Advertisment

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പടുക്കുമ്പോള്‍ മക്കള്‍ ആരോപണങ്ങളും കണ്ണട, ഉഴുച്ചില്‍, പിഴിച്ചില്‍ വിവാദങ്ങളും സര്‍ക്കാരിന് തലവേദനയാകുന്നു ! കോണ്‍ഗ്രസും ബിജെപിയും തിരക്കിട്ട നീക്കങ്ങളിലേക്ക് കടക്കുമ്പോള്‍ സിപിഎം ക്യാമ്പില്‍ അങ്കലാപ്പ് ! സ്ഥാനാര്‍ഥിയെ ചൊല്ലിയും കൂട്ടുകെട്ടുകളിലും ആശയക്കുഴപ്പം ?

New Update

തിരുവനന്തപുരം:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉയര്‍ന്നുവരുന്ന മക്കള്‍ ആരോപണങ്ങളും കണ്ണട, ഉഴുച്ചില്‍ പിഴിച്ചില്‍ ചിലവ് വിവാദങ്ങളും സര്‍ക്കാരിന് തലവേദനയാകുന്നു. ഭരണകക്ഷിയെന്ന നിലയില്‍ ഉപതെരഞ്ഞെടുപ്പ് വിജയം അനിവാര്യമാണെന്നതിന് പുറമേ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുകയെന്ന കടുത്ത വെല്ലുവിളി കൂടി ചെങ്ങന്നൂരില്‍ സി പി എമ്മിനുണ്ട്.

Advertisment

അതിനിടയിലാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിശ്ചായ തകര്‍ക്കുന്ന വിവാദങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുന്നത്.  വരുന്ന വര്‍ഷം നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ട്രയല്‍ റണ്ണായി മാറേണ്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഒട്ടും നിസാരമല്ലെന്ന തിരിച്ചറിവ് സി പി എമ്മിനുണ്ട്.

publive-image

മറുപക്ഷത്ത് കോണ്‍ഗ്രസും ബി ജെ പിയും വാശിയോടെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കെ ഇടതുപക്ഷത്തെ അമാന്തം തുടക്കത്തില്‍ തന്നെ നില പരുങ്ങലിലാക്കുമെന്ന സന്ദേശം പ്രവര്‍ത്തകര്‍ക്കുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ വിവാദത്തിലാണ്. മകന്‍ ബിനോയ്‌ കോടിയേരിയുടെ ദുബായ് ബിസിനസ് ബന്ധങ്ങളുടെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ പാര്‍ട്ടിയ്ക്ക് ആകെ തലവേദനയാണ്. അതിനിടെ തൊട്ട് സമീപത്തുള്ള ചവറ മണ്ഡലം എം എല്‍ എ വിജയന്‍ പിള്ളയും മകനെതിരായ സമാന ആരോപണങ്ങളുടെ പേരില്‍ വിവാദങ്ങളിലാണ്. മുന്‍ മന്ത്രി ഇ പി ജയരാജന്റെ മകനെതിരെയും പുതിയ ആരോപണങ്ങള്‍ ഇന്ന് നിയമസഭയില്‍ വന്നിരിക്കുകയാണ്.

അനില്‍ അക്കര എം എല്‍ എയാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മന്ത്രി കെ കെ ശൈലജ മുതല്‍ ധനമന്ത്രി തോമസ്‌ ഐസക്കും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വരെയും ചികിത്സാ ചിലവ് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. അതിനിടെ പ്രതിപക്ഷ നേതാവിനെതിരെ സമാന ആരോപണം ഉയര്‍ന്നിരിക്കുന്നത് മാത്രമാണ് ഇടത് മുന്നണിയ്ക്ക് അല്‍പമൊരാശ്വാസം.

publive-image

ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയമാണ് സി പി എമ്മിന്റെ അടുത്ത തലവേദന. കോണ്‍ഗ്രസും ബി ജെ പിയും തങ്ങളുടെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയിലാണ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസില്‍ മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ധാരണ ആയിട്ടുണ്ട്.

ബി  ജെ പിയില്‍ മുന്‍ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍ പിള്ളയുടെ പേരിനാണ് മുന്‍‌തൂക്കം. ഇരുവരും ചെങ്ങന്നൂരിനെ സംബന്ധിച്ച് ശക്തരായ സ്ഥാനാര്‍ഥികളാണ്.  ഇരു മുന്നണികള്‍ക്കും ചെങ്ങന്നൂരിലെ വിജയം അനിവാര്യവുമാണ്. അതിനിടയില്‍ നിന്ന് വേണം ഒരിക്കലും വഴുതിപ്പോകാത്തവിധം സി പി എമ്മിന് വിജയം ഉറപ്പിക്കേണ്ടത്. അത് നിലവിലെ സാഹചര്യത്തില്‍ ശ്രമകരമായ ദൗത്യമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

publive-image

കഴിഞ്ഞ തവണ രാമചന്ദ്രന്‍നായരുടെ ജനകീയതയായിരുന്നു 3 തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് കയ്യടക്കിവച്ച ചെങ്ങന്നൂര്‍ തിരികെ പിടിക്കാന്‍ ഇടത് മുന്നണിയ്ക്ക് സഹായകമായതെങ്കില്‍ ഇത്തവണ ആ അനുകൂല സാഹചര്യമില്ല. പകരം ജനകീയ നേതാവും മുന്‍ എം പിയുമായ സി എസ് സുജാതയെ രംഗത്തിറക്കണമെന്ന അഭിപ്രായത്തിനാണ് സി പി എമ്മില്‍ മുന്‍തൂക്കം. അതേസമയം, സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാനെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

പാര്‍ലമെന്‍ററി രംഗത്തേക്ക് കടന്നുവരാന്‍ അദ്ദേഹത്തിനും ഏറെ താല്പര്യമുണ്ട്. എന്നാല്‍ ശക്തരായ വിഷ്ണുനാധിനും ശ്രീധരന്‍ പിള്ളയ്ക്കും ഇടയില്‍ സജി ചെറിയാന്റെ സാധ്യതയാണ് സി പി എം പരിശോധിക്കുന്നത്.

ചെങ്ങന്നൂരില്‍ ഇഞ്ചോടിഞ്ച് ത്രികോണ മത്സരം ശക്തമാണെന്നിരിക്കെ ആര് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നതും പ്രധാനമാണ്. ബി ജെ പിയ്ക്ക് മൂന്നാം സ്ഥാനമാണ് പരിചിതമെങ്കിലും യു ഡി എഫ്, എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാല്‍ അതവര്‍ക്കുണ്ടാക്കുന്ന പ്രഹരം ചെറുതായിരിക്കില്ല. അതിനാല്‍ തന്നെ ബി ഡി ജെ എസ്, എന്‍ എസ് എസ്, കേരളാ കോണ്‍ഗ്രസ് (മാണി) എന്നിവരെയൊക്കെ ഒപ്പം കൂട്ടിയുള്ള പരീക്ഷണത്തിനാണ് സി പി എം ശ്രമിക്കുക.

chengannur byelection
Advertisment