Advertisment

ഇത്രയും പരിതാപകരമായ സാമ്പത്തിക സ്ഥിതിയിൽ വിദേശയാത്ര നടത്താൻ പോകുന്ന മന്ത്രിമാരുടെ തൊലിക്കട്ടി സമ്മതിക്കണം, അതും ലോകകേരള സഭ എന്ന വെള്ളാന സംരംഭത്തിൻ്റെ പേരിലുള്ള ധൂർത്തിന് ! ഉദ്യോഗാർത്ഥികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാൻ ഒഡേപെക് ഉണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോർക്ക റൂട്ട്സ് ഉണ്ട്. വിദേശനിക്ഷേപവുമായി ആര് വന്നാലും ഓടിച്ചു വയറിളക്കും. പിന്നെ എന്തിനാണ് ലോകകേരള സഭ ? - പ്രതികരണത്തിൽ തിരുമേനി

author-image
nidheesh kumar
New Update

publive-image

Advertisment

സംസ്ഥാനം സമാനതകളില്ലാത്ത കടക്കെണിയിലാണ്. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നത് മുഖവിലക്ക് എടുക്കാമെങ്കിൽ ഓരോ ദിവസവും കഷ്ടിച്ച് കടന്ന് കൂടുകയാണ്. സാമൂഹിക ക്ഷേമ പെൻഷൻ കൊടുക്കാൻ പണമില്ല. പാവപ്പെട്ട പെൻഷൻകാരുടെ പെൻഷൻ കുടിശ്ശിക നൽകാൻ പണമില്ല.


സർക്കാർ ആശുപത്രികളിൽ മരുന്നില്ല, ഉപകരണങ്ങളില്ല. പോലീസ് വാഹനങ്ങൾക്ക് ഡീസലടിക്കാൻ കാശില്ല. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളമില്ല. യു ജി സി അധ്യാപകരുടെ ശമ്പള കുടിശ്ശിക നൽകാൻ പണമില്ല. ക്ഷേമ പദ്ധതികൾക്ക് നൽകാൻ പണമില്ല.


ഇത്രയും ഗതികെട്ട ഒരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജൂണിൽ വിദേശ യാത്രക്ക് തയ്യാറെടുക്കുന്നത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ ജൂണിൽ അമേരിക്കയിലേക്കും സപ്തംബറിൽ സൗദി അറേബ്യയിലേക്കുമാണ് യാത്ര.

യാതൊരു പ്രയോജനവും കേരളത്തിന് ഇതുവരെ ഉണ്ടാകാത്ത ഒരു സംവിധാനമാണ് ലോക കേരള സഭ. നിയമസഭയ്ക്കും മേലെയൊ അല്ലെങ്കിൽ ഒപ്പമോ ആയിട്ടുള്ള ഒരു സംവിധാനമാണ് ഇതെന്ന് ചിലർ പറയുന്നു. ഒന്നാന്തരം തട്ടിപ്പാണ് ലോക കേരള സഭയെന്ന് മറ്റു ചിലരും.

ഇത് രൂപീകരിച്ചപ്പോൾ രണ്ട് ഉദ്ദേശങ്ങളാണ് പറഞ്ഞിരുന്നത്. ഒന്ന്, പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക. രണ്ട്, സംസ്ഥാനത്തേക്ക് വിദേശ നിക്ഷേപം കൊണ്ടുവരിക.


2018 ൽ തുടങ്ങിയ ഈ പ്രസ്ഥാനത്തിലൂടെ ഒരു കൊള്ളാവുന്ന വിദേശ നിക്ഷേപം പോലും ഇതുവരെ കേരളത്തിൽ വന്നിട്ടില്ല. പ്രവാസികളുടെ ഒരു നീറുന്ന പ്രശ്നവും ഇതുവരെ ലോക കേരള സഭ പരിഹരിച്ചതായി അറിവില്ല.


കോവിഡ് സമയത്ത് പ്രവാസികളെ നാട്ടിൽ എത്തിക്കാൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ വഴിയാണ് സകല പ്രവാസി മലയാളികളും നാട്ടിലെത്തിയത്. ഒരു പ്രയോജനവുമില്ലാത്ത ഈ പ്രസ്ഥാനം ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് തിന്ന് മുടിക്കുന്നത്.

ഈയിടെ ഇംഗ്ലണ്ടിൽ ഒരു മേഖലാ സമ്മേളനം നടത്തിയിരുന്നു. 3000 നഴ്സുമാരെ യു.കെ.യിലേക്ക് കൊണ്ടുപോകാനായി ഉടമ്പടി ഒപ്പിട്ടു എന്നാണ് പറഞ്ഞത്. യു.കെ. നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ അവിടെ പോകാൻ ഒരു വെള്ളാനയുടെയും  സഹായം ആവശ്യമില്ല.

യോഗ്യത ഇല്ലെങ്കിൽ ആര് വിചാരിച്ചാലും കൊണ്ടുപോകാൻ പറ്റുകയുമില്ല. ഇക്കാര്യത്തിൽ ലോക കേരള സഭയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ചെയ്തിട്ടുമില്ല.

3000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ യു.കെ. നേരത്തെ തീരുമാനിച്ചിരുന്നതാണ്. ആൾക്കാരുടെ കണ്ണിൽ പൊടിയിട്ട് നടത്തുന്ന ഈ തട്ടിപ്പിന് നേതൃത്വം നൽകുന്നത് നമ്മുടെ സർക്കാരാണ് എന്നതാണ് വിചിത്രം. വെയിൽസുമായി ഉടമ്പടി ഉണ്ടാക്കി എന്ന് പറഞ്ഞതും തട്ടിപ്പാണ്.

കേരളത്തിലെ ഒരു ഉദ്യോഗാർത്ഥിയേയും ഇതുവരെ ലോക കേരള സഭ സഹായിച്ചിട്ടില്ല. സമ്പന്നൻമാരായ കുറച്ച് പ്രവാസി വ്യവസായികളെ പ്രീതിപ്പെടുത്തുവാനും നാട്ടിൽ അവരെ സൽക്കരിച്ച് ചിലർക്ക് നേട്ടം കൊയ്യുവാനും ഉണ്ടാക്കിയ ഒരു പ്രസ്ഥാനമാണ് ലോകകേരള സഭ.


ഉദ്യോഗാർത്ഥികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാൻ ഒഡേപെക് ഉണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോർക്ക റൂട്ട്സ് ഉണ്ട്. പിന്നെ എന്തിനാണ് ലോകകേരള സഭ ? എങ്ങിനെ ലെജിസ്ലേറ്റീവ് അസംബ്ലിയോടൊപ്പം ഇങ്ങിനെ ഒരു പ്രസ്ഥാനം കൊണ്ടുവരാൻ പറ്റും ?

എന്താണ് ഇതിന്റെ നിയമ സാധുത ? കുറെ സമ്പന്നരായ പ്രവാസികൾക്ക് വേണ്ടി നാടിനെ മുടിപ്പിക്കുന്നു.


ഒരു ഫ്രാഞ്ചിയേട്ടൻ സെറ്റപ്പ് മാത്രമാണിത്.  ഒരു വ്യവസായം പോലും ഈ പ്രസ്ഥാനം വഴി കേരളത്തിൽ വന്നിട്ടില്ല. ആരെങ്കിലും വന്നാൽ അവനെ ഓടിക്കും.

ഇത്രയും പരിതാപകരമായ സാമ്പത്തിക സ്ഥിതിയിൽ വിദേശയാത്ര നടത്താൻ പോകുന്നവരുടെ തൊലിക്കട്ടി സമ്മതിക്കണം. എല്ലാത്തിനും നിയന്ത്രണം ഏർപ്പെടുത്തേണ്ട മുഖ്യമന്ത്രി തന്നെ ഈ ധൂർത്തിന് നേതൃത്വം നൽകുന്നു.

99 സീറ്റ് നൽകി വിജയിപ്പിച്ചതല്ലേ. അനുഭവിച്ചോളു ...

Advertisment