Advertisment

കോടികളുടെ മരുന്നും ഉപകരണങ്ങളും ഗോഡൗണുകളിൽ കത്തിനശിച്ച് ആഴ്ചകളായിട്ടും അന്വേഷണം ഇഴയുന്നു. കുറ്റം ബ്ലീച്ചിംഗ് പൗഡറിന്റെ തലയിലാക്കി അധികൃതർ. അന്വേഷണം അട്ടിമറിക്കുന്നത് കോടികൾ കമ്മിഷനടിച്ച ഉന്നതർ. തീപിടുത്തത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ ആരോഗ്യമന്ത്രി. ബ്ലീച്ചിംഗ് പൗഡറിലെ രാസഘടകങ്ങളുടെ പരിശോധനയും ഉഴപ്പി

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരളം ഏറെ ഉത്കണ‍്ഠയോടെ ചർച്ച ചെയ്ത മെഡിക്കൽ സർവീസസ് കോർപറേഷനുകളിലെ തീപിടുത്തത്തിൽ അന്വേഷണം ഇഴയുകയാണ്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലെ ഗോഡൗണുകളാണ് കത്തിയത്. തിരുവനന്തപുരത്ത് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് തീകെടുത്തുന്നതിനിടെ ജീവൻ നഷ്ടമായി. എന്നിട്ടും കാര്യമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുന്നില്ല. എല്ലാ ജില്ലകളിലുമുള്ള കോർപറേഷന്റെ മരുന്ന് ഗോഡൗണുകളുടെ സുരക്ഷയും ചോദ്യചിഹ്നമായി നിൽക്കുകയാണ്.

മഴക്കാല ശുചീകരണത്തിനായി കോർപറേഷൻ സംഭരിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡറാണ് എല്ലായിടത്തും കത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. ബ്ലീച്ചിംഗ് പൗഡർ മരുന്നിന്റെ പരിധിയിൽ വരാത്തതിനാൽ പരിശോധിക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കഴിയില്ല. ഇക്കാര്യം അറിയാമായിരുന്നിട്ടും പരിശോധന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെ ഏൽപ്പിച്ചത് വൻ അട്ടിമറി ലക്ഷ്യമിട്ടാണ്.

publive-image


ആദ്യ തീപിടിത്തമുണ്ടായതിന് 10 ദിവസത്തിന് ശേഷം തിങ്കളാഴ്ച ഡ്രഗ്സ് കൺട്രോൾ വിഭാഗം നൽകിയ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബ്ലിച്ചിംഗ് പൗഡർ തീപിടിത്തതിന് കാരണമായോയെന്ന് ഉറപ്പിക്കണമെങ്കിൽ അതിലെ ഘടകങ്ങൾ വേർതിരിച്ച് അറിയണം അതിനായി രാസപരിശോധനകൾ മാത്രം നടത്തുന്ന മറ്റേതെങ്കിലും ലാബിലേക്ക് അയക്കണെന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ ശുപാർശ. തീപിടിത്തത്തിന്റെ അന്വേഷണത്തിൽ നിർണായകമായിരുന്ന പത്ത് ദിവസങ്ങളാണ് ഈ തീരുമാനത്തിലൂടെ നഷ്ടമായത്. ഡ്രഗ്സ് കൺട്രോൾ വിഭാഗം നിസഹായത അറിയിച്ചിട്ടും തുടർ നടപടികൾക്ക് സർക്കാർ തയ്യാറാവുന്നില്ലെന്നതിലും ദുരൂഹതയുണ്ട്.


തീപിടിച്ച മൂന്നിടത്തും പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ ഈ അന്വേഷണവും ഇഴയുകയാണ്. മരുന്നുസംഭരണം കോടികൾ മറിഞ്ഞ കമ്മീഷൻ ഇടപാടായതിനാൽ ഉന്നതർക്ക് പോലും അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്നില്ല. മഴക്കാലം വരുന്നതോടെ ചർച്ചകൾ വഴിമാറുകയും ജനങ്ങൾ തീപിടുത്തത്തെക്കുറിച്ച് മറക്കുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ഇതിനിടെ, ആരോഗ്യമന്ത്രി തീപിടുത്തത്തെ കുറിച്ച് ഒരക്ഷരം പറയാതെ ഒഴിഞ്ഞുമാറുന്നതും ദുരൂഹമാണ്. ഫയർഫോഴ്‌സ് , ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഡ്രഗ്‌സ് കൺട്രോൾ തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ നിശ്ചയിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഓരോ തീപിടിത്തതിന് ശേഷവും പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ഉത്തർപ്രദേശിലെ ബങ്കെബിഹാറി കമ്പനിയാണ് സംശയമുനയിലുള്ള ബ്ലീച്ചിംഗ് പൗഡർ കോർപറേഷന് നൽകിയത്.


ബ്ലീച്ചിംഗ് പൗഡർ മടക്കികൊണ്ടു പോകണമെന്ന് കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കമ്പനി അറിയിച്ചു. ടൺകണക്കിന് ബ്ലീച്ചിംഗ് പൗഡറാണ് റോഡ് മാർഗം എത്തിച്ചത്. ഇതേ രീതിയിൽ മടക്കികൊണ്ടു പോകുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ്. അതിനാൽ ബ്ലീച്ചിംഗ് പൗഡർ കോർപറേഷൻ തന്നെ നശിപ്പിച്ചാൽ മതിയെന്നാണ് മറുപടി. കമ്പനി തിരിച്ചെടുക്കാതെ വന്നാൽ മലിനമായ തോടുകളിലോ പൊതുയിടങ്ങളിലോ നിക്ഷേപിക്കുകയാണ് ഏകപോംവഴി. അന്തരീക്ഷവായുവിൽ കലർന്ന് ക്ലോറിൻ നഷ്ടമായാൽ ബ്ലീച്ചിംഗ് പൗ‌ഡർ വെറും കുമ്മായപ്പൊടിയായി മാറും. ഗോഡൗണുകളിലെ ബ്ലീച്ചിംഗ് പൗഡർ സുരക്ഷിതമായി മാറ്റി സൂക്ഷിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. മഴക്കാല ശുചീകരണത്തിന് പകരം ബ്ലീച്ചിംഗ് പൗഡർ എവിടെ നിന്ന് എത്തിക്കുമെന്നതും സർക്കാരിനെ കുഴക്കുന്നുണ്ട്.


 

Advertisment