Advertisment

പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്; വ്യാപക തിരച്ചില്‍

പൂഞ്ചില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തി നാല് സൈനികരെ കൊല്ലപ്പെടുത്തിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ ആക്രമണം.

author-image
shafeek cm
New Update
poonch search.jpg

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം. വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പൂഞ്ചിലെ കൃഷ്ണ ഘാട്ടിക്ക് സമീപമുള്ള ഒരു വനത്തില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയാണ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് കരസേന എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു. 

Advertisment

ആക്രമണത്തിനിരയായ വാഹനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ക്യാമ്പിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേഖലയിലെ ഭീകരരുടെ പദ്ധതികള്‍ പരാജയപ്പെടുത്താന്‍ പുതുവര്‍ഷത്തിലേക്കുള്ള ഭീകരവിരുദ്ധ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യുന്നതിന് വടക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം നടന്നത്. 

പൂഞ്ചില്‍ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തി നാല് സൈനികരെ കൊല്ലപ്പെടുത്തിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ ആക്രമണം. ഡിസംബര്‍ 21 ന്, പൂഞ്ച് ജില്ലയിലെ ധത്യാര്‍ മോര്‍ഹിന് സമീപമുള്ള ഒരു വളവില്‍ വെച്ചാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആയുധധാരികളായ ഒരു സംഘം ഭീകരര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പിന്നാലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഏറ്റെടുത്തിരുന്നു. ഭീകരര്‍ യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍ ആക്രമണ റൈഫിളുകള്‍ ഉപയോഗിച്ചതിന്റെ ചിത്രങ്ങളും ആക്രമണ സ്ഥലത്ത് നിന്ന് പുറത്തുവിട്ടിരുന്നു. ആക്രമണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പരിശീലനം ലഭിച്ച സൈനികരെപ്പോലെ ഈ ഭീകരര്‍ ഹെല്‍മെറ്റ് ക്യാമറകള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ 1980-കളില്‍ വികസിപ്പിച്ചെടുത്തിരുന്ന ഭാരം കുറഞ്ഞ കാര്‍ബൈനാണ് ങ4 കാര്‍ബൈന്‍.  ക്ലോസ്-ക്വാര്‍ട്ടേഴ്‌സ് പോരാട്ടത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റൈഫിള്‍ പൊതുവെ സൈനിക, നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കിടയിലെ ഒരു ജനപ്രിയ ആയുധമാണ്. യുഎസ് സായുധ സേനയുടെ പ്രാഥമിക കാലാള്‍പ്പടയുടെ ആയുധമാണിത്.

ജമ്മു കശ്മീരിലെ എല്ലാ പ്രധാന ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം അടുത്തിടെയായി പിഎഎഫ്എഫ് ഏറ്റെടുക്കുന്നുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള ആക്രമണം നടത്താന്‍ ഐഎസ്‌ഐയുടെ ഉയര്‍ന്ന പരിശീലനം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇവരെ രജൗരി, പൂഞ്ച് ജില്ലകളിലേക്ക് നുഴഞ്ഞുകയറ്റത്തിലൂടെ കടത്തിവിട്ടാണ് ആക്രമണത്തിന് തുടക്കമിടുന്നത്. 

 

 

jammu kashmir#
Advertisment