കൊച്ചി: അവിശ്വാസികളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്നും അവരുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരുന്ന് താന്‍ പ്രാര്‍ത്ഥിക്കുമെന്നും നടന്‍ സുരേഷ് ഗോപി. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെയായിരുന്നു സുരേഷ് ഗോപിയുടെ വിദ്വേഷ പ്രസംഗം.
‘‘ലോകമെങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നു ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്കുവരുന്ന ഒരു ശക്തിയോടും പൊറുക്കാനാകില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിനു വേണ്ടി ശ്രീകോവിലിനു മുന്നിൽ പ്രാർഥിക്കും.
എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. നമ്മുടെ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തിമാര്‍ഗങ്ങളെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും, സമാധാനത്തോടെ ജീവിച്ച് ഈ ലോകത്ത് അവസാനിപ്പിക്കാൻ അന്തരീക്ഷം ഒരുങ്ങിക്കൂടാ. ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാൽ രാഷ്ട്രീയമാകും. അതുകൊണ്ട് പറയുന്നില്ല’’– ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.