Advertisment

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്നത് കടുത്ത ജലപ്രതിസന്ധി

ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജലസംഭരണം ശരാശരിയിലും താഴെയാണെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
rt56y7u8i98765467

ഡല്‍ഹി: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്നത് കടുത്ത ജലപ്രതിസന്ധിയെന്ന് കേന്ദ്ര ജല കമ്മീഷന്റെ (സിഡബ്ല്യുസി) കണക്കുകള്‍. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജലസംഭരണം ശരാശരിയിലും താഴെയാണെന്നാണ് കേന്ദ്ര ജല കമ്മീഷന്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.

കേരളം ഉള്‍പ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഭരണശേഷിയുടെ 17 ശതമാനം മാത്രമാണ് നിലവില്‍ ജലമുള്ളതെന്നാണ് കണ്ടെത്തല്‍. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ ജലസംഭരണത്തിന്റെ അളവ് സംബന്ധിച്ച് കേന്ദ്ര ജല കമ്മീഷന്‍ ബുള്ളറ്റിന്‍ പുറത്തിറക്കുകയായിരുന്നു. ഇതിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ജലപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നത്.

കേരളം ഉള്‍പ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 42 ജലസംഭരണികള്‍ക്ക് 53.334 ബില്യണ്‍ ക്യൂബിക് മീറ്റര്‍ സംഭരണശേഷിയുണ്ട്. സിഡബ്ല്യുസി പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ റിസര്‍വോയറുകളില്‍ നിവലില്‍ 8.865 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലം മാത്രമാണുള്ളത്.

കഴിഞ്ഞവര്‍ഷം ഈ റിസര്‍വോയറുകളില്‍ ഇതേ കാലയളവില്‍ 29 ശതമാനം ജലം ഉണ്ടായിരുന്നതായും കഴിഞ്ഞ പത്തു വര്‍ഷത്തെ ശരാശരി ജലസംഭരണം 23 ശതമാനമായിരുന്നെന്നുമാണ് കണക്കുകള്‍. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്ക്-മധ്യ മേഖലകളിലും ജലസംഭരണ ശേഷി കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അസം, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ജലസംഭരണത്തില്‍ പുരോഗതിയുണ്ടായി.

water-scarcity-in-south-indian-states
Advertisment