Advertisment

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇമ്പോർട്ടൻസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാൻ അവസരം

യോഗ്യതാ കോഴ്സ് പരീക്ഷയിലെ മാർക്ക്, ഇന്റേൺഷിപ്പ്/ പ്രാക്ടിക്കൽ പരിശീലനം എന്നിവ പൂർത്തിയാക്കേണ്ട തീയതി എന്നിവ ഉൾപ്പെടെയുള്ള, വിശദമായ പ്രവേശനയോഗ്യതാ വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
kiuytryuio

ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ (എയിംസ്) നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇമ്പോർട്ടൻസ് (ഐ.എൻ.ഐ.) കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റി(സി.ഇ.ടി.)ന് അപേക്ഷിക്കാം.

Advertisment

കോഴ്സുകൾ

പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ കോഴ്‌സുകൾ -എം.ഡി./എം.എസ്./എം.സിഎച്ച്. (ആറുവർഷം), ഡി.എം. (ആറുവർഷം)/ പി.ജി.ഡെന്റൽ കോഴ്‌സ്‌ എം.ഡി.എസ്.

സ്ഥാപനങ്ങൾ

• എയിംസ് (ന്യൂഡൽഹി, ഭോപാൽ, ഭുവനേശ്വർ, ജോധ്‌പുർ, നാഗ്പുർ, പട്ന, റായ്പുർ, ഋഷികേശ്, ബിബിനഗർ, ബത്തിൻഡ, ദിയോഗർ, മംഗളഗിരി, റായ്ബറേലി, കല്യാണി, ബിലാസ്പുർ, ഗോരഖ്പുർ, ഗുവാഹാട്ടി, രാജ്കോട്ട് തുടങ്ങിയവ)

• ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) പുതുച്ചേരി

• നിംഹാൻസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ബെംഗളൂരു

• പി.ജി.ഐ.എം.ഇ.ആർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച്) ചണ്ഡീഗഢ്

• എസ്.സി.ടി.ഐ.എം.എസ്.ടി. (ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി) തിരുവനന്തപുരം

അക്കാദമിക് യോഗ്യത

എം.ഡി./എം.എസ്./എം.സിഎച്ച്., ഡി.എം. പ്രവേശനത്തിന് അപേക്ഷിക്കാൻ എം.ബി.ബി. എസ്. ബിരുദവും എം.ഡി.എസ്. പ്രവേശനത്തിന് അപേക്ഷിക്കാൻ ബി.ഡി.എസ്. ബിരുദവും വേണം. യോഗ്യതാ കോഴ്സ് പരീക്ഷയിലെ മാർക്ക്, ഇന്റേൺഷിപ്പ്/ പ്രാക്ടിക്കൽ പരിശീലനം എന്നിവ പൂർത്തിയാക്കേണ്ട തീയതി എന്നിവ ഉൾപ്പെടെയുള്ള, വിശദമായ പ്രവേശനയോഗ്യതാ വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

രജിസ്ട്രേഷൻ, തുടർനടപടികൾ

finalmdmsmch.aiimsexams.ac.in വഴി രജിസ്റ്റർചെയ്ത്, ബേസിക് ഇൻഫർമേഷൻ നൽകണം. ഏപ്രിൽ 12-ന് വൈകീട്ട് അഞ്ചുവരെ ഇതിന് സൗകര്യമുണ്ടാകും. നൽകിയ വിവരങ്ങൾ ഈ സമയപരിധിക്കകം എഡിറ്റും ചെയ്യാം.

ഈ കോഴ്സുകളിലെ പ്രവേശനത്തിനായി മുമ്പ് വിവിധ സെഷനുകളിൽ എയിംസ് നടത്തിയ പരീക്ഷകൾക്ക് ബേസിക് രജിസ്ട്രേഷൻ നടത്തി, അത് അംഗീകരിക്കപ്പെട്ടുകിട്ടിയവർ, വീണ്ടും രജിസ്ട്രേഷൻ നടത്തുകയോ ബേസിക് ഇൻഫർമേഷൻ നൽകുകയോ ചെയ്യേണ്ടതില്ല. അവർ, എക്സാമിനേഷൻ യുണീക് കോഡ് (ഇ.യു.സി.) രൂപപ്പെടുത്തേണ്ട രണ്ടാം ഘട്ടത്തിൽ, പുതുതായി അത് രൂപപ്പെടുത്തി (പഴയത് സ്വീകാര്യമല്ല) അപേക്ഷ പൂർത്തിയാക്കണം. എന്നാൽ, ഒ.സി.ഐ. കാറ്റഗറിയിൽ മുമ്പ് ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ 2024 ജൂലായ് സെഷനിലേക്ക് പുതിയ ബേസിക് രജിസ്ട്രേഷൻ നടത്തണം. അവരുടെ പഴയ രജിസ്ട്രേഷൻ സ്വീകാര്യമല്ല.

രജിസ്ട്രേഷൻ, ബേസിക് ഇൻഫർമേഷൻ എന്നിവയുടെ നില 13-ന് പ്രസിദ്ധപ്പെടുത്തും. നിരാകരിച്ച ഇമേജുകൾ തിരുത്താൻ 15-ന് വൈകീട്ട് അഞ്ചുവരെ സൗകര്യം ഉണ്ടാകും. സ്വീകരിച്ച രജിസ്ട്രേഷൻ, ബേസിക് ഇൻഫർമേഷൻ എന്നിവയുടെ അന്തിമനില 16-ന് വൈകീട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. രജിസ്ട്രേഷൻ, ബേസിക് ഇൻഫർമേഷൻ എന്നിവ അംഗീകരിക്കപ്പെട്ടവർക്ക്, എക്സാമിനേഷൻ യുണീക് കോഡ് (ഇ.യു.സി.) രൂപപ്പെടുത്താനും (മുൻ സെഷനുകളിലേക്കു രൂപപ്പെടുത്തിയ ഇ.യു.സി. സാധുവല്ല), ഇ.യു.സി. രൂപപ്പെടുത്തിയവർക്ക്, തുടർന്ന് അപേക്ഷ പൂർത്തിയാക്കാനും അപേക്ഷയിലെ വിവരങ്ങൾ ഭേദഗതിചെയ്യാനും 26-ന് വൈകീട്ട് അഞ്ചുവരെ സൗകര്യം ഉണ്ടാകും.

പരീക്ഷ

പരീക്ഷകൾ, കംപ്യൂട്ടർ ബേസ്ഡ് രീതിയിൽ മേയ് 19-ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. മൂന്നുമണിക്കൂറുള്ള പരീക്ഷയ്ക്ക് 200 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (സിംഗിൾ കറക്ട് ചോയ്സ്, മൾട്ടിപ്പിൾ കറക്ട് ചോയ്സ്) ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.

എയിംസ് ഫെലോഷിപ്പ് പ്രോഗ്രാമുകൾ

എയിംസ് ഫെലോഷിപ്പ് പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം. 2024 ജൂലായ് സെഷനിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യൂറോളജി, സർജറി, റേഡിയോ ഡയഗണോസിസ് ആൻഡ് ഇൻറർവെൻഷണൽ റേഡിയോളജി, ഓർത്തോപീഡിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ന്യൂറോളജി, ന്യൂറോ സർജറി, അനസ്തേഷ്യോളജി പെയിൻ മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ, കാർഡിയാക് അനസ്തേഷ്യോളജി, ന്യൂറോ അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ ഫെലോഷിപ്പ് പ്രോഗ്രാമുകളുണ്ട്.

യോഗ്യത: ബന്ധപ്പെട്ട മേഖലയിലെ എം.ഡി./എം.എസ്., പി.ജി. ബിരുദവും പി.ജി. ബിരുദമെടുത്തശേഷമുള്ള സീനിയർ റെസിഡൻറ്്‌ ആയുള്ള മൂന്നുവർഷത്തെ ടീച്ചിങ് പരിചയവും ഉള്ളവർ അല്ലെങ്കിൽ, ഡി.എം./എം.സി.എച്ച്. ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.

പ്രോഗ്രാം ലഭ്യത, വിശദമായ പ്രവേശന യോഗ്യത, കോഴ്സ് ദൈർഘ്യം, പ്രവേശന രീതി എന്നിവയെല്ലാം fellowship.aiimsexams.ac.in ലെ പ്രോസ്പെക്ടസിൽ ലഭിക്കും. രജിസ്ട്രേഷൻ ഇതേ വെബ് സൈറ്റ് വഴി ഏപ്രിൽ 11-ന് വൈകീട്ട് അഞ്ചുവരെ നടത്താം.

exam-date-out-for-ini-cet-exam-for-july-session
Advertisment