Advertisment

അനശ്വര നടൻ മുരളി പോലും പച്ചപിടിക്കാത്ത രാഷ്ട്രീയ കളരിയിൽ വെന്നിക്കൊടി പാറിച്ച ഇന്നസെന്റ്. താരപരീക്ഷണത്തിനു പിന്നിലെ ബുദ്ധി പിണറായി വിജയന്റേത്. സി.പി.എമ്മിന്റെ വിജയിച്ച ആദ്യ താര പരീക്ഷണമായി ഇന്നസെന്റ്. വിജയിച്ചത് സ്വന്തം 'പ്രചരണതന്ത്രം' കൊണ്ട്. മുകേഷിനെ കൊല്ലത്ത് മത്സരിപ്പിക്കാൻ സി.പി.എമ്മിന് ആത്മവിശ്വാസം നൽകിയതും ഇന്നച്ചന്റെ വിജയം

New Update

publive-image

Advertisment

തിരുവനന്തപുരം: അനശ്വരനടൻ മുരളിയെ ആലപ്പുഴയിൽ പരീക്ഷിച്ച് വിജയിച്ചിട്ടില്ലാത്ത സി.പി.എം ഇന്നസെന്റിലൂടെ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിൽ ഒരു സെലിബ്രിറ്റി സിനിമാതാരത്തെ പരീക്ഷിച്ച് വിജയിപ്പിച്ചു. അത് ചാലക്കുടിയിൽ ഇന്നസെന്റിന്റെ വിജയമാണ്. ആ വിജയത്തിന് മുമ്പ് കേരളത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച സിനിമാനടൻ ഗണേശ് കുമാർ ആണ്. അത് പക്ഷേ കേരള കോൺഗ്രസ്-ബിയുടെ ലേബലിലാണ്. ആദ്യമായി ജയിക്കുമ്പോൾ ഗണേശൻ ഇടതുമുന്നണിയിലുമല്ല, യു.ഡി.എഫിലാണ്.


പി.ടി. കുഞ്ഞുമുഹമ്മദിലൂടെ സിനിമാസംവിധായകൻ ഗുരുവായൂരിൽ സി.പി.എം ടിക്കറ്റിൽ നിയമസഭയിലേക്ക് ജയിച്ചുകയറിയിട്ടുണ്ട്. എന്നാൽ ഇടതുസ്ഥാനാർത്ഥിയായി വിജയിക്കുന്ന ആദ്യത്തെ സിനിമാതാരമെന്ന ഖ്യാതി ഇന്നസെന്റിന് സ്വന്തം.


അപ്രതീക്ഷിതമായാണ് ചാലക്കുടിയിൽ ഇന്നസെന്റിനെ പരീക്ഷിക്കാൻ സി.പി.എം തീരുമാനിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ ചില സീറ്റുകൾ പിടിച്ചെടുക്കാൻ സെലിബ്രിറ്റികളെയും സമൂഹത്തിന്റെ വ്യത്യസ്തമേഖലകളിൽ കഴിവുതെളിയിച്ച പ്രമുഖരെയും സ്വതന്ത്രപരിവേഷത്തിൽ പരീക്ഷിക്കാമെന്ന വിചാരം പൊന്തിയത് അന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കൂടി തലയിലായിരുന്നു.

സംസ്ഥാനകമ്മിറ്റി യോഗത്തിൽ അതിന് പിന്തുണ കിട്ടിയതോടെ ചാലക്കുടിയിൽ ഇന്നസെന്റ് എത്തി. പ്രതിഭ പാട്ടീൽ രാഷ്ട്രപതിയായിരിക്കെ അവരുടെ സെക്രട്ടറിയായിരുന്ന ഐ.എ.എസുകാരൻ ക്രിസ്റ്റി ഫെർണാണ്ടസ് എറണാകുളത്ത് വന്നു. ഇതിന് സ്വീകാര്യത കിട്ടിയില്ലെങ്കിലും ചാലക്കുടിയിൽ വീശിയ രാഷ്ട്രീയ കാലാവസ്ഥ ഇന്നസെന്റിന് അനുകൂലമായി.

ക്രൈസ്തവ ഭൂരിപക്ഷമുള്ള മണ്ഡലമാണ് ചാലക്കുടി. ഈ പാർലമെന്റ് മണ്ഡലത്തിലെ ചില നിയോജകമണ്ഡലങ്ങളിൽ ഓർത്തഡോക്സ് സഭയ്ക്ക് നിർണായക സ്വാധീനമുണ്ട്. യാക്കോബായ സഭാവിശ്വാസികളുള്ള പ്രദേശങ്ങളുമുണ്ട്. അവിടെ കത്തോലിക്കനായ ഇന്നസെന്റ് തിളക്കമാർന്ന വിജയത്തോടെ പാർലമെന്റിലേക്ക് ജയിച്ചുകയറിയത് സ്വന്തം 'പ്രചരണതന്ത്രം' കൊണ്ടുകൂടിയാണെന്ന് സി.പി.എമ്മുകാർ പോലും പറയും.

കോൺഗ്രസ് അക്കൊല്ലം അവിടെ മത്സരിപ്പിച്ചത് ഹൈക്കമാൻഡിന്റെ വിശ്വസ്തഗണത്തിൽ പെട്ട നേതാവായിരുന്ന പി.സി. ചാക്കോയെ ആണ്. അദ്ദേഹമിന്ന് കോൺഗ്രസ് വിട്ട് ഇടതുമുന്നണിയിലെ എൻ.സി.പിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ്. തൃശൂരിലെ കോൺഗ്രസുകാർ ചാലക്കുടിയിൽ ആഗ്രഹിച്ചിരുന്നത് 2014ൽ കെ.പി. ധനപാലനെയായിരുന്നു. എന്നാൽ, ചാക്കോയെ പരീക്ഷിക്കാനുള്ള ഹൈക്കമാൻഡ് ഇംഗിതം വന്നപ്പോൾ ധനപാലന് തൃശൂരിലേക്ക് മാറേണ്ടി വന്നു. ചാക്കോയുടെ വരവും ചാലക്കുടിയിലെ കോൺഗ്രസും തമ്മിലെ കെമിസ്ട്രി പ്രവർത്തിക്കാതിരുന്നത് അവർക്ക് വിനയായിട്ടുണ്ട്.

ഇന്നസെന്റ് നടത്തിയത് സി.പി.എമ്മിന്റെ പരമ്പരാഗത രീതിയിലുള്ള പ്രചരണമല്ല. അദ്ദേഹത്തെ കാണാൻ പ്രചരണവഴികളിലുടനീളം സ്ത്രീകളടക്കം കൗതുകത്തോടെ തിക്കിത്തിരക്കി കാത്തുനിന്നത് തിരഞ്ഞെടുപ്പുകാലത്തെ രസകരമായ കാഴ്ചയായിരുന്നു. കാൻസർ രോഗത്തെ അതിജീവിച്ച് കടന്നുവന്നതായിരുന്നു ഇന്നസെന്റ്. പ്രചരണത്തിൽ അദ്ദേഹം നാട്ടുവർത്തമാനം പറഞ്ഞു. ചാലക്കുടിക്കാരിലൊരാളായി നിന്നുകൊണ്ട് പല സ്വതസിദ്ധമായ തമാശകളും വിളമ്പി.


കൊച്ചുവർത്തമാനം പറയുന്ന കൂട്ടുകാരനെ പോലെയാണ് ചാലക്കുടിയെ ഇന്നസെന്റ് അത്തവണ ഇളക്കിമറിച്ചത്. അത് വോട്ടെടുപ്പിലും പ്രതിഫലിച്ചു. പതിമൂവായിരത്തിൽപ്പരം വോട്ടുകൾക്കാണ് ഇന്നസെന്റ് അക്കൊല്ലം ജയിച്ചുകയറിയത്.


ഇന്നസെന്റിന്റെ വിജയം നൽകിയ ഊർജമുൾക്കൊണ്ടാണ്, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം വേറെയും സിനിമാതാരങ്ങളെ പരീക്ഷിച്ചത്. വടക്കാഞ്ചേരിയിൽ കെ.പി.എ.സി. ലളിതയെ ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും എതിർപ്പുകളുയർന്നപ്പോൾ അവരെ പിൻവലിക്കേണ്ടി വന്നു. അവർക്ക് പിന്നീട് ഇടതുസർക്കാർ കേരള സംഗീതനാടക അക്കാഡമി അദ്ധ്യക്ഷപദവി നൽകി. കൊല്ലത്ത് സിനിമാതാരം മുകേഷ് സ്ഥാനാർത്ഥിയാകുന്നതും അക്കൊല്ലമാണ്. മുകേഷ് അവിടെ രണ്ടുതവണ തുടർച്ചയായി ജയിച്ചുകയറി.

കൊല്ലം സി.പി.എമ്മിന്റെ ശക്തികേന്ദ്രമായതും മുകേഷിന് തുണയായി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്നസെന്റിനെ വീണ്ടും ചാലക്കുടിയിൽ സി.പി.എം ഇറക്കി. പക്ഷേ രണ്ടാം തവണ പരീക്ഷണം വിജയിച്ചില്ല. ഇന്നസെന്റ് മണ്ഡലത്തിൽ സജീവമല്ലായിരുന്നുവെന്ന വിമർശനമുയർന്നിരുന്നു. എന്നിരുന്നാലും അദ്ദേഹം മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ കൊണ്ടുവന്നതായി സി.പി.എം അവകാശപ്പെട്ടു. 2019ൽ ശബരിമല വിവാദവും രാഹുൽഗാന്ധി തരംഗവുമൊക്കെയായി യു.ഡി.എഫ് സീറ്റുകൾ തൂത്തുവാരിയപ്പോൾ ചാലക്കുടിയും കട പുഴകി.

ചാലക്കുടി വിജയിച്ചിരിക്കുമെന്ന് തന്നെയാണ് സി.പി.എം അവസാന കണക്കുകൂട്ടലിലും പറഞ്ഞത്. ബെന്നി ബെഹനാനായിരുന്നു അത്തവണ ഇന്നസെന്റിന്റെ എതിരാളി. വോട്ടെണ്ണൽ വീട്ടിലിരുന്ന് പ്രവർത്തകർക്കൊപ്പം ടി.വിയിൽ വീക്ഷിച്ചിരുന്ന കഥ ഇന്നസെന്റ് എഴുതിയിട്ടുണ്ട്. തുടക്കം തൊട്ട് പിറകിലോട്ട് എൽ.ഡി.എഫ് പോയ്ക്കൊണ്ടിരിക്കുമ്പോഴും ഇപ്പോൾ മറിയുമെന്ന് ആശ്വസിപ്പിച്ച് പ്രവർത്തകർ നിന്നു. ഏതാണ്ട് പ്രതീക്ഷയവസാനിക്കാറായപ്പോഴേക്കും വീട്ടിൽ അവശേഷിച്ചയാളും തല കുമ്പിട്ട് മുങ്ങിയ കാഴ്ചയാണ് അതീവരസകരമായി ഇന്നസെന്റ് വരച്ചിട്ടത്.

Advertisment