Advertisment

കൈലാസ പര്‍വതത്തിന് മുകളിലൂടെയുള്ള വിമാന സര്‍വീസിലെ ആദ്യ വിമാനം പറന്നുയര്‍ന്നു

വിമാനയാത്രയക്കിടെ 27,000 അടി ഉയരത്തില്‍ നിന്ന് കൈലാസത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് കാണാനാവും. ഹിമാലയപര്‍വതത്തിന്റെ, ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന ഭാഗമാണ് കൈലാസപര്‍വതം.

New Update
edrtyuio

കൈലാസ പര്‍വതത്തിന് മുകളിലൂടെയുള്ള വിമാന സര്‍വീസിലെ ആദ്യ വിമാനം പറന്നുയര്‍ന്നു. നേപാള്‍ഗുഞ്ചില്‍ നിന്നാണ് 38 ഇന്ത്യക്കാരുമായി വിമാനം പറന്നുയര്‍ന്നത്. കൈലാസ പര്‍വതത്തിന്റെയും മാനസരോവര്‍ തടാകത്തിന്റെയും ഏറ്റവും അടുത്തുനിന്നുള്ള ദൃശ്യങ്ങള്‍ യാത്രികര്‍ക്ക് കാണാനാവും എന്നതാണ് കൈലാസ്- മാനസരോവര്‍ ദര്‍ശന്‍ ഫ്‌ളൈറ്റ് എന്ന പേരിലുള്ള ഈ സര്‍വീസിന്റെ പ്രത്യേകത.

Advertisment

വിമാനയാത്രയക്കിടെ 27,000 അടി ഉയരത്തില്‍ നിന്ന് കൈലാസത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് കാണാനാവും. ഹിമാലയപര്‍വതത്തിന്റെ, ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന ഭാഗമാണ് കൈലാസപര്‍വതം. ഡല്‍ഹിയില്‍നിന്ന് 865 കിലോമീറ്റര്‍ അകലെ, സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 6,690 മീറ്റര്‍ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്‌മപുത്ര, കര്‍ണാലി തുടങ്ങിയവയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് കൈലാസപര്‍വതം സ്ഥിതി ചെയ്യുന്നത്.

ഹിന്ദുമത സങ്കല്‍പത്തില്‍ കൈലാസം ശിവന്റെ വാസസ്ഥാനമാണ്. ബുദ്ധ, ജൈന മതക്കാര്‍ക്കും ഇവിടം ഏറെ പുണ്യകേന്ദ്രമാണ്. ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം നടത്തിയാല്‍ പാപമോക്ഷം ലഭിക്കുന്നാണ് ഭക്തരുടെ വിശ്വാസം. എല്ലാവര്‍ഷവും ആയിരക്കണക്കിനു തീര്‍ഥാടകരാണ് കൈലാസത്തിലെത്തുന്നത്. സാധുവായ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കാണ് കൈലാഷ്-മാനസസരോവര്‍ യാത്രക്ക് അനുമതി നല്‍കുന്നത്. എന്നാല്‍ ഏറെ ചിലവേറിയതും അതികഠിനവുമാണ് ഈ യാത്ര.

നേപ്പാള്‍ വഴിയുള്ള കൈലാഷ്-മാനസരോവര്‍ തീര്‍ത്ഥാടനം നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവഴിയാണ് പോകുക. എന്നാല്‍ ഈ യാത്രയില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ കാഠ്മണ്ഡു വരെ പോകേണ്ട ആവശ്യമില്ല. ലക്‌നൗവില്‍ നിന്ന് റോഡ് മാര്‍ഗം 200 കിലോമീറ്റര്‍ മാത്ര സഞ്ചരിച്ചാലെത്തുന്ന നേപ്പാള്‍ഗുഞ്ചില്‍ നിന്നാണ് ഈ വിമാന സര്‍വീസ് ആരംഭിക്കുന്നത്.

നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ പിന്തുണയോടെ ശ്രീ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടഡ് ഫ്‌ളൈറ്റാണ് മാനരോവര്‍ ദര്‍ഷന്‍ യാത്ര നടത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളും സഞ്ചാരികളുമാണ് ഈ യാത്രയില്‍ പങ്കാളികളായത്. താരതമ്യേനെ ചിലവ് കുറഞ്ഞതും സുരക്ഷിതവുമായിരുന്നു ഈ യാത്രയെന്ന് ഇതില്‍ പങ്കാളികളായവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വരും ദിവസങ്ങളില്‍ യാത്രക്കാര്‍ വരുന്നതിനുസരിച്ച് തുടര്‍ന്നും സര്‍വീസ് നടത്തുമെന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

first-mountain-flight-to-kailash-mansarovar-takes-off-from-nepalgunj
Advertisment