Advertisment

അമൂല്യ രത്നം, തികച്ചും ദൈവദാസന്‍ , ഗീവറുഗീസ് മാര്‍ ദിവന്നാസിയോസ് 

New Update

സൂറിച്ച്:  തികഞ്ഞ കലാസ്നേഹി, നല്ല സംഗീതഞ്ജന്‍, അതിലുപരി ശരിയായ കലാകാരന്‍, സര്‍വ്വോപരി ദൈവ സ്നേഹത്താല്‍ മനുഷ്യ ഹൃദയങ്ങളെ കീഴടക്കിയ കര്‍മ്മ യോഗി ഇതായിരുന്നു. ദിവംഗതനായ ഞങ്ങളുടെ പ്രിയപ്പെട്ട തിരുമേനി ഗീവറുഗീസ് മാര്‍ ദിവന്നാസിയോസ്.

Advertisment

അദ്ദേഹം തന്റെ ജീവിത ചര്യയിലൂടെ ആരാധനയിലൂടെയും നിരവധി വ്യക്തികളെ ( യൂറോപ്യരെയടക്കം ) ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹത്തിന്‍റെ ക്രൈസ്തവ വിശ്വാസം  തന്നെയായിരുന്നു ജീവിതവും .

publive-image

അദ്ദേഹം എന്നും ഓര്‍മ്മിപ്പിക്കുമായിരുന്നു, നീണ്ട ജീവിതം നയിക്കുക എന്നതിനേക്കാള്‍ പ്രധാനം , തങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് അനുഗ്രഹമേകുന്ന ധന്യമായ ഹ്രസ്വ ജീവിതം നയിക്കുന്നതാണ്. ബത്തേരിക്കാരുടെ പ്രിയപ്പെട്ട തിരുമേനി എല്ലാ അര്‍ഥത്തിലും അമൂല്യ വ്യക്തിത്വത്തിനുടമയും പ്രാര്‍ഥനാ നിര്‍ഭരമായ ജീവിത ശൈലിയുടെ നിറകുടവുമായിരുന്നു.

ബത്തേരിയുടെയും പിന്നീട് പുത്തൂര്‍ രൂപതയുടെയും മെത്രാനായിരുന്ന അദ്ദേഹവുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുവാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നായി ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ദൈവത്തിന്റെ സഭയ്ക്ക് ഞാനടക്കമുള്ള നിരവധി പ്രേഷിത പ്രവര്‍ത്തകരെ കണ്ടെത്തിക്കൊടുത്ത ഒരു ശ്രേഷ്ഠ പുരോഹിതന്‍ കൂടിയാണ്.

publive-image

തിരുമേനിയുമായി ഒരിക്കലെങ്കിലും സംസാരിക്കേണ്ടി വന്ന ഏതൊരു വ്യക്തിക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലേയും വാക്കിലുമുള്ള ദൈവിക സ്നേഹം അനുഭവിക്കുവാന്‍ സാധിച്ചിരിക്കും. ആ അനേകരെപ്പോലെ ഞാനും ആ പിതാവിലെ ദൈവിക സ്നേഹവും ശക്തമായ ദൈവ വിശ്വാസവും  ഏറെ ആസ്വദിച്ചിട്ടുണ്ട്.

ജര്‍മനിയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും രൂപതകളിലെ അദ്ദേഹത്തിന്‍റെ സന്ദര്‍ശനങ്ങളിലൂടെ ഏറെ സ്നേഹിതരെയും അനുയായികളെയും നേടുവാന്‍ അദ്ദേഹത്തിനായി.

publive-image

അവസാനം എല്ലാവരെയും പോലെ  തിരുമേനിയെയും ,  നിത്യതയുടെ ആ  സ്വര്‍ഗീയ ഭവനത്തിലേക്ക് ദൈവം തമ്പുരാന്‍ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ദുഖാര്‍ത്തരായ അനേകം മക്കളോടൊപ്പം ആ നല്ല പിതാവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഞാനും ചേരുന്നു.

വയനാട് കിഴക്കരക്കാട്ട് കുടുംബാംഗമായ ലേഖകന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ കൂര്‍ രൂപതയിലെ എഗ്ഗ് സെ. ആന്റണീസ് ദേവാലയത്തിലെ വികാരിയായി സേവനമനുഷ്ടിക്കുന്നു.

Advertisment