Advertisment

യമൻ യുദ്ധത്തടവുകാരുടെ കൈമാറ്റം തുടങ്ങി; ഇറാൻ - സൗദി സൗഹൃദ നീക്കം ആരംഭിച്ച പശ്ചാത്തലത്തിൽ എങ്ങും പ്രത്യാശ

New Update

publive-image

Advertisment

ജിദ്ദ: യമൻ കലാപത്തിൽ ഇരുപക്ഷത്തുമായി പിടിയിലായ തടവുകാരുടെ പരസ്പര കൈമാറ്റം സംബന്ധിച്ച് സ്വിറ്റ്‌സർലൻഡിലെ ബേണിൽ വെച്ചുണ്ടാക്കിയ കരാർ നടപ്പായിത്തുടങ്ങി. ഹൂഥികളുടെ പിടിയിൽ പെട്ട മുൻ പ്രതിരോധ മന്ത്രി മേജർ ജനറൽ മഹ്മൂദ് അൽ സുബൈഹി, മുൻ പ്രസിഡന്റിന്റെ സഹോദരൻ മേജർ ജനറൽ നാസർ മൻസൂർ ഹാദി തുടങ്ങിയവർ ഉൾപ്പെട്ട തടവുകാരുടെ ആദ്യ സംഘം ഹൂഥികളുടെ തലസ്ഥാനമായ സൻആയിൽ നിന്ന് നിയമാനുസൃത യമൻ സർക്കാരിന്റെ ആസ്ഥാനമായ ഏദനിലെ വിമാനത്താവളത്തിൽ വെള്ളിയാഴ്ച എത്തി.

വെള്ളിയാഴ്ച ഇരു ദിശകളിലേയ്ക്കുമായി നാല് വിമാനങ്ങളാണ് ഏദനിലും സൻആയിലും എത്തുക. ഹൂഥി തടവുകാരുമായി ഏദനിൽ നിന്ന് സൻആയിലേയ്ക്കും അറബ് പിന്തുണയുള്ള തടവുകാരുമായി സൻആയിൽ നിന്ന് ഏദനിലയ്ക്കും മൊത്തം 320 തടവുകാരുടെ കൈമാറ്റം വെള്ളിയാഴ്ച്ച മാത്രം ഉണ്ടാകും. ആദ്യ ദിനം 249 ഹൂഥി തടവുകാരും 70 മറുവിഭാഗം തടവുകാരുമാണ് കൈമാറ്റം ചെയ്യപ്പെടുക.

publive-image

മൊത്തം 887 തടവുകാരാണ് കൈമാറ്റം ചെയ്യപ്പെടുക. ഇവരിൽ ബഹുഭൂരിഭാഗം ഹൂഥി തടവുകാരാണ്. മൂന്ന് ദിവസങ്ങളിലായാണ് മുഴുവൻ പേരുടെയും കൈമാറ്റം പൂർത്തിയാവുക.

ഇരു ഭാഗങ്ങളിലേയ്ക്കുമുള്ള വിമാനങ്ങൾ രണ്ടിടങ്ങളിൽ നിന്നും ഒരേ സമയത്താണ് ഉയർന്നു പൊങ്ങിയത്. ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയുടെ മാധ്യമ ഉപദേഷ്ടാവ് ജെസിക്ക മോസൻ അറിയിച്ചതാണ് ഇക്കാര്യങ്ങൾ.

ഇറാൻ പിന്തുണയുള്ള ഹൂഥി മിലീഷ്യ നടത്തിയ അട്ടിമറിയിലൂടെ 2014 തുടങ്ങിയ യമൻ യുദ്ധത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ വലിയ തടവുകാരുടെ കൈമാറ്റമാണ് ഇപ്പോൾ നടക്കുന്നത്. ഇറാൻ - സൗദി സൗഹൃദ നീക്കം തുടങ്ങിക്കഴിഞ്ഞ പശ്ചാത്തലത്തിൽ ഇരുപക്ഷത്തും പണ്ടില്ലാത്ത സഹവർത്തിതമാണ് തടവുകാരുടെ കൈമാറ്റത്തിലും കാണാൻ കഴിയുന്നത്.

Advertisment