Advertisment

യുക്മ കേരളാപൂരം വള്ളംകളി - 2022 ഒരുക്കങ്ങൾ പാരമ്യത്തിലേക്ക്.....സെലിബ്രിറ്റി ഗസ്റ്റായി മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ....യുവസംവിധായകൻ വിഷ്ണു മോഹനും എത്തുന്നു....

author-image
അലക്സ് വര്‍ഗീസ്‌
Updated On
New Update

publive-image

Advertisment

യുക്മ കേരളാപൂരം വള്ളംകളി - 2022 ന് ആവേശം പകരാൻ മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകൻ, മേപ്പടിയാൻ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്‌ ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായ ഉണ്ണി മുകുന്ദൻ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദൻ നല്ലൊരു ഗായകനും ചലച്ചിത്ര നിർമ്മാതാവും കൂടിയാണ്.

2011 ൽ ഇറങ്ങിയ സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി മുകുന്ദൻ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതിലധികം ചിത്രങ്ങളിൽ തന്റെ അഭിനയ പാടവം തെളിയിച്ച് കഴിഞ്ഞു. 2011 ൽ ഇറങ്ങിയ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച ഉണ്ണി മുകുന്ദൻ ആദ്യ വർഷം തന്നെ മല്ലൂസിംഗ് ഉൾപ്പടെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങിയ ഉണ്ണി മുകുന്ദൻ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക നടൻമാർക്കൊപ്പവും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുണ്ട്.

2021 ൽ യുവസംവിധായകൻ വിഷ്ണു മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മേപ്പടിയാനിലെ നായക വേഷം ജയക്രിഷ്‌ണൻ, ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക്കെല്ലാണ്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസാണ് മേപ്പടിയാൻ എന്ന ചിത്രം നിർമ്മിച്ചത്. നല്ലൊരു ഗായകൻ കൂടിയായ ഉണ്ണി മുകുന്ദൻ 2017 ൽ പുറത്തിറങ്ങിയ അച്ചായൻസിലെ "അനുരാഗം പുതുമഴ പോലെ" എന്ന ഗാനം ഉൾപ്പടെ ആറോളം ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ജെ സി ഡാനിയൽ ഫൌണ്ടേഷൻ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള നടൻ കുടുതൽ മികച്ച ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.

മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ യുവ സംവിധായകരുടെ നിരയിൽ ശ്രദ്ധേയനായി മാറിയ വിഷ്ണു മോഹൻ മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്ത് കൂടിയാണ്.

വള്ളംകളിയുടെ ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നതിനിടയിൽ വന്ന ഈ വാർത്ത സംഘാടകരുടെ ആത്മവിശ്വാസം വാനോളമുയർത്തിയിരിക്കുന്നതിനൊപ്പം കാണികളായി എത്തിച്ചേരുന്നവർക്കും ഉണ്ണി മുകുന്ദനെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം ആവേശകരമാകും.

Advertisment