Advertisment

ഭക്തനായ സുരേഷ് ഗോപിയുടെ രൂക്ഷ ഭാഷയിലുള്ള വിദ്വേഷ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുമ്പോഴും വിശ്വാസിയായാലും അവിശ്വാസിയായാലും പൊതുവേ അറിയാൻ വലിയ താൽപര്യമില്ലാത്ത ചില കാര്യങ്ങളുണ്ട്. ഭാരതീയത പ്രകാരം എന്താണ് ഭക്തി ? ആരാണ് യഥാർത്ഥത്തിലുള്ള ഒരു ഭക്തൻ ? (പ്രതികരണം)

author-image
nidheesh kumar
New Update

publive-image

Advertisment

സുരേഷ് ഗോപി ഭക്തനെന്നു തന്നെയാണ് ആൾക്കാർ കരുതുന്നത്. യുക്തിവാദ നിരീശ്വരവാദ ലൈനുള്ളവർ സുരേഷ് ഗോപിയുടെ മനോനിലയെ ചൂണ്ടിക്കാണിച്ച് ഇതാണ് ഭക്തി ഇതാണ് ഭക്തന്റെ നിലവാരം എന്ന് സ്ഥാപിക്കാൻ തിടുക്കം കൂട്ടുകയും ചെയ്യുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും പറയുന്നവരിലും സുരേഷ് ഗോപി ഭക്തനാണെതിൽ രണ്ടഭിപ്രായം കാണുന്നില്ല. പൊതുബോധപ്രകാരം ഭക്തി - ഭക്തൻ ഇതൊക്കെത്തന്നെയാണ്.

എന്താണ് ഭക്തി - ആരാണ് ഭക്തൻ എന്നതിലെ നെല്ലും പതിരും തിരയേണ്ടത് അനിവാര്യമാകുന്നത് ഇവിടെയാണ്. എന്താണ് ഭാരതീയത ഭക്തി എന്നതു കൊണ്ടുദ്ദേശിക്കുന്നത് ? ഭക്തിയെത്തന്നെ കേന്ദ്ര പ്രമേയമാക്കിയ പ്രാചീനമായ നാരദ ഭക്തിസൂത്രം എന്ന ഗ്രന്ഥം നമ്മുടെ മുന്നിൽ വരുന്നത് അവിടെയാണ്.

സാ ത്വസ്മിൻ പരമ പ്രേമരൂപ - അത് പരമപ്രേമസ്വരൂപമാകുന്നു എന്നാണ് നാരദ ഭക്തിസൂത്രത്തിൽ നാരദന്റെ ആദ്യത്തെ പ്രഖ്യാപനം. പ്രേമത്തിന്റെ പരമസ്വരൂപമാണ് ഭക്തി എന്നു പറയുമ്പോൾ എന്താണതിന്റെ താൽപര്യം എന്നു ചിന്തിക്കുന്നവർക്കറിയാം. യത് പ്രാപ്യ ന കിഞ്ചിത് വാഞ്ചതി ന ശോചതി ന ദ്വേഷ്ടി - ഭക്തിയെ പ്രാപിച്ചവർ വിദ്വേഷത്തെ പ്രസരിപ്പിക്കുന്നവരല്ലെന്നാണ് നാരദൻ തുടർന്നു വ്യക്തമാക്കുന്നത്.

അതുപോലെ, ഭാരതീയ അധ്യാത്മികതയുടെ പരമപ്രമാണങ്ങളാണ് വേദത്തിന്റെ ജ്ഞാനപാരമ്യമായ ഉപനിഷത്തുക്കൾ. ഉപനിഷത്തുക്കളുടെ സാരസംഗ്രഹമായ ഭഗവദ് ഗീതയിലെ 12-ാം അധ്യായമായ ഭക്തിയോഗം ഭക്തനെപ്പറ്റി പറയുന്നതു നോക്കൂ.

അദ്വേഷ്ടാ സര്‍വ്വഭൂതാനാം

മൈത്രഃ കരുണ ഏവ ച

നിര്‍മമോ നിരഹങ്കാരഃ സമദുഃഖസുഖഃ ക്ഷമീ

സന്തുഷ്ടഃ സതതം യോഗീ യതാത്മാ ദൃഢനിശ്ചയഃ

മയ്യര്‍പിതമനോബുദ്ധിര്‍

യോ മദ്ഭക്തഃ സ മേ പ്രിയഃ

ഭഗവദ് ഗീത 12 ഭക്തിയോഗഃ 13, 14

ജീവജാലങ്ങളിൽ ഒന്നിനോടും ദ്വേഷമില്ലാത്തവനും തുല്യരോട് മൈത്രിയുള്ളവനും കഷ്ടത അനുഭവിക്കുന്നവരോട് കരുണയുള്ളവനും ഞാനെന്നും എന്റേതെന്നും ഭാവമില്ലാത്തവനും സുഖദുഃഖങ്ങളെ ഒരുപോലെയെന്ന് കണക്കാക്കുന്നവനും ക്ഷമയുള്ളവനും സന്തുഷ്ടനും യോഗനിഷ്ഠനും അവനവനെ നിയന്ത്രിക്കാൻ അറിയാവുന്നവനും ദൃഢനിശ്ചയമുള്ളവനും മനസ്സും ബുദ്ധിയും ആത്മവിശ്വാസപൂർവ്വം സമർപ്പണം ചെയ്തവനുമായ ഒരുവൻ ഉണ്ടെങ്കിൽ അവനാണ് യഥാർത്ഥത്തിൽ എന്റെ ഭക്തന്‍. അവനാണ് മറ്റാരെക്കാളും എനിക്കു പ്രിയപ്പെട്ടത്.

ഭക്തിയോഗം തുടർന്നു പറയുന്നതു നോക്കാം.

സമഃ ശത്രൌ ച മിത്രേ ച തഥാ മാനാപമാനയോഃ

ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവര്‍ജിതഃ

തുല്യനിന്ദാസ്തുതിര്‍മൗനീ സന്തുഷ്ടോ യേന കേനചിത്

അനികേതഃ സ്ഥിരമതിര്‍ഭക്തിമാന്‍ മേ പ്രിയോ നരഃ

18 -19

ശത്രുമിത്രങ്ങള്‍, മാനാപമാനങ്ങള്‍, സുഖദുഃഖങ്ങള്‍, ശീതോഷ്ണങ്ങള്‍ എന്നിങ്ങനെ രണ്ടായി അനുഭവപ്പെടുന്നതെല്ലാം സമബുദ്ധിയോടെ കാണുന്നവനും അതിൽത്തന്നെ പ്രത്യേകിച്ചൊന്നിനോട് ആസക്തിയില്ലാത്തവനും നിന്ദാസ്തുതികളെല്ലാം ഒരു കണക്കു തന്നെയെന്ന് തുല്യമായി കാണുന്നവനും മൗനിയും കിട്ടിയതുകൊണ്ടു തൃപ്തിയടയുന്നവനും സ്ഥിരമായി ഒരിടത്തുമാത്രം കറങ്ങിക്കളിക്കാത്തവനും സ്ഥിരബുദ്ധിയോടുകൂടിയവനുമായ ഭക്തിമാൻ മനുഷ്യരിൽ എനിക്കു പ്രിയപ്പെട്ടവനാകുന്നു.

അതെ. നാരദഭക്തി സൂത്രവും ഭഗവദ് ഗീതയും പ്രമാണമാകുന്ന ഹിന്ദുവിനെ സംബന്ധിച്ച് ഭക്തനെന്നത് ഇങ്ങനെയെല്ലാമാണ്. അതായത് മഹത്തായ ഗുണഗണങ്ങൾ ഒത്തിണങ്ങിയ മികച്ച ഒരു സാമൂഹ്യ ജീവിയാണിവിടെ ഭക്തൻ. അവനവനും മറ്റുള്ളവർക്കും ഗുണമല്ലാതെ യാതൊരു ദ്രോഹബുദ്ധിയുമില്ലാത്ത മനുഷ്യനാണയാൾ.

എന്നാൽ നിർഭാഗ്യകരം എന്നു തന്നെ പറയണം, നമ്മുടെ സമൂഹത്തിൽ ആളുകൾ വിശ്വസിച്ചും പ്രചരിച്ചും പോരുന്നതിലെ വൈരുധ്യങ്ങൾ നോക്കണേ. ഇവിടെ വേഷം കെട്ടലാണ് ഭക്തി. ഭസ്മവും ചന്ദനകളഭങ്ങളും കുങ്കുമക്കുറിയും ധരിച്ചു നടന്നാൽ അയാളിവിടെ ഭക്തനായി കണക്കാക്കപ്പെടും. കാവി ചുറ്റലും ചരടു കെട്ടലും മാലകളിട്ടു നടക്കലും ധാരാളം മതി. ഭക്തിയോടു ഭക്തി തന്നെ.

എന്നാൽ ഭക്തിയുടെ ഉള്ളടക്കം എന്താണ് ? ഭക്തന്റെ ഉള്ളിലിരിപ്പ് എന്താണ് ? വാക്കുകൾ ശ്രദ്ധിച്ചാലറിയാം. അതാണ് ഭക്തനെന്നു പറയപ്പെടുന്ന സുരേഷ് ഗോപിയുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടി വരുന്നത്. ഒരു ഭക്തനെന്നു പറയുമ്പോഴുള്ള ഉത്തരവാദിത്വം ചെറുതല്ല.

സർവ്വഭൂതങ്ങളുടെയും ഹിതത്തിൽ രതിയുള്ള സർവ്വഭൂത ഹിതേരതനായ ഒരു ഭക്തൻ ആരെയെങ്കിലും ശപിക്കുന്നവനോ ആർക്കെങ്കിലും നാശം വരണമെന്ന് അമ്പലനടയിൽ നിന്ന് പ്രാർത്ഥിക്കുന്നവനോ ആയിരിക്കുമോ ?

മനസ്സിൽ ശത്രുതയോ മുഖത്ത് ഭീഷണ ഭാവങ്ങളോ നാവുകളിൽ ശാപവാണികളോ ഉള്ളയാൾ ഭക്തനാകുന്നതെങ്ങനെ ? സുഖദു:ഖങ്ങൾ തൊട്ട് നിന്ദാ സ്തുതികളെ വരെ ഒരു പോലെയെന്നു കരുതുന്ന അയാൾ ആരെയെങ്കിലും ശ്രേ ഷ്ഠരെന്നോ ഏതെങ്കിലും വിഭാഗത്തെ ഹീനരെന്നോ മുദ്രകുത്തി ആക്ഷേപിക്കാൻ തുനിയുമോ ?

കെട്ടും മട്ടും വേഷവുമല്ല, പൂർണ്ണമായും ആന്തരിക ഗുണവിശേഷങ്ങളാണ് ഭക്തി. ഭഗവാൻ ഏതു ശത്രുസംഹാരത്തിനിറങ്ങിയാലും ഭക്തനിൽ അത്തരം വിക്രിയകളെല്ലാം നിരോധിച്ചു പറഞ്ഞിരിക്കുന്നു എന്നതാണ് ഭഗവദ്ഗീതയടക്കമുള്ള ഭാരതീയ ശാസ്ത്രങ്ങളുടെ പ്രത്യേകത. തികച്ചും മഹത്വം തന്നെയാണത്.


സുരേഷ് ഗോപി ഇപ്പോൾ പറയുന്ന പ്രകാരം, ശബരിമലയിൽ വന്ന സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ തീരെ വൈകാരിക സംതുലനമില്ലാത്ത പ്രയോഗങ്ങൾ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നേരുണ്ടെങ്കിൽ അത് നേരെ പറയുന്നതിനു പകരം ഭക്തിയുടെ ലേബലിലുള്ള ഒരുതരം രാഷ്ട്രീയ ഒളിയുദ്ധമാണതിൽ കാണാൻ കഴിയുന്നത്.


നാസ്തികവും ആസ്തികവുമായ ദർശനധാരകളെയെല്ലാം ഒരുപോലെ ലോകത്തിനു മുന്നിൽ തുറന്നുവെച്ച വിശാലമഹിതമായ ഭാരത സംസ്കാരത്തോട് കൂറുള്ളതായില്ല അദ്ദേഹത്തിന്റെ പ്രസ്താവങ്ങൾ. ഇത്തരത്തിലൊന്നുമല്ല

ആസ്തികർ പരമപ്രധാനമായിക്കരുതുന്ന ഭഗവദ്ഗീതയും നാരദ ഭക്തി സൂത്രവുമടക്കമുള്ള അടിസ്ഥാന പ്രമാണഗ്രന്ഥങ്ങൾ ഭക്തിയെക്കാണുന്നത് എന്ന് ഉറപ്പിച്ചു പറയാം.

കാരണം അവ ഉണ്ടായത് നൂറു വർഷങ്ങൾക്കുള്ളിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തു നിന്നല്ല മറിച്ച് ആയിരത്താണ്ടുകളായി നിലനിന്നു പോരുന്ന ഭാരതീയതയുടെ വ്യാസ വിശാല ചിന്തയിൽ നിന്നാണ്.

 

Advertisment