Advertisment

ഉമ്മന്‍ ചാണ്ടിക്ക് സംഭവിച്ചത് അര്‍ബുദം സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കുണ്ടായ അജ്ഞതയോ ? ക്യാന്‍സര്‍ ബാധിച്ചു മരിച്ച അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെ രോഗാവസ്ഥയും ഉമ്മന്‍ ചാണ്ടിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നു. ടിഎം ജേക്കബ്ബിന്‍റെ മരണകാരണം ക്യാന്‍സറല്ല, കൊടിയേരിയുടെയും കാര്‍ത്തികേയന്‍റേതും ഭേദപ്പെടുത്താന്‍ ദുഷ്കരമായ ക്യാന്‍സര്‍ വകഭേദങ്ങളും ! ടിഎന്‍ ഗോപകുമാറിന്‍റേതും അതുതന്നെ. ഉമ്മന്‍ ചാണ്ടിയുടേത് ഏറ്റവും തീവ്രത കുറഞ്ഞതും ആദ്യ സ്റ്റേജില്‍ തന്നെ കണ്ടുപിടിക്കപ്പെട്ടതും, എന്നിട്ടും ? - പ്രതികരണത്തില്‍ തിരുമേനി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയെ ചുറ്റിപ്പറ്റിയുള്ള വിവാദം അതിന്റെ ക്ലൈമാക്സിൽ എത്തിയിരിക്കുകയാണ്. അതിന്റെ കാരണം ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി. ചാണ്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ്. മകൻ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന് മുന്തിയ ചികിത്സ നൽകുന്നില്ല എന്നും മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നുമായിരുന്നു പരാതിയിൽ.

എന്തായാലും സർക്കാർ ഉണർന്ന് പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ ചികിത്സക്കായി സർക്കാർ ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ഇനി ചികിത്സ നിശ്ചയിക്കുന്നത് ഈ മെഡിക്കൽ ബോർഡിന്റെ കൂടി അഭിപ്രായം കണക്കിലെടുത്തായിരിക്കും.

ഇവിടെ എന്താണ് സംഭവിച്ചത്. ഒറ്റവാക്കിൽ പറഞ്ഞാൽ അസുഖത്തെക്കുറിച്ചുള്ള അജ്ഞതയാണ്. 2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽക്കുകയും പ്രതിപക്ഷത്തേക്ക് മാറുകയും ചെയ്തു. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ നിർദ്ദേശിക്കുകയും ചെയ്തു.


ആ സമയത്താണ് ഉമ്മൻ ചാണ്ടിയുടെ വോക്കൽ കോഡിൽ ഒരു ചെറിയ മുഴ( Nodule) ഉണ്ടെന്നും അത് അർബുദത്തിന്റെ തുടക്കമാണെന്നും വാർത്ത വെളിയിൽ വരുന്നത്. സാധാരണ ഗതിയിൽ അന്ന് തന്നെ ലളിതമായി ചികിത്സിച്ച് മാറ്റാവുന്ന ഒന്നായിരുന്നു അത്.


അർബുദമാണോ എന്നറിയണമെങ്കിൽ സർജറി നടത്തി ആ ഭാഗം ബയോപ്സിക്ക് അയക്കണം. സർജറി നടത്തിയാൽ ശബ്ദം പോകുമെന്ന് ആരോ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കണം. അവർ സർജറിക്ക് തയ്യാറായില്ല. ക്യാൻസർ ആണെങ്കിൽ തന്നെ ആ ഭാഗം നീക്കം ചെയ്ത് കീമോതെറാപ്പി നടത്തുക എന്നതാണ് ചികിത്സാ രീതി.

ശബ്ദം പതിയെ തിരികെ കിട്ടുകയും വർഷങ്ങളോളം രോഗി ഒരു ആരോഗ്യ പ്രശ്നവുമില്ലാതെ ജീവിക്കുകയും ചെയ്യും. വോക്കൽ കോഡിൽ ക്യാൻസർ വന്നാല്‍ ചികിത്സിച്ച് ഭേദമാകാത്ത കേസുകള്‍ വളരെ കുറവായിരിക്കും.

ഇവിടെ സംഭവിച്ചത് കുടുംബാംഗങ്ങൾ ക്യാൻസർ എന്ന് അറിഞ്ഞപ്പോഴേ തന്നെ വിധി പ്രഖ്യാപിച്ചു. ചികിത്സ കൊണ്ട് ഫലമില്ല എന്നും പ്രാർത്ഥന കൊണ്ട് മാറ്റാമെന്നും അവർ തീരുമാനിച്ചിരിക്കണം. എന്നാൽ ഇവരെല്ലാം നല്ല അറിവും വിവേകവും ഉള്ളവരാണ്.

സ്വകാര്യ സംഭാഷണത്തിൽ ഇവർ പറഞ്ഞതായറിയാൻ കഴിഞ്ഞത് ക്യാൻസർ ചികിത്സ നടത്തിയിട്ടും സുഹൃത്തുക്കളായിരുന്ന ചില വ്യക്തികൾ മരണപ്പെട്ടതിനെക്കുറിച്ചാണ്. ജി.കാർത്തികേയൻ, കോടിയേരി ബാലകൃഷ്ണൻ, ടി.എം. ജേക്കബ് ഈ മൂന്ന് പേരും കാന്‍സര്‍ ബാധിച്ചിട്ട് ചികില്‍സ നടത്തിയിട്ടും മരണത്തിന് മുന്നില്‍ കീഴടങ്ങിയത് അവര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിൽ ടി.എം. ജേക്കബ് മരിച്ചത് ക്യാൻസർ മൂലമല്ല. രക്തം സ്വീകരിച്ചപ്പോൾ ഹെപ്പറ്റൈറ്റിസ് ബി അണു അദ്ദേഹത്തിന്റെ ശരീരത്തിൽ കടന്ന് കൂടുകയും ലിവർ തകരാറിലാവുകയും മരണപ്പെടുകയുമാണ് ചെയ്തത്.


ജി.കാർത്തികേയന് ലിവർ ക്യാൻസർ ആയിരുന്നു. ലിവർ സിറോസിസ് രണ്ട് തരത്തിൽ ഉണ്ടാകും. ആൽക്കഹോളിക് സിറോസിസും നോൺ ആൽക്കഹോളിക് സിറോസിസും . മദ്യം ഉപയോഗിക്കുന്ന വ്യക്തി അല്ലാതിരുന്നിട്ടും ജി.കാർത്തികേയന് സിറോസിസ് ഉണ്ടാവുകയും അത് ക്യാൻസറിലേക്ക് രൂപാന്തരം പ്രാപിക്കുകയുമാണുണ്ടായത്. ലിവർ ക്യാൻസറിന് കാര്യമായ ചികിത്സ ഇല്ല. കീമോതെറാപ്പി കൊണ്ട് കുറേ നാളത്തേക്ക് രോഗിയുടെ ജീവൻ പിടിച്ച് നിർത്താമെന്നേയുള്ളു. ഏഷ്യാനെറ്റ് ന്യൂസിലെ ടി.എൻ. ഗോപകുമാറിനും കരളിൽ അർബുദമായിരുന്നു.

എന്നാൽ കോടിയേരി ബാലകൃഷ്ണന് ക്യാൻസർ പാൻക്രിയാസിൽ ആയിരുന്നു. ഇതിന് ഒരു പരിധിവരെ ശാശ്വതമായ ചികിത്സ ഇല്ല. കീമോതെറാപ്പിയിലൂടെ കുറേ നാൾ പോകാം എന്നേയുള്ളു.


എന്നാൽ ചികിത്സിച്ച് പൂർണമായും മാറ്റാവുന്ന ക്യാൻസർ ആണ് പ്രോസ്ട്രേറ്റ് ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ, യൂറിനറി ബ്ലാഡറിലെ ക്യാൻസർ, വോക്കൽ കോഡിലെ ക്യാൻസർ, വായിലെ ക്യാൻസർ, ബ്ലെഡ് ക്യാൻസർ എന്നിവ. ഇതിനെല്ലാം ആധുനിക ചികിത്സാരീതികളും മരുന്നുകളും ഉണ്ട്.


പ്രോസ്ട്രേറ്റിലായാലും ബ്രെസ്റ്റിലായാലും ബ്ലാഡറിലായാലും കുടലിൽ ആയാലും ആ ഭാഗം മുറിച്ച് നീക്കി റേഡിയേഷനോ കീമോതെറാപ്പിയോ നൽകുകയാണ് ചെയ്യുന്നത്. കീമോയുടെ സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിച്ചാൽ രോഗി ആരോഗ്യവാനായിരിക്കും. ശ്വാസകോശത്തിലെ ക്യാൻസർ ചികിത്സിച്ച് ഭേദമാക്കാൻ എളുപ്പമല്ല.

ഇവിടെ ഒന്നാമത്തെ സ്റ്റേജിൽ ഉമ്മൻ ചാണ്ടിയുടെ അസുഖം കണ്ടെത്തിയതാണ്. പലരുടേയും രണ്ടും മൂന്നും സ്റ്റേജുകളിലാണ് അറിയാൻ കഴിയുന്നത്. എന്നിട്ടും അവര്‍ ചികില്‍സയിലൂടെ രക്ഷപെടുന്നു.

നല്ല രീതിയിൽ ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാമായിരുന്ന ഉമ്മൻ ചാണ്ടി എന്ന നേതാവിനെ ചികിത്സിച്ച് വഷളാക്കി ഈ രൂപത്തിൽ എത്തിച്ചത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വിവരമില്ലായ്മ ഒന്ന് മൂലമാണ്. പ്രാര്‍ഥനയും ആയുര്‍വേദ ചികില്‍സയുമൊക്കെ നല്ലതാണ്. പക്ഷേ എല്ലാ രോഗത്തിനും അത് സാധ്യമല്ല. കാന്‍സറിന് പ്രത്യേകിച്ചും. കേരളം കണ്ട മികച്ച ഒരു മുഖ്യമന്ത്രിയുടെ ജീവൻ ഇങ്ങിനെ പന്താടാൻ സമ്മതിക്കുന്നത് തികച്ചു ദൗർഭാഗ്യകരമാണ് എന്ന് മാത്രം പറയട്ടെ.

Advertisment