Advertisment

കടക്കെണിയിലായ കേരളത്തിന്റെ ഖജനാവ് ചോർത്താൻ ഒരുവഴി കൂടി. പെൻഷന്റെ 40ശതമാനം തുകയായ ദശലക്ഷങ്ങൾ കമ്മ്യൂട്ടേഷൻ ഇനത്തിൽ മുൻകൂറായി കീശയിലാക്കിയ ശേഷം, റിട്ട. ചീഫ്സെക്രട്ടറിക്ക് ഫുൾ പെൻഷൻ നൽകുന്നു. ഇരട്ടി പെൻഷൻ നിയമവിരുദ്ധം. വി.പി.ജോയിക്ക് ഇളവ് അനുവദിച്ച തീരുമാനം റദ്ദാക്കേണ്ടി വരും

വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകുകയാണെങ്കിൽ പെൻഷൻ കഴിച്ചുള്ള തുകയേ നൽകാറുള്ളൂ.

New Update
vp joy pension.

തിരുവനന്തപുരം: കടക്കെണിയിൽ നട്ടംതിരിയുന്ന കേരളത്തിന്റെ ഖജനാവ് ചോർത്താൻ ഒരു വഴി കൂടി.  പെൻഷൻ കമ്മ്യൂട്ടേഷൻ ഇനത്തിൽ 40ശതമാനം തുകയായി ദശലക്ഷങ്ങൾ മുൻകൂറായി വാങ്ങിയെടുത്ത ശേഷം വീണ്ടും ഫുൾ പെൻഷൻ നൽകുകയാണ്. മുൻ ചീഫ്സെക്രട്ടറി വി.പി ജോയിക്ക് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡിന്റെ അദ്ധ്യക്ഷനായി പുനർനിയമനം നൽകിയ ശേഷമാണ് ഫുൾ പെൻഷൻ അനുവദിച്ചത്. ഇതോടെ, അദ്ദേഹത്തിന് ഇരട്ടി പെൻഷൻ അനുവദിക്കുകയാണ് സർക്കാർ ചെയ്തത്. ഇത് ഖജനാവിൽ നിന്ന് ദശലക്ഷങ്ങൾ ചോർത്തുമെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടും വകവയ്ക്കാതെയാണ് ജോയിക്ക് ഫുൾപെൻഷൻ നൽകാൻ ഇളവ് അനുവദിച്ചത്.

Advertisment

പബ്ലിക് എന്റർപ്രൈസസ് (സെലക്‌ഷനും റിക്രൂട്ട്‌മെന്റും) ബോർഡിന്റെ അദ്ധ്യക്ഷനാണ് ‌വി.പി.ജോയി.  വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകുകയാണെങ്കിൽ പെൻഷൻ കഴിച്ചുള്ള തുകയേ നൽകാറുള്ളൂ. ലോകായുക്തയിലും മനുഷ്യാവകാശ കമ്മിഷനിലുമടക്കം നിയമിതരായ റിട്ട. ചീഫ് ജസ്റ്റിസുമാർക്കു പോലും ഇങ്ങനെയാണ് നൽകുന്നത്. പുനർനിയമനം നേടിയവർക്ക് പെൻഷൻ നൽകുന്നതിൽ അപകടം വേറെയുമുണ്ട്.

40% പെൻഷൻ കമ്മ്യൂട്ടേഷൻ നേടി വൻതുക കീശയിലാക്കിയവർക്ക് വീണ്ടും ഫുൾ പെൻഷൻ അനുവദിക്കുമ്പോൾ അത് ഇരട്ട പേയ്‌മെന്റായി മാറും. ഒരു നിശ്ചിത ഫോർമുലയനുസരിച്ച് സർവീസ് കാലാവധിയടക്കം പരിഗണിച്ച് പരമാവധി ലഭിച്ചേക്കാവുന്ന പെൻഷന്റെ 40%തുകയാണ് ഒറ്റത്തവണയായി കൈപ്പറ്റുക. പുനർനിയമനം ലഭിക്കുന്നവർക്ക് പെൻഷൻ നൽകുമ്പോൾ ഖജനാവിന് ദശലക്ഷങ്ങളുടെ നഷ്ടം ഇത്തരത്തിലുണ്ടാവും. ഇത് കെ.എസ്.ആർ ചട്ടം 100ന്റെ ലംഘനമാണ്.

1.70ലക്ഷം രൂപയോളമാണ് ചീഫ്സെക്രട്ടറിയുടെ പെൻഷൻ. ചീഫ് സെക്രട്ടറി ഗ്രേഡിൽ അവസാനം ശമ്പളയിനത്തിൽ വാങ്ങിയ മൂന്നരലക്ഷത്തോളം രൂപ റിക്രൂട്ട്മെന്റ് ബോർഡ് തലവനെന്ന നിലയിൽ അനുവദിച്ചു. ഇതിനൊപ്പമാണ് ചട്ടത്തിൽ ഇളവുനൽകി, ഫുൾ പെൻഷനും കൂടി വാങ്ങാനുള്ള മന്ത്രിസഭാ അനുമതി.പുറമെ കാറും സ്റ്റാഫുകളും അലവൻസുകളുമുണ്ട്. വിരമിച്ചവർക്ക് നിയമനം നൽകുമ്പോൾ കേരള സർവീസ് ചട്ട പ്രകാരം പെൻഷൻ കിഴിച്ചുള്ള തുകയാണ് നൽകുന്നത്. ഇതൊഴിവാക്കി ജോയിക്ക് ഫുൾ പെൻഷൻ നൽകാനാണ് മന്ത്രിസഭാ യോഗം ഇളവ് നൽകിയത്.

ബഹിരാകാശ നേട്ടങ്ങളിലൂടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് കേവലം രണ്ടരലക്ഷം രൂപ ശമ്പളം വാങ്ങുമ്പോഴാണ് കേരളത്തിലെ  വിരമിച്ച ചീഫ്സെക്രട്ടറി ചട്ടവിരുദ്ധമായി 5ലക്ഷം രൂപയ്ക്കടുത്ത് സ‌ർക്കാരിൽ നിന്ന് വാങ്ങുന്നത്.  വിരമിച്ച ശേഷം പുനർനിയമനം നേടി അതിന്റെ ശമ്പളവും ചീഫ്സെക്രട്ടറിയുടെ പെൻഷനും ഒരുമിച്ച് വാങ്ങുകയാണ്. അഖിലേന്ത്യാ ഉദ്യോഗസ്ഥരുടെ സർവീസ് ചട്ടത്തിലെ 4(2) വകുപ്പനുസരിച്ച് വിരമിച്ചവർ പുനർനിയമനകാലത്ത് പെൻഷൻ വാങ്ങാൻ പാടില്ല. സൈനികർക്ക് മാത്രമേ ഇതിൽ ഇളവുള്ളൂ.

കേന്ദ്രചട്ടം മറികടക്കാൻ സംസ്ഥാന സർവീസ് ചട്ടമായ കെ.എസ്.ആറിൽ ഇളവു നൽകിയാണ് മുൻ ചീഫ്സെക്രട്ടറിമാരുടെ കീശ നിറയ്ക്കുന്നത്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ ചെയർമാൻമാർ, അംഗങ്ങൾ, മുൻ ന്യായാധിപന്മാർ, മുൻ സിവിൽസർവീസുദ്യോഗസ്ഥർ എന്നിവർക്കാർക്കും നൽകാത്ത ആനുകൂല്യമാണ് മുൻ ചീഫ്സെക്രട്ടറിമാർക്ക് നൽകുന്നത്. 2പേർക്കായി ചട്ടഭേദഗതി വരുത്തിയത് സ്വജനപക്ഷപാതമായതിനാൽ മന്ത്രിസഭാ തീരുമാനം റദ്ദാക്കാതെ വഴിയില്ല.  അല്ലെങ്കിൽ എല്ലാവർക്കും ഈ ആനുകൂല്യം അനുവദിക്കേണ്ടി വരും.  ഇത് സർക്കാരിന് വന്പൻ സാമ്പത്തിക ബാദ്ധ്യതയുമുണ്ടാക്കും.

ലോകായുക്ത, മനുഷ്യാവകാശ കമ്മിഷൻ അടക്കം അർദ്ധ ജുഡീഷ്യൽ സംവിധാനങ്ങളിൽ നിയമിതരാവുന്ന സുപ്രീംകോടതി, ഹൈക്കോടതി റിട്ട. ജഡ്ജിമാർക്കും ചീഫ് ജസ്റ്റിസുമാർക്കും പോലും പെൻഷൻ കഴിഞ്ഞുള്ള തുകയേ ശമ്പള ഇനത്തിൽ നൽകാറുള്ളൂ. പി.എസ്.സി ചെയർമാനായി നിയമിതരാവുന്നവർക്കും പെൻഷൻ കഴിച്ചേ കൈയിൽ കിട്ടൂ. ഇവർക്കെല്ലാം കനത്ത ശമ്പളത്തിനൊപ്പം ഫുൾപെൻഷൻ കൂടി നൽകണമെങ്കിൽ ഖജനാവ് താങ്ങില്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

full pension
Advertisment