Advertisment

പോലീസ്, കോടതി, നിയമം, ജനാധിപത്യം, ജനഹിതം... കേരളത്തിൽ ഭരണം കണ്ടാൽ ഇതൊക്കെ നാട്ടിലുണ്ടോയെന്ന സംശയം തോന്നാതിരുന്നാലല്ലേ കുഴപ്പം. കുറയ്ക്കണമെന്ന് പറഞ്ഞപ്പോൾ ഇന്ധന വില രണ്ടു രൂപ കൂട്ടി. അത് കിറ്റ് വാങ്ങിയവർക്കുള്ള പാരിതോഷികം ! ഇങ്ങനെ പോയാൽ കുത്തുപാള... ഉറപ്പ് - പ്രതികരണത്തിൽ തിരുമേനി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തുടർ... ഭരണം കിട്ടിയതിന്റെ ലഹരിയിലാണ് ഇപ്പോഴും കേരളത്തിലെ സഖാക്കൾ. എന്തും ചെയ്യാമെന്ന ധാർഷ്ട്യം. കോടതിയില്ല, നിയമമില്ല, മര്യാദയില്ല, ജനാധിപത്യ ബോധവുമില്ല. കേരളം തങ്ങൾക്ക് തീറെഴുതി ലഭിച്ചതാണ് എന്ന അഹങ്കാരം തലയ്ക്ക് പിടിച്ച വലിയ സഖാക്കളും കുട്ടി സഖാക്കളും.

രാഷ്ട്രീയ പ്രവർത്തനത്തിന്റെ മറപറ്റി ചിലർ ക്വാറി ബിസിനസ് നടത്തുന്നു. മദ്യമാഫിയ, മണ്ണ് മാഫിയ, മണൽ മാഫിയ, മയക്ക്മരുന്ന് മാഫിയ ഇവരൊക്കെയാണ് ഇന്ന് കേരളം ഭരിക്കുന്നത്. സംസ്ഥാനമൊട്ടാകെ ഗുണ്ടകൾ അഴിഞ്ഞാടുന്നു.

സ്ത്രീ പീഡനം ദിവസേന ഏറി വരുന്നു. പോലീസിന്റെ കെയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. ഭരണപ്പാർട്ടിക്കാർ പ്രതികളായി വരുന്ന കുറ്റകൃത്യങ്ങളിൽ കേസ് എടുക്കാൻ പോലീസിന് ഭയമാണ്. പോലീസ് തലപ്പത്തുള്ളവരെ നോക്കുകുത്തികളാക്കി പാർട്ടിക്കൂറുള്ള താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് ഭരണം.

കുത്തഴിഞ്ഞ പോലീസ് സംവിധാനം കേരളത്തിലെ ക്രമസമാധാനനില തകർത്തിരിക്കുന്നു. പട്ടാപ്പകൽ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. പ്രതികരിക്കുവാൻ എല്ലാവർക്കും ഭയമാണ്. പോലീസിനെ ഉപയോഗിച്ച് കേസെടുത്ത് അകത്താക്കും.


പൊതു സമൂഹത്തിന്റെ നൻമക്ക് വേണ്ടി ഹൈക്കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് ആ കടലാസിന്റെ വില പോലും സർക്കാർ  നൽകുന്നില്ല. റോഡിന്റെ അറ്റകുറ്റ പണികൾ അടിയന്തിരമായി നടത്തണം എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിച്ച അനവധി യാത്രക്കാർ കുഴികളിൽ വീണ് മരിക്കാൻ ഇടയായ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. പൊതു മരാമത്ത് വകുപ്പ് ഒന്നും ചെയ്തില്ല.


വകുപ്പ് സെക്രട്ടറിയെ ഹൈക്കോടതി വിളിച്ച് വരുത്തി. സർക്കാരിന് ഒരു നാണക്കേടും തോന്നിയില്ല. കുഴികളിൽ വീണ് ഇപ്പോഴും അപകടങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നു.

റോഡരുകുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്നതായിരുന്നു മറ്റൊരു ഉത്തരവ്. ഒന്നും സംഭവിച്ചില്ല. നിരത്തുകളുടെ ഇരുവശവും ഫ്ലക്സ് ബോർഡുകൾ തട്ടി നടക്കാൻ വയ്യാത്ത സ്ഥിതി. കോടതി ഭാഷ കടുപ്പിച്ചപ്പോൾ പിണറായി പറഞ്ഞത് ചിലർക്ക് ചുവപ്പ് കണ്ടാൽ ഹാലിളകുമെന്നാണ്.

ന്യായാധിപൻമാർക്ക് പോലും ഭയപ്പാടോടെ മാത്രമേ ജീവിക്കാൻ പറ്റു കേരളത്തിൽ. കൊച്ചിയിൽ ഒരു മജിസ്ടേറ്റിന്റെ വീട്ടുവളപ്പിൽ പാർട്ടിക്കാർ  കൊടി നാട്ടി. കേസ് എടുക്കാൻ പോലീസിന് പേടി. മജിസ്ട്രേറ്റ് നിസ്സഹായനായി നിൽക്കുന്നു.

എന്ത് ചെയ്താലും ആർക്കും ചോദിക്കാൻ പറ്റാത്ത അവസ്ഥ. പിൻവാതിൽ നിയമനം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങി സ്ഥിരം കലാപരിപാടികൾ വേറെ.


പച്ചക്കള്ളം പറയാൻ മടിയില്ലാത്ത മന്ത്രിമാർ. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടത് എല്ലാം വാങ്ങി വച്ചിട്ട് കേന്ദ്രം ഒന്നും തരുന്നില്ല എന്നാണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ വിലപിക്കുന്നത്. നാട്ടിൽ കൃഷിയില്ല, വ്യവസായമില്ല. നികുതിഭാരം ഇരട്ടിയാക്കുന്നു. കേന്ദ്രം പെട്രോളിയം ഉൽപന്നങ്ങളുടെ സെസ് കുറവ് ചെയ്തപ്പോൾ ഇവിടെ കുറച്ചില്ല എന്ന് മാത്രമല്ല ഇപ്പോൾ ബഡ്ജറ്റിൽ സെസ് 2 രൂപ വർദ്ധിപ്പിച്ചിരിക്കുന്നു.


വെള്ളക്കരവും കറന്റ് ചാർജും വർദ്ധിപ്പിച്ചു. ലോക കേരള സഭയ്ക്ക് വേണ്ടി കോടികൾ മുടിച്ചതല്ലാതെ ഇവിടെ ഒരു വ്യവസായവും വന്നില്ല. ആശുപത്രികളിൽ നേഴ്സുമാരേയും ഡോക്ടർമാരേയും ആക്രമിക്കുന്ന സംഭവം പതിവായിരിക്കുന്നു. ഭക്ഷ്യ വിഷബാധ മൂലം ദിവസേന നൂറു കണക്കിനാളുകൾ ആശുപത്രിയിൽ ആകുന്നു.

ജനങ്ങൾക്ക്  അവർക്ക് പ്രതിഷേധിക്കാൻ പറ്റുന്നത് പോളിങ് ബൂത്തിൽ ആണ്. ബംഗാളിലെ സ്ഥിതി ഇവിടെ വരാതെ നോക്കേണ്ടത് അവരാണ്.

വാൽക്കഷ്ണം

ആരേയും കുറ്റം പറയണ്ട... കിറ്റ് വാങ്ങി വോട്ട് കൊടുത്ത് ജയിപ്പിച്ചിട്ട് എന്ത് ന്യായം പറഞ്ഞിട്ട് എന്ത് കാര്യം ?

Advertisment