Advertisment

അദാനി ഗ്രൂപ്പ് കരകയറുന്നു; 2.65 ബില്യണ്‍ ഡോളറിന്റെ വായ്പ അദാനി ഗ്രൂപ്പ് തിരിച്ചടച്ചു

New Update

ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് കരകയറുന്നു. നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഒന്നിന് പുറകെ ഒന്നായി സുപ്രധാന നീക്കങ്ങളാണ് ഗ്രൂപ്പ് നടത്തുന്നത്. അടുത്തിടെ 2.65 ബില്യണ്‍ ഡോളറിന്റെ വായ്പ അദാനി ഗ്രൂപ്പ് തിരിച്ചടച്ചു. അംബുജ സിമന്റ് ഏറ്റെടുക്കുന്നതിനായി എടുത്ത വായ്പയില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ തിരിച്ചടച്ചതിന് പിന്നാലെയാണിത്. അതേസമയം, ഈ ഭീമമായ വായ്പ തിരിച്ചടയ്ക്കാനുള്ള ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.

Advertisment

publive-image

നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി 2.65 ബില്യണ്‍ ഡോളര്‍ വായ്പ നേരത്തെ തിരിച്ചടച്ചതായി ഞായറാഴ്ച അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 31 ആയിരുന്നു വായ്പ തിരിച്ചടയ്ക്കാനുള്ള സമയപരിധി. എന്നാല്‍ ഈ തീയതിക്ക് കാത്ത് നില്‍ക്കാതെ പണമടച്ച് തീര്‍ക്കുകയായിരുന്നു. ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികളിലെ ഓഹരികള്‍ പണയം വെച്ചാണ് 2.15 ബില്യണ്‍ ഡോളറിന്റെ വായ്പ എടുത്തത്. അതേസമയം അംബുജ സിമന്റ് ഏറ്റെടുക്കുന്നതിന് 500 മില്യണ്‍ ഡോളര്‍ എടുത്തതായും പ്രസ്താവനയില്‍ പറയുന്നു.

അംബുജ സിമന്റ്, എസിസി സിമന്റ് എന്നിവയുടെ മൊത്തം ഏറ്റെടുക്കല്‍ മൂല്യമായ 6.6 ബില്യണ്‍ ഡോളറില്‍ പ്രമോട്ടര്‍മാര്‍ക്ക് ഇപ്പോള്‍ 2.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുണ്ടെന്ന് സിമന്റ് മേഖലയിലെ രണ്ടാമത്തെ വലിയ കമ്പനിയായ അദാനി ഗ്രൂപ്പ് പറഞ്ഞു.

2022-ല്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് 10.5 ബില്യണ്‍ ഡോളറിന്റെ ഇടപാടില്‍ പ്രമുഖ ഇന്ത്യന്‍ സിമന്റ് കമ്പനികളായ അംബുജ സിമന്റ്സ്, എസിസി എന്നിവയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിമന്റ് കമ്പനിയായി അദാനി ഗ്രൂപ്പ് മാറിയത്.

വായ്പ തിരിച്ചടയ്ക്കാന്‍ അദാനി ഗ്രൂപ്പ് വലിയ തീരുമാനങ്ങളെടുക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് പ്രകാരം കടം കുറയ്ക്കാനായി അംബുജ സിമന്റ്സ് ലിമിറ്റഡിന്റെ 4 മുതല്‍ 5 ശതമാനം വരെ ഓഹരികള്‍ വില്‍ക്കാന്‍ കഴിയും.

Advertisment