Advertisment

മുംബൈയുടെ അഭിമാനപാതയായ ട്രാൻസ്ഹാർബർ ലിങ്കിലൂടെ വാഹനങ്ങളൊഴുകിത്തുടങ്ങി

പൊതുഗതാഗതത്തിന് തുറന്നുകൊടുത്ത ഇന്നലെ, ഓഫിസിലേക്ക് അടക്കമുള്ള യാത്രക്കാരേക്കാൾ ‘അത്ഭുതപാല’ത്തിലൂടെ യാത്രാനുഭവം തേടിയെത്തിയവരായിരുന്നു ഏറെയും. ഇടയ്ക്ക് വാഹനം നിർത്തി സെൽഫി പകർത്തുന്നവരെയും കടൽക്കാഴ്ചകൾ ആസ്വദിക്കുന്നവരെയും കണ്ടു. 

New Update
ertyuiuytrertyuioiuyuio

മുംബൈ ∙ വെല്ലുവിളികളുടെ കടൽദൂരം താണ്ടി, ലോകത്തിനു മുന്നിൽ മുംബൈയുടെ അഭിമാനപാതയായ ട്രാൻസ്ഹാർബർ ലിങ്കിലൂടെ വാഹനങ്ങളൊഴുകിത്തുടങ്ങി. പൊതുഗതാഗതത്തിന് തുറന്നുകൊടുത്ത ഇന്നലെ, ഓഫിസിലേക്ക് അടക്കമുള്ള യാത്രക്കാരേക്കാൾ ‘അത്ഭുതപാല’ത്തിലൂടെ യാത്രാനുഭവം തേടിയെത്തിയവരായിരുന്നു ഏറെയും. ഇടയ്ക്ക് വാഹനം നിർത്തി സെൽഫി പകർത്തുന്നവരെയും കടൽക്കാഴ്ചകൾ ആസ്വദിക്കുന്നവരെയും കണ്ടു. 

Advertisment

ശിവ്‌രി മുതൽ നാവസേവ വരെ ഓരോ ദിശയിലേക്കും മൂന്നു വരി വീതമുള്ള അതിവേഗപാത സമാനതകളില്ലാത്ത യാത്രാനുഭവമാണ് പകരുന്നത്. വെറും 20 മിനിറ്റുകൊണ്ട് 22 കിലോമീറ്റർ പിന്നിടുമ്പോൾ ചെറിയ കുലുക്കം പോലുമില്ല. കാഴ്ചകൾ കണ്ടു തുടങ്ങുമ്പോഴേക്കും നവിമുംബൈ മേഖല പിന്നിടും. തുടർന്ന് ഭാഭാ അറ്റോമിക് റിസർച് സെന്റർ ഉൾപ്പെടുന്ന മേഖലയിലേക്ക് എത്തുമ്പോൾ സുരക്ഷാ കാരണങ്ങളാൽ ഇരുവശവും മറച്ചിരിക്കുകയാണ്. പിന്നീട് കാഴ്ചകളും കൗതുകങ്ങളും ആസ്വദിച്ചിരിക്കുമ്പോഴേക്കും ശിവ്‌രി എത്താറായെന്ന സൂചനാ ബോർ‍ഡുകൾ കണ്ടുതുടങ്ങും. 22 കിലോമീറ്റർ ദൂരം കടന്നുപോകുന്നത് അറിയില്ലെന്നു ചുരുക്കം. 

ജെഎൻപിടി തുറമുഖത്തിനടുത്ത് ചിർളെ മേഖലയിൽ നിന്നാണ് നാവസേവാ ദിശയിൽ നിന്നുള്ള യാത്ര തുടങ്ങുന്നത്. ഏതാണ് 3 കിലോമീറ്റർ പിന്നിടുമ്പോഴാണ് ഗവാൻ എന്ന സ്ഥലത്ത് ആദ്യത്തെ ടോൾ പ്ലാസ. ടോൾ പിരിക്കാൻ തടസ്സം വയ്ക്കുന്ന ബാരിയറുകളൊന്നുമില്ല. ടോൾ പ്ലാസയാണെന്നുപോലും തോന്നില്ല. വാഹനം മുന്നോട്ട് ഒഴുകുന്നതിനിടെ മൊബൈലിൽ മെസേജ് എത്തും; ഓട്ടോമാറ്റിക്കായി ടോൾ കട്ടായിരിക്കുന്നു. 

ജെഎൻപിടി തുറമുഖത്തിലേക്കുള്ള കണ്ടെയ്നറുകൾ കൂട്ടിയിട്ടിരിക്കുന്നത് ഒരു വശത്ത്. മറുവശത്ത് മല ഇടിച്ചുനിരത്തിയിരിക്കുന്നു. ആ കാഴ്ചകൾ കാറിലൂടെ കണ്ടു തുടങ്ങുമ്പോഴേക്കും ഉൾവെ എത്തും. അധികം അകലെയല്ലാതെ താമസ സമുച്ചയങ്ങൾ കാണാം. വാഹനങ്ങൾ കടൽപ്പാലത്തിലേക്ക് കയറാൻ അവിടെ സർവീസ് റോഡുണ്ട്. ഉൾവെ പിന്നിട്ടാൽ പിന്നെ ഇരുവശത്തും കടൽക്കാഴ്ചകൾ മാത്രമാണ്. കുറച്ചുകൂടി മുന്നോട്ടു പോയാൽ വിനോദസഞ്ചാര േകന്ദ്രമായ എലിഫെന്റയുടെ വിദൂര ദൃശ്യം. അതു പിന്നിട്ട്  നീങ്ങുമ്പോഴാണ് ബിഎആർസി മേഖല. ഇരുവശവും കാഴ്ച മറച്ചിരിക്കുന്നു. 

 തുടർയാത്രയിൽ അകലെ ബോട്ടുകളും ചെറിയ കപ്പലുകളും. റോഡിന്റെ  ഇടതുഭാഗത്ത് റെസ്ക്യു സ്റ്റേഷൻ എന്ന പേരിൽ ഇടത്താവളം പോലെ കുറച്ചു സ്ഥലം. അപകടമുണ്ടായാൽ വാഹനങ്ങൾ വലിച്ചെത്തിച്ച് ഇടാനും അത്യാവശ്യവേളയിൽ വാഹനം നിർത്താനും സ്ഥലമുണ്ട്. കാർ മുന്നോട്ട് ഓടുമ്പോൾ ശിവ്‌രി അടുത്തെത്താറായെന്നു സൂചനകൾ നൽകുന്ന ബോർഡുകൾ. ദേശാടനക്കിളികളുടെ താവളമായ ശിവ്‌രിയിൽ വാഹനങ്ങളുടെ ശബ്ദം ബാധിക്കാതിരിക്കാൻ സൗണ്ട് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നു. 

 പാലത്തിലുടനീളമുള്ള അത്യാധുനിക ക്യാമറകൾ ഏതു ചലനവും ഒപ്പിയെടുക്കാൻ ശേഷിയുള്ളതാണ്. കാറ്റിനെയും ഇടിമിന്നലിനെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് വൈദ്യുതി പോസ്റ്റുകളും മറ്റു സംവിധാനങ്ങളും. 100 കിലോമീറ്ററാണ് പരമാവധി വേഗം. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല. കാറ്റിനൊപ്പം ഒഴുകുന്നതുപോലെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. 

mumbai-trans-harbour-link
Advertisment