Advertisment

തരൂരിനെ തറവാടി നായരെന്ന് വിളിച്ച സുകുമാരന്‍ നായര്‍ ആരാണ് തറവാടികളല്ലാത്ത നായന്മാരെന്നുകൂടി പറയുക. അവയില്‍ ആരുടെ നേതാവാണ് സുകുമാരന്‍ നായരെന്നുകൂടി പറയണം - പ്രതികരണത്തില്‍ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

ഡോ. ശശി തരൂർ നല്ല തറവാടി നായരാണ് എന്ന് പറഞ്ഞത് മറ്റാരുമല്ല. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സാക്ഷാൽ ജി.സുകുമാരൻ നായർ. അപ്പോൾ സാമാന്യ ബുദ്ധിക്ക് ചിന്തിച്ചാൽ മനസ്സിലാകുന്ന കാര്യമെന്താണ് ?


തറവാടികൾ അല്ലാത്ത നായൻമാരും ഉണ്ട് എന്നല്ലേ ? നായൻമാരുടെ നേതാവ് ആണ് ഈ പറഞ്ഞിരിക്കുന്നത്. അപ്പോൾ അദ്ദേഹം പറയേണ്ടത് ഇതിൽ ഏത് വിഭാഗത്തിന്റെ നേതാവാണ് താൻ എന്നാണ്.


ഇതിൽ പരം ഒരു സമുദായത്തെ അധിക്ഷേപിക്കാനുണ്ടോ ? ഈ പരാമർശം മൂലം തരൂരിനുണ്ടായ ദോഷം ചില്ലറയല്ല. തരൂരിന് മുമ്പോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കേണ്ടി വന്നു. രമേശ് ചെന്നിത്തല ഈ വെട്ടിൽ വീഴാത്തതാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്.

സത്യത്തിന്റെ കണിക പോലുമില്ലാത്ത സുകുമാരൻ നായരുടെ മറ്റൊരു പരാമർശവും സമൂഹത്തിൽ അവമതിപ്പുണ്ടാക്കി. 20 21 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെടാൻ കാരണം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിൽ എവിടെയാണ് സത്യം ? രമേശ് ചെന്നിത്തലയുടെ പ്രാമുഖ്യം ഇല്ലാതാക്കാൻ സുകുമാരൻ നായരുടെ ആശീർവാദത്തോടെ അവസാനം ഉമ്മൻ ചാണ്ടിയെ ഉയർത്തിക്കൊണ്ടുവന്നത് അദ്ദേഹം മറന്ന് പോയോ ? അങ്ങിനെയെങ്കിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാൻ പിടിച്ച ഉമ്മൻ ചാണ്ടിയല്ലേ തോൽവിക്ക് കാരണം ?

വസ്തുത മറച്ച് വച്ച് നടത്തുന്ന ഇത്തരം പ്രസ്താവനകൾ ആരും മുഖവിലയ്ക്കെടുക്കില്ല. ഭരണമാറ്റം അനിവാര്യം എന്ന് വോട്ടെടുപ്പ് ദിവസം രാവിലെ സുകുമാരൻ നായർ പറഞ്ഞത് എൽ.ഡി.എഫ് ക്യാമ്പിനെ ഉഷാറാക്കുകയാണ് ചെയ്തത്.

ഡോ.ശശി തരൂർ ചിന്തിക്കുന്നത് മുസ്ലീം, ക്രിസ്ത്യൻ, നായർ സമുദായ നേതാക്കളെ കൈയ്യിലെടുത്താൽ മുഖ്യമന്ത്രി ആവാമെന്നാണ്. ഇത് തികച്ചും തെറ്റായ ധാരണയാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവാണ്. മുസ്ലീം ലീഗാണോ ഇതാരാണെന്ന് തീരുമാനിക്കുന്നത് ? അല്ലെങ്കിൽ സുകുമാരൻ നായരാണോ തീരുമാനിക്കുന്നത് ?

ഒന്നുകിൽ കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കും. അല്ലെങ്കിൽ കോൺഗ്രസ് നിയമസഭാ കക്ഷി തീരുമാനിക്കും. നിയമസഭാ കക്ഷിയിൽ ഇന്നലെ സംസ്ഥാന രാഷ്ട്രീയത്തിൽ വന്ന തരൂരിന് എങ്ങിനെ ഭൂരിപക്ഷം ലഭിക്കും ? തരൂർ അനുകൂലികളായ എത്ര പേർക്ക് മത്സരിക്കാൻ സീറ്റ് കിട്ടും ?

ഹൈക്കമാൻഡ് ഒരിക്കലും തരൂരിനെ പിന്തുണയ്ക്കില്ല. തരൂർ ഒരു എം.എൽ.എയോ അല്ലെങ്കിൽ ഒരു മന്ത്രിയോ ആകുമായിരിക്കും. അതിനപ്പുറം പ്രതീക്ഷിക്കുന്നത് അബദ്ധമായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ കർട്ടന് പുറകിലാക്കി ഉമ്മൻ ചാണ്ടിയെ മുൻ നിരയിൽ പ്രതിഷ്ഠിച്ചത് പൊതുവെ അമർഷത്തിന് കാരണമായിട്ടുണ്ട്. ഒരു വിഭാഗം ഹൈന്ദവ വോട്ടുകൾ ഇത് മൂലം ഇടത് മുന്നണിക്ക് ലഭിക്കുകയും ചെയ്തു.

ഒരു സമദായ നേതാവോ ബിഷപ്പോ പറഞ്ഞുവെന്നതു കൊണ്ട് മാത്രം ഭരണമാറ്റം ഉണ്ടാകില്ല. ഭരണ വിരുദ്ധ വികാരം സമൂഹത്തിൽ ഉണ്ടാകണം. ഇതിന് തരൂർ അവശ്യ ഘടകമൊന്നുമല്ല. ജനം തീരുമാനിച്ചാൽ ഭരണമാറ്റം ഉണ്ടാകും.

വാൽക്കഷ്ണം: നായൻമാരെ രണ്ട് തട്ടിലാക്കി അപമാനിച്ച സുകുമാരൻ നായരെ മിക്കവാറും നായൻ മാർ തന്നെ ഒരു പാഠം പഠിപ്പിക്കും.

Advertisment