Advertisment

ആറരയ്ക്ക് എഴുന്നേല്‍ക്കണം, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം പ്രഭാതഭക്ഷണമായി ചായയും ബ്രഡും,ടി വി കാണാം; ആഴ്ചയില്‍ രണ്ട് ദിവസം കുടുംബാംഗങ്ങൾക്ക് അനുമതി; കെജ്‌രിവാളിന്റെ തിഹാര്‍ ജയില്‍ ജീവിതം ഇങ്ങനെ

New Update
KEJARIWAL TIHAR.jpg

ഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കസ്റ്റഡി കാലാവധി നീട്ടിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിയുക തിഹാറിലെ രണ്ടാം നമ്പർ ജയിലിൽ. ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

Advertisment

തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന തടവുകാര്‍ക്ക് കൃത്യമായ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജ്‌രിവാളിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാറ്റിവച്ചാല്‍ അദ്ദേഹത്തിന്റെ തടവുജീവിതവും അത് പ്രകാരം തന്നെയാകും.

ദിവസവും രാവിലെ ആറരയ്ക്കാണ് തീഹാറിലെ തടവുകാര്‍ എഴുന്നേല്‍ക്കേണ്ടത്. പ്രഭാതഭക്ഷണമായി ചായയും ഏതാനും ബ്രഡുകളുമാണ് ലഭിക്കുക. തുടര്‍ന്ന് കുളിക്കാം. കോടതിയില്‍ പോകേണ്ട ദിവസമാണെങ്കില്‍ കുളിക്ക് ശേഷം കെജ്‌രിവാള്‍ കോടതിയിലേക്ക് തിരിക്കും. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്തും.

രാവിലെ 10:30-നും 11 മണിക്കും ഇടയിലാണ് ഉച്ചഭക്ഷണം. പരിപ്പ്, കറി എന്നിവയ്‌ക്കൊപ്പം അഞ്ച് റൊട്ടികളോ ചോറോ ആണ് ലഭിക്കുക. തുടര്‍ന്ന് മൂന്ന് മണി വരെ തടവുകാരെ സെല്ലില്‍ അടയ്ക്കും. വൈകീട്ട് 03:30-ന് ചായയും രണ്ട് ബിസ്‌കറ്റുകളും ലഭിക്കും. നാല് മണിക്ക് അഭിഭാഷക സംഘവുമായി കൂടിക്കാഴ്ച നടത്താം.

വൈകീട്ട് അഞ്ചരയ്ക്കാണ് അത്താഴം. ഉച്ചയ്ക്ക് ലഭിച്ച അതേ ഭക്ഷണമാണ് അത്താഴത്തിനുമുണ്ടാകുക. തുടര്‍ന്ന് ഏഴ് മണിയോടെ തടവുകാരെ വീണ്ടും സെല്ലിലടയ്ക്കും.

ഡല്‍ഹി മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജ്‌രിവാളിന് ജയിലില്‍ പ്രത്യേക പരിഗണനകളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അദ്ദേഹത്തിന് ടെലിവിഷന്‍ കാണാം എന്നത്. ഭക്ഷണം, സെല്ലില്‍ അടയ്ക്കല്‍ പോലെ ജയിലിലെ മുന്‍നിശ്ചയിച്ച കാര്യങ്ങളുടെ സമയത്ത് ഒഴികെയുള്ള സമയങ്ങളിലാണ് അദ്ദേഹത്തിന് ടി.വി. കാണാന്‍ കഴിയുക. വാര്‍ത്താ, വിനോദ, കായിക ചാനലുകള്‍ ഉള്‍പ്പെടെ ഇരുപതോളം ചാനലുകളാണ് അനുവദിക്കപ്പെട്ടത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ജയിലില്‍ 24 മണിക്കൂറും ഡോക്ടറുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സേവനം ലഭ്യമാണ്. പ്രമേഹരോഗിയായ അരവിന്ദ് കെജ്‌രിവാളിന് തടവുകാലത്തും കൃത്യമായ ഇടവേളകളില്‍ പരിശോധന ആവശ്യമാണ്. അദ്ദേഹത്തിന് പ്രത്യേക ഭക്ഷണക്രമം വേണമെന്ന് രോഗവിവരങ്ങള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു

Advertisment