ആണ്‍കുഞ്ഞിനായി രണ്ടുവിവാഹം കഴിക്കുകയും ഇപ്പോള്‍ കാമുകിക്കായി ഇരുവരെയും ഉപേക്ഷിക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെ കേസുകൊടുത്ത് ഭാര്യമാര്‍. ഗുജറാത്തിലെ ഖേഡയിലാണ് സംഭവം. ഖേഡയിലെ കത്‌ലാല്‍ ടൗണിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ 58-കാരനെതിരെയാണ് ഭാര്യമാര്‍ പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:-
സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ളയാള്‍ 18-ാമത്തെ വയസിലാണ് ആദ്യവിവാഹം കഴിക്കുന്നത്. കത്‌ലാല്‍ ഗ്രാമത്തില്‍തന്നെയുള്ള 15-കാരിയെയാണ് അയാള്‍ വിവാഹം കഴിച്ചത്. ആറുവര്‍ഷത്തെ വിവാഹജീവിതത്തില്‍ ഇവര്‍ക്ക് രണ്ടുപെണ്‍കുട്ടികള്‍ ഉണ്ടായി.
ആണ്‍കുട്ടി വേണം എന്നാഗ്രഹിച്ച ഭര്‍ത്താവ് വീണ്ടുമൊരു വിവാഹം കഴിക്കാന്‍ അനുവദിക്കുന്നതിനായി ഭാര്യയെ നിരന്തരം നിര്‍ബന്ധിച്ചു. അങ്ങനെ 2000-ത്തില്‍ ഭാര്യയുടെ സമ്മതത്തോടെ ഇയാള്‍ വീണ്ടുമൊരു വിവാഹം കഴിച്ചു. എന്നാല്‍ ആദ്യഭാര്യയുമായുള്ള ബന്ധം നിയമപരമായി വേര്‍പെടുത്തിയിരുന്നില്ല.
രണ്ടാംവിവാഹത്തില്‍ ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ജനിച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നാലുമാസം മുമ്പാണ് രണ്ടാംഭാര്യ ഭര്‍ത്താവിന്റെ സ്വഭാവത്തിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. വൈകാതെ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. വൈകാതെ ഇയാള്‍ രണ്ടുഭാര്യമാരെയും ഉപേക്ഷിച്ച് പുതിയ കാമുകിയോടൊത്ത് താമസം ആരംഭിച്ചു. വെള്ളിയാഴ്ചയോടെ ഭാര്യമാര്‍ രണ്ടുപേരും ഇയാളെ പുതിയ താമസസ്ഥലത്ത് എത്തി കാണുകയും തിരിച്ചുവരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇയാളും കാമുകിയും കാമുകിയുടെ ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും തല്ലിയോടിച്ചു.
ഇതോടെയാണ് ഇരുഭാര്യമാരും ചേര്‍ന്ന് ഭര്‍ത്താവിനെതിരെ കേസ് കൊടുക്കാന്‍ തയ്യാറായത്. ശനിയാഴ്ച കത്‌ലാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയ ഭാര്യമാര്‍ രണ്ടുപേരും ചേര്‍ന്ന് ഭര്‍ത്താവിനും അയാളുടെ കാമുകിക്കും കാമുകിയുടെ ബന്ധുക്കള്‍ക്കുമെതിരെ പരാതി നല്‍കി. ആദ്യ ഭാര്യയെ പരാതിക്കാരിയും രണ്ടാമത്തെ ഭാര്യയെ സാക്ഷിയുമാക്കി പോലീസ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തു.