്റെ കാര്യത്തില്‍ എന്തെങ്കിലും പരിഗണനയുണ്ടെങ്കില്‍, ഗാസയിലെ സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഹമാസും ഇസ്രയേലും നടത്തുന്ന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇരു പക്ഷത്തുമായി ഇതുവരെ വന്‍ ആള്‍നാശമാണ് ഉണ്ടായിട്ടുള്ളത്. ഇസ്രയേലിന്റെ ഭാഗത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. 2,600 പേര്‍ക്കു പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700ഓളമായി. 3726 പേര്‍ക്ക് പരുക്കുണ്ടെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരം.

ഇസ്രയേലില്‍ കൊല്ലപ്പെട്ടവരില്‍ യുഎസ്, ഇറ്റലി, യുക്രെയ്ന്‍, തായ്‌ലന്‍ഡ് പൗരന്‍മാരുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 11 യുഎസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്.

Advertisment