Advertisment

" അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഞാൻ ഉണർന്നപ്പോൾ സഹോദരൻ തരാസൻ ജീവിച്ചിരുപ്പുണ്ടായിരിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ അവനെ വിളിച്ച് കൊണ്ടിരുന്നു. രക്തത്തിന്റെ മണമായിരുന്നു ചുറ്റും. ഞാൻ സഹായത്തിനായി നിലവിളിച്ചു, ഞാൻ അവനെ മൂടിയിരുന്ന പുതപ്പ് ഉയർത്തി നോക്കി. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അവൻ. അവന്റെ ശിരസ് അറ്റുപോയിരുന്നു. ആ കാഴ്ചയ്ക്ക് ശേഷം എനിക്ക് മരിക്കാനാണ് തോന്നിയത്"; ഇസ്രയേൽ ആക്രമണങ്ങളിൽ തകർന്ന ഗാസയിലെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട 12 വയസുകാരി അൽമ പറയുന്നു

New Update
alma gaza.jpg

ഇസ്രയേൽ ആക്രമണങ്ങളിൽ തകർന്ന ഗാസയിലെ തകർന്ന കെട്ടിടങ്ങൾക്കിടയിലെ ഒരു 12 വയസുകാരി. ചോരയിൽ കുളിച്ച് നിൽക്കുന്ന അവളെ രക്ഷിക്കാൻ എത്തിയ ആളുകളോട് ആ പെൺകുട്ടി പറഞ്ഞത് ഇങ്ങനെയാണ് " എന്നെയല്ല, എന്റെ സഹോദരനെ രക്ഷിക്കൂ ആദ്യം, അവൻ 18 മാസം പ്രായമുള്ള കുഞ്ഞാണ്. എന്റെ മാതാപിതാക്കളെ രക്ഷിക്കൂ" ... 12 വയസുകാരി അൽമയുടെ ഈ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. വലിയ വേദനയോടെയാണ് ലോകം മുഴുവൻ ഈ ദൃശ്യങ്ങൾ കണ്ടു തീർത്തത്. എന്നാൽ അൽമയുടെ ചെറിയ സഹോദരനെയോ മറ്റ് കുടുംബാംഗങ്ങളെയോ ജീവനോടെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്കായില്ല. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞനിയന്റെ പൂർണമായും തകർന്ന ശരീരമാണ് അൽമക്ക് അന്ന് കാണേണ്ടി വന്നത്. 

Advertisment

Israel-Gaza war: Gazan girl begs rescuers to save brother first as entire  family killed

2023 ഡിസംബർ രണ്ടിനാണ് അൽമയുടെ ജീവിതം ആകെ മാറ്റിമറിച്ച ആ സംഭവം ഉണ്ടാകുന്നത്. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം ആയിരുന്നു ആ പെൺകുട്ടിയുടേത്. 35 കാരനായ മുഹമ്മദും 38 കാരിയായ നയീമയുമാണ് മാതാപിതാക്കൾ. 14 വയസുള്ള ഘനേമും 6 വയസുകാരനായ കിനാ നുമാണ് സഹോദരന്മാർ. സഹോദരി 11 വയസുകാരനായ റീഹാബ്. ഏറ്റവും ഒടുവിലത്തെ സഹോദരൻ 18 മാസം പ്രായമുള്ള താരാസൻ.

Israel-Gaza war: Gazan girl begs rescuers to save brother first as entire  family killed

ഇസ്രയേലിന്റെ ഗാസ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ കുടുംബത്തെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനായി അൽമയുടെ മാതാപിതാക്കൾ മക്കളെയും കൂട്ടി വീട് വിട്ടിറങ്ങി. അഭയം കണ്ടെത്തിയ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇസ്രയേലിന്റെ മിസൈലുകൾ അവരെ തേടിയെത്തിയതോടെ മൂന്നാം സ്ഥാനം കണ്ടത്തേണ്ടി വന്നു. ആദ്യ രണ്ട് സ്ഥലങ്ങളിലും ഭീകര ബോംബാക്രമണങ്ങൾ നടന്നെങ്കിലും കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എന്നാൽ അഭയം തേടിയ മൂന്നാമത്തെ സ്ഥലത്തെ ആക്രമണങ്ങളെ അതിജീവിക്കാൻ അൽമയുടെ കുടുംബത്തിനായില്ല. കുടുംബം അന്തിയുറങ്ങിയിരുന്ന കെട്ടിടമാകെ ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന് വീണു.

Israel-Gaza war: Gazan girl begs rescuers to save brother first as entire  family killed - BBC News

ആക്രമണം നടന്ന ദിവസം പുലർച്ചെ മുതൽ ഏകദേശം മണിക്കൂർ അൽമ ജറൂറിനെ ഗാസ സിറ്റി ഡൗണ്ടൗണിലെ അഞ്ച് നില കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. "എനിക്ക് എന്റെ സഹോദരങ്ങളെയും സഹോദരിമാരെയും കാണണം," ആ പെൺകുട്ടി അലറിക്കൊണ്ടിരുന്നു. രക്ഷാപ്രവർത്തകൻ ആദ്യം എത്തിയത് അൽമയുടെ അടുത്താണ്. കോൺക്രീറ്റ് സ്ലാബുകൾക്കും മെറ്റൽ ബാറുകൾക്കും ഇടയിൽ നിന്ന് ആ പെൺകുട്ടിയെ അവർ പുറത്തെത്തിച്ചു. പൊടിയും ചോരയും ദേഹത്തുണ്ടെങ്കിലും വലിയ പരിക്കുകളില്ലായിരുന്നു. അവളുടെ കുടുംബം എവിടെയാണെന്ന് ചോദിച്ചപ്പോൾ കെട്ടിടാവശിഷ്ടങ്ങളിലേക്കാണ് അവൾ കൈ ചൂണ്ടിയത്. അൽമയുടെ ഇളയ സഹോദരന്റെ ശരീരം മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ആ കെട്ടിടം തകർന്ന് മരിച്ച 140 പേരുടെ ശരീരങ്ങൾ കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല. വളരെ കുറച്ച് മൃതദേഹങ്ങൾ മാത്രമാണ് ആളുകൾക്ക് കണ്ടെത്താൻ സാധിച്ചത്. 

Girl under Gaza rubble asks rescuers to help relatives first

തന്റെ അമ്മാവനും കുടുംബത്തിനൊപ്പമാണ് അൽമ ഇപ്പോൾ താമസിക്കുന്നത്. ഇസ്രയേൽ മിസൈലുകൾ ഭയന്ന് ഒരു ചെറിയ ടെന്റിനുള്ളിൽ. മാസങ്ങൾക്ക് ശേഷം തന്റെ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട ആ ദിവസത്തെ ക്കുറിച്ച് ബിബിസിയോട് അൽമ സംസാരിക്കുകയാണ് 

അൽമയുടെ വാക്കുകൾ 

"അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഞാൻ ഉണർന്നപ്പോൾ സഹോദരൻ തരാസൻ ജീവിച്ചിരുപ്പുണ്ടായിരിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ അവനെ വിളിച്ച് കൊണ്ടിരുന്നു. രക്തത്തിന്റെ മണമായിരുന്നു ചുറ്റും. ഞാൻ സഹായത്തിനായി നിലവിളിച്ചു, എന്നെ പുറത്തെത്തിച്ച ശേഷമാണ് സഹോദരന്റെ മൃതദേഹം കണ്ടെത്തുന്നത്.  ഞാൻ അവനെ മൂടിയിരുന്ന പുതപ്പ് ഉയർത്തി നോക്കി. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അവൻ. അവന്റെ ശിരസ് അറ്റുപോയിരുന്നു. ആ കാഴ്ചയ്ക്ക് ശേഷം എനിക്ക് മരിക്കാനാണ് തോന്നിയത്.

അവന് 18 മാസം പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു. അവൻ ഈ യുദ്ധത്തിൽ എന്താണ് ചെയ്തിട്ടുള്ളത് ? കുടുംബമായി സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിച്ചത്. ഭയം തോന്നുമ്പോൾ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിക്കുമായിരുന്നു. ഇപ്പോൾ അവരെ കെട്ടിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്.  എന്റെ കുടുംബത്തിന്റെ മൃതശരീരങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീർണിക്കുകയാണ്. അവരെ അവസാനമായി കാണാനും ചടങ്ങുകൾ നടത്തി സംസ്കരിക്കാനും എനിക്ക് ആഗ്രഹമുണ്ട്," 12 വയസ്സ് മാത്രമുള്ള അൽമ പറയുന്നു.

 

Advertisment