Advertisment

കൊച്ചി വാട്ടർ മെട്രോയും ചില സംശയങ്ങളും....

New Update

publive-image

Advertisment

കൊച്ചി വാട്ടർ മെട്രോയുടെ ആകെ ചെലവ് 819 കോടിയാണെന്ന് കൊച്ചി വാട്ടർ മെട്രോയുടെ വെബ്‌സൈ റ്റിൽ പറയുന്നു. ഇതിൽ 85 മില്യൺ യൂറോ (ഇപ്പോഴത്തെ വില 766 കോടി രൂപ) ജർമ്മനിയിലെ കെഎഫ്‌ഡബ്ള്യു ഡെവലപ്പ്മെന്റ് ബാങ്കാണ് ദീർഘകാല ധനസഹായമായി ലഭ്യമാക്കുന്നത്. ഇതിന് കേന്ദ്രസർക്കാരാണ് ഗ്യാരണ്ടി നൽകിയിരിക്കുന്നത്.

എന്നാൽ വെബ്‌സൈറ്റിൽ 85 മില്യൺ യൂറോയുടെ വില 579 കോടി രൂപയെന്നാണ് കാണിച്ചിരിക്കുന്നത്. ഒരു യൂറോ 2020 ൽ 84 + ഇന്ത്യൻ രൂപയായിരുന്നെങ്കിൽ ഇപ്പോൾ 90 + ഇന്ത്യൻ രൂപയാണ്. അപ്പോൾ എങ്ങനൊക്കെ നോക്കിയാലും 579 കോടി രൂപ എന്ന കണക്ക് ശരിയാകുന്നില്ല. അതുപോലെ തന്നെ കൊച്ചി വാട്ടർ മെട്രോയുടെ കണക്കുപ്രകാരം കെഎഫ്‌ഡബ്ള്യു വായ്പയായ 579 കോടിയുടെ ബാക്കി വേണ്ടതായ 240 കോടി രൂപ എവിടെനിന്നും കണ്ടെത്തുമെന്നും പറയുന്നില്ല.

ദേശാഭിമാനി ഓൺലൈൻ പ്രകാരം (26 ഏപ്രിൽ 2023) സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത് 1136.83 കോടിയാണ്. സംസ്ഥാന സര്‍ക്കാരിന് പുറമേ ജര്‍മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെഎഫ്‌ഡബ്ള്യുവില്‍ നിന്നുള്ള വായ്പയാണ് പദ്ധതിക്കായി വിനിയോഗിച്ചിരിക്കുന്നത് എന്നും പറഞ്ഞിരിക്കുന്നു.

25 ഏപ്രിലിലെ ദേശാഭിമാനി ഓൺലൈൻ വാർത്തയിൽ നാടിന്റെയാകെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയ്ക്ക് 1136.83 കോടി രൂപയാണ് ചെലവ്‌ എന്നാണ് പറയുന്നത്. ഈ തുകയിൽ ജർമൻ ഫണ്ടിങ്‌ ഏജൻസിയായ കെഎഫ്‌ഡബ്ള്യുവിന്റെ വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. തുക വ്യക്തമായി പറയുന്നില്ല.

വിക്കിപീഡിയ നൽകുന്ന വിവരമനുസരിച്ച്, വാട്ടർ മെട്രോ പദ്ധതിയുടെ ആകെ ചെലവ് 1,137 കോടി രൂപയാണ് (140 ദശലക്ഷം യുഎസ് ഡോളർ). കെഎഫ്‌ഡബ്ള്യു ഡെവലപ്‌മെന്റ് ബാങ്ക് 85 മില്യൺ യൂറോ ലോങ്ങ് ടേം സോഫ്‌റ്റ് ലോണായി നൽകും, കൂടാതെ കേരള സർക്കാർ 102 കോടി രൂപ (13 മില്യൺ യുഎസ് ഡോളർ) സംഭാവന ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത്.

മറ്റൊരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ 747 കോടി രൂപ ചെലവ് വരുന്നതാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി എന്നാണവർ നൽകിയിരിക്കുന്ന വിവരം.

മന്ത്രി പി.രാജീവ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ദേശാഭിമാനി പറയുന്നതുപോലെതന്നെ 1136.83 കോടി രൂപയുടെ പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോക്ക് എന്ന് പറയുന്നുണ്ട്. കേരള കൗമുദിയും കൊച്ചി വാട്ടർ മെട്രോ പദ്ധതി ചെലവ് : 1136.83 കോടി എന്നാണ് പറയുന്നത്.

കൊച്ചി വാട്ടർ മെട്രോ ഈ കണക്കുകളിൽ ഏതാണ് സത്യമെന്നറിയാൻ ആഗ്രഹമുണ്ട്. കൃത്യമായ കണക്കുകൾ ആരുപറയുന്നതാണ് ? സംസ്ഥാന സർക്കാർ എത്ര തുകയാണ് നൽകുന്നത് അല്ലെങ്കിൽ നൽകിയിരിക്കുന്നത് ?

വാട്ടർ മെട്രോ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് 74 % വും കൊച്ചി മെട്രോക്ക് 26 ഓഹരിപങ്കാളിത്തം ഉള്ളതായും പറയപ്പെടുന്നു. വാട്ടർ മെട്രോ പദ്ധതിക്ക് ബോട്ടുകൾ നിർമ്മിച്ചത് കൊച്ചിൻ ഷിപ്പ് യാർഡാണ്‌. സംസ്ഥാന കേന്ദ്ര സർക്കാർ സംയുക്ത പദ്ധതിയായ കൊച്ചി മെട്രോയുടെ അധീനതയിലാകും കൊച്ചി വാട്ടർ മെട്രോയും പ്രവർത്തിക്കുക.

ചെറിയ സന്ദേഹം, കൊച്ചി മെട്രോയുടെ തലപ്പത്തിരിക്കുന്ന വ്യക്തി ആരെന്നറിയുമ്പോഴാണ്. മോൺസൺ മാവുങ്കൽ എന്ന ഫ്രോഡിന്റെ വസതിയിൽ ടിപ്പു സുൽത്താന്റെതെന്ന് ധരിപ്പിച്ച് ഏതോ ആക്രിക്കടയിൽ നിന്നും വാങ്ങി പെയിന്റടിച്ചു മിനുക്കിയ വാളും വടിയുമായി ടിപ്പുവിന്റെ സിംഹാസനമെന്ന ധാരണയിൽ ഏതോ പന്തലുവിതാനക്കാർ അലങ്കരിച്ച കസേരയിൽ ഇരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത കേരളത്തിന്റെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന പോലീസ് മേധാവിയാണ് അദ്ദേഹം.

രാഷ്ട്രീയക്കാരുടെ വിശ്വസ്തനും ഭരണക്കാർക്ക് പ്രിയങ്കരനും. അതാകാം റിട്ടയർ ആയശേഷവും മുന്തിയ പദവിയും ഉയർന്ന ശമ്പളവും അദ്ദേഹത്തെ വീണ്ടും തേടിയെത്തിയത്.

ചോദ്യങ്ങൾ ഇവയാണ് :

പദ്ധതിക്ക് എത്ര രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത് ?

കെഎഫ്‌ഡബ്ള്യു എത്ര വായ്പയാണ് നൽകിയിരിക്കുന്നത് ?

സംസ്ഥാന സർക്കാർ എത്ര തുക നൽകിയിട്ടുണ്ട്, അഥവാ നൽകാനാഗ്രഹിക്കുന്നു ?

കൊച്ചി വാട്ടർ മെട്രോയുടെ വെബ്‌സൈറ്റിൽ ഇക്കാര്യങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് ?

Advertisment