Advertisment

കൊയ്ത്തുപാടം (കവിത)

author-image
ജൂലി
New Update

publive-image

Advertisment

അന്നത്തെ പാടത്തെ,

കൊയ്ത്തുവരമ്പത്ത്

ഉത്സവമേളം നടന്നിരുന്നു.

ചുറ്റിത്തിരിയുന്ന കാറ്റിന്റെ ചേലകൾ,

ഒന്നായ് അഴിഞ്ഞെങ്ങും വീണിരുന്നു.

കൊയ്യും പണിയാളർ മേവുന്ന താളത്തിൽ,

പാടമൊരു കാവ്യമായ് ചമഞ്ഞു.

ചിന്നിയ പുന്നെൽ കതിർകണ്ടു കാന്തിയിൽ,

മേലെ കതിരോൻ ജ്വലിച്ചുനിന്നു.

കറ്റകൾ ഏറ്റിയോർ പോകും വഴികളിൽ,

കൊറ്റികൾ എന്തോ നിനച്ചുനിന്നൂ.

ചുമടേറ്റിറക്കുന്ന ജീവിത കലയുടെ,

പര്യായമാ കാവ്യരംഗഭൂമി.

എങ്കിലുമാ പാടകൊയ്ത്തുവേഗങ്ങളിൽ,

പൂത്തതൊരുപിടി സ്വപ്നങ്ങളും.

പുന്നെല്ലിൻ ചോറുണ്ടു,

മേൽപ്പുര മേഞ്ഞിട്ട്,

കാവിലെ വേലയ്ക്കുപോയിടേണം.

കൊയ്തൊഴിഞ്ഞാ പാടവക്കത്തൂടെത്തുന്ന-

പുത്തൻ തിറയാട്ടം കണ്ടിടേണം.

ഇത്തിരി മാത്രയിലുള്ളൊരാമോദവും,

അത്രയും നെഞ്ചിൽ പതിച്ചീടേണം.

മുന്നിലെ തിങ്ങും കതിർക്കുല-

ച്ചാർത്തുകൾ,

പായിച്ചു മൗനമനോരഥങ്ങൾ.

അന്നെന്റെ ഗ്രാമവിശുദ്ധികൾ അപ്പാടെ-

ലേഖനം ചെയ്തതാ കർമ്മഭൂവിൽ.

മുറ്റത്തു കറ്റക്കതിർമണിയുലയുമ്പോൾ

പത്തായ വയറൊന്നുനിറഞ്ഞീടുമ്പോൾ,

ഉതിരുന്നു ആശ്വാസ നിശ്വാസധാരകൾ

മണ്ണുപൊന്നാക്കും കനൽക്കഥകൾ.

കാലം ചവുട്ടിക്കുഴച്ചു കടന്നുപോം,

പാടമൊരപശബ്ദ വേഗമായോ..

അമരുന്ന

യന്ത്രക്കരങ്ങളിൽ

പിടയുന്നോ,

കാറ്റാർത്തനാദം മുഴക്കുന്നുവോ..

കത്തുന്ന സൂര്യന്റെ

താപമറിയുന്നു,

കറ്റച്ചുരുട്ടിൻ

മിഴിയിതളിൽ.

ഇന്നു പാടം മൊഴിയുവാൻ മോഹിച്ചു നിൽക്കയോ,

ഒന്നെന്റെ യൗവ്വനം തിരികെ തരൂ.

മണ്ണിന്റെ മധുവൂറുമീരടി ഒരുവട്ടമെങ്കിലും

പാടുവാൻ വീണ്ടും അനുവദിക്കൂ.

പത്തു വിതയ്ക്കുകിൽ ആയിരം പൊൻകതിർ-

കാരുണ്യമോടെ ഞാൻ നൽകിയില്ലേ..

മേലെ നക്ഷത്രപ്പാടത്ത് കൊയ്യുവാൻ,

പൊന്നമ്പിളി കൊയ്ത്തരിവാളൊന്നുയരും നേരം.

നിങ്ങളൂറ്റിയെടുത്തു വരണ്ടുമെലിഞ്ഞൊരെൻ ജീവനാഡികകളിൽ,

പടരുന്ന വേദനയേറ്റിരിപ്പൂ..

ഇനിയുമെൻ മേനിയെ കോരിത്തരിപ്പിയ്ക്കാൻ

പണിയാളർ-കൊയ്ത്തരിവാളുമായ് വന്നിടുമോ?

കറ്റകൾ ഓരോന്നായ് പൊങ്ങുന്ന ചേലൊന്നു കാണുവാൻ കുഞ്ഞാറ്റകിളികളും എത്തിടുമോ?

Advertisment