Advertisment

മലയാള സിനിമക്ക് കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കി കൊടുത്ത മഹാനടൻമാരായിരുന്നു സത്യനും നസീറും മധുവുമൊക്കെ. മമ്മൂട്ടിയും മോഹൻലാലും ആയപ്പോൾ അത് മാറിയെങ്കിലും അവർ ആരെയും മോശക്കാരാക്കിയില്ല. പക്ഷേ മരുന്നടിച്ചു നടക്കുന്ന ഭാസിയെയും ഷെയിന്‍ നിഗത്തെയുമൊക്കെ അടിച്ചിറക്കി ചാണകവെള്ളം തളിക്കണം - തിരുമേനി എഴുതുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

യുവതലമുറയിലെ ചില നടൻമാർ മലയാള സിനിമയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന വാർത്ത കുറെ നാളുകളായി പ്രചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അത് മറനീക്കി പുറത്ത് വന്നിരിക്കുന്നു.

നിർമ്മാതാക്കളുടേയും സംവിധായകരുടേയും സംഘടനകൾ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നീ നടൻ മാരെ ബഹിഷ്ക്കരിക്കും എന്ന തീരുമാനം എടുത്തിരിക്കുകയാണ്.


ഇത് വളരെ നേരത്തെ ചെയ്യേണ്ടതായിരുന്നു. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട ഇവർ രണ്ടു പേരും ഷൂട്ടിങ് സെറ്റുകളിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്നു. ഇവരുടെ നിസ്സഹകരണം മൂലം പല സിനിമകളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കോടികളാണ് ഈ സിനിമകളുടെ നിർമ്മാതാക്കളുടെ നഷ്ടം.


പത്ത് ലക്ഷം രൂപയ്ക്ക് കരാർ ഒപ്പിട്ട ഷെയ്ൻ നിഗം സിനിമ പകുതിയായപ്പോൾ റേറ്റ് 45 ലക്ഷമാക്കുന്നു. എന്തൊരു അന്യായമാണിത് ? ഷൂട്ടിങ്ങിന് സമയത്ത് എത്താതിരിക്കുക, കൃത്യസമയത്ത് ഡബ്ബ് ചെയ്യാതിരിക്കുക തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് ഇവർ നിരന്തരം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

ഇത് സിനിമാ വ്യവസായത്തെ ആകെ ബാധിക്കും. എല്ലാ നിർമ്മാതാക്കൾക്കും മമ്മൂട്ടിയെയും മോഹൻലാലിനേയും വച്ച് പടമെടുക്കാൻ സാധിക്കില്ല. കാരണം അവരുടെ റേറ്റ് വളരെ കൂടുതലാണ്.

അപ്പോൾ പല നിർമ്മാതാക്കളും താരതമ്യേന മാർക്കറ്റുള്ള പുതിയ നടൻ മാരെ വച്ച് സിനിമ പ്ലാൻ ചെയ്യും. അത്തരം സാഹചര്യങ്ങളിലാണ് ഷെയ്ൻ നിഗമിനെപ്പോലെയുള്ള പുതു തലമുറക്കാരെ വച്ച് സിനിമകൾ പ്ലാൻ ചെയ്യുന്നത്.

ഈ അവസരം ഇവർ മുതലാക്കുന്നു. പരമാവധി അസൗകര്യം നിർമ്മാതാക്കൾക്കും സംവിധായകർക്കും ഇവർ ഉണ്ടാക്കുന്നു. ലൊക്കേഷനുകളിൽ ഇവർ സ്ഥിരമായി മയക്ക്മരുന്ന് ഉപയോഗിക്കുന്നു.

ഇതിന് ഒറ്റ പോംവഴിയേ ഉള്ളു . ഇവരെ വച്ച് പടം എടുക്കാതിരിക്കുക.


ശൈശവാവസ്ഥയിൽ നിന്ന് മലയാള സിനിമക്ക് കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കി കൊടുത്ത മഹാനടൻമാരുണ്ടായിരുന്നു മലയാള സിനിമയിൽ. സത്യനും നസീറും മധുവും എഴുപതുകളുടെ അവസാനം വരെ എത്തിച്ച മലയാള സിനിമയെ കുറേക്കാലംകൂടി കൊണ്ടുപോയത് നെടുമുടി വേണുവും സോമനും സുകുമാരനും ആയിരുന്നു.


publive-image

പിന്നീട് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കൈകളിലായി മലയാള സിനിമ . സത്യനും നസീറും ഒരിക്കലും നിർമ്മാതാവിനും സംവിധായകനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിച്ചിരുന്നില്ല. എന്ന് മാത്രമല്ല ഇവരുടെ സെറ്റുകളിൽ തികഞ്ഞ അച്ചടക്കം ഉണ്ടായിരുന്നു.

ഏതെങ്കിലും നിർമ്മാതാവിന് തന്റെ സിനിമ നഷ്ടമുണ്ടാക്കിയാൽ പ്രേംനസീർ അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ സൗജന്യമായി അഭിനയിക്കുമായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ നസീർ ഒരിക്കലും കടുംപിടിത്തക്കാരനായിരുന്നില്ല. മാത്രമല്ല കൃത്യസമയത്ത് ലൊക്കേഷനിൽ എത്തുകയും പറഞ്ഞ സമയത്ത് സിനിമ തീർത്ത് കൊടുക്കുകയും ചെയ്യുമായിരുന്നു.


കൃത്യനിഷ്ഠയുടെ കാര്യത്തിൽ നസീർ കർക്കശക്കാരനായിരുന്നു. നിർമ്മാതാക്കൾ ഉണ്ടെങ്കിലേ സിനിമ നിലനിൽക്കൂ എന്ന് നസീറിന് അറിയാമായിരുന്നു.


എന്നാൽ മമ്മൂട്ടിയും മോഹൻലാലും ഒരവസരത്തിൽ പ്രതിഫലം കുത്തനെ ഉയർത്തിക്കൊണ്ടിരുന്നതു മൂലം നിർമ്മാണച്ചിലവ് കുത്തനെ കൂടിക്കൊണ്ടിരുന്നു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതിൽ നിന്നും കരകയറി വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ധാർഷ്ട്യം നിറഞ്ഞ പ്രവൃത്തികൾ ഉണ്ടായത്. ഇത്തരം കളകളെ പറിച്ച് പുറത്തെറിയണം.

സമാനതകളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായിരുന്ന പ്രേംനസീർ ഒരു കാലത്ത് തന്റെ ഉള്ളം കൈയ്യിൽ വച്ചിരുന്ന ഈ വ്യവസായത്തിന്റെ ഇന്നത്തെ സ്ഥിതി അതിദയനീയമെന്നു പറയാതെ വയ്യ.

Advertisment