Advertisment

സംസ്ഥാനത്ത് അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്നപ്പോഴും ദേശീയ രാഷ്ട്രീയത്തോട് അകലം പാലിച്ച നേതാവ് ! ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായപ്പോഴും കേരളത്തിലെ കാര്യങ്ങളില്‍ സജീവം. ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാതെ ദേശീയ നേതാവായ ഉമ്മന്‍ചാണ്ടി ! ഉമ്മന്‍ചാണ്ടിക്ക് അനുശോചനം അര്‍പ്പിച്ച് പ്രതിപക്ഷ കക്ഷി നേതൃയോഗം. ബംഗളുരുവിലും പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍

New Update

ബംഗളുരു: രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന്റെ രണ്ടാം ദിനം നേതാക്കളെ ഞെട്ടിച്ചാണ് ആ വിയോഗ വാര്‍ത്ത എത്തിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ നേതാവ് ഉമ്മന്‍ചാണ്ടി അന്തരിച്ചു എന്ന വാര്‍ത്ത കേട്ടതോടെ ദേശീയ നേതാക്കള്‍ ഓരോരുത്തരായി അദ്ദേഹത്തിന് അനുശോചനമര്‍പ്പിച്ച് രംഗത്ത് വന്നു.

Advertisment

publive-image

മുതിര്‍ന്ന നേതാക്കളായ സോണിയയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുമൊക്കെ അദ്ദേഹത്തിന് ബംഗളുരുവില്‍ തന്നെ അന്തിമോപചാരം അര്‍പ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരും എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടവുമായെത്തി. ബംഗളുരുവിലും നിരവധിപ്പേരാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.

ബംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷിയോഗത്തിന് മുമ്പ് ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയും നടന്നു. എല്ലാ പ്രധാന കക്ഷി നേതാക്കളും ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കുകയും ചെയ്തു.

നേരത്തെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വ്യത്യസ്തനായി ദേശീയ രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞു നിന്ന നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ഒരിക്കല്‍പോലും ദേശീയ രാഷ്ട്രീയം അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല.

കേരളത്തില്‍ അധികാര രാഷ്ട്രീയത്തില്‍ പദവികള്‍ കിട്ടാതിരുന്നപ്പോഴും അദ്ദേഹം പാര്‍ലമെന്റോ, മന്ത്രിപദവിയോ ആഗ്രഹിച്ചില്ല എന്നതും ശ്രദ്ധേയമാണ്. പിന്നീട് ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായപ്പോഴും അദ്ദേഹത്തിന് തിടുക്കം കേരളത്തിലേക്ക് മടങ്ങുക എന്നതായിരുന്നു.

അതായിരുന്നു ഉമ്മന്‍ചാണ്ടി. ഒരു പക്ഷേ കോണ്‍ഗ്രസില്‍ അങ്ങനെയാകാന്‍ അദ്ദേഹത്തിന് മാത്രമെ കഴിയുമായിരുന്നുള്ളു. ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാതെ തന്നെ കോണ്‍ഗ്രസിന്റെ ദേശീയ നേതാവായി ഉമ്മന്‍ചാണ്ടി വന്നതും ചരിത്രം.

Advertisment