Advertisment

വിവാഹ നിശ്ചയത്തിനും അമ്പലത്തില്‍ പോയാലും എവിടെ പോയാലും യൂണിഫോമില്‍; ഒരു വര്‍ഷമായി റെയില്‍വെ പോലീസ് ഉദ്യോഗസ്ഥയായി ആള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍; കുടുക്കിയത് പ്രതിശ്രുത വരന്‍

തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് പിടിയിലായത്.

New Update
234242

ഹൈദരാബാദ്:  ഒരു വര്‍ഷമായി റെയില്‍വെ പോലീസ് ഉദ്യോഗസ്ഥയായി ആള്‍മാറാട്ടം നടത്തിവന്ന യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് പിടിയിലായത്. ഐ.ടി. ഉദ്യോഗസ്ഥനായ പ്രതിശ്രുതവരന് തോന്നിയ സംശയത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നല്‍ഗോണ്ട റെയില്‍വേ പോലീസ് യുവതിയെ പിടികൂടിയത്.

Advertisment

വിവാഹ നിശ്ചയത്തിനും യുവതി യൂണിഫോമിലെത്തിയതോടെ പ്രതിശ്രുത വരന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മാളവികയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. യുവതിക്ക് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ ജോലിയില്ലെന്ന് വ്യക്തമായതോടെ യുവാവ് റെയില്‍വെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മാളവിക 2018ല്‍ ആര്‍.പി.എഫിലേക്കുള്ള എസ്.ഐ. റിക്രൂട്ട്മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ ഇവര്‍ പരാജയപ്പെട്ടു. ഇതിനുപിന്നാലെയാണ് എസ്.ഐയായി തിരഞ്ഞെടുക്കപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി ആള്‍മാറാട്ടം ആരംഭിച്ചത്. 

2023ലാണ് മാളവിക എസ്.ഐ. യൂണിഫോം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പോകാന്‍ തുടങ്ങിയത്. കുടുംബ ചടങ്ങുകളിലും ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുമ്പോഴും എവിടെ പോയാലും യൂണിഫോം ധരിക്കുന്നത് യുവതിയുടെ പതിവായിരുന്നു. ഇതോടെ യുവതി ശരിക്കും ആര്‍.പി.എഫ്. ഉദ്യോഗസ്ഥയാണെന്ന് പലരും തെറ്റിദ്ധരിച്ചു.

സാമൂഹികമാധ്യമങ്ങളിലും മാളവികയ്ക്ക് ആരാധകരുണ്ടായിരുന്നു. ആരാധകരുണ്ടായി. ഇതിനുപുറമേ നല്‍ഗോണ്ടയില്‍ ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച വനിതാദിന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനും മാളവികയ്ക്ക് ക്ഷണം ലഭിച്ചു. 

മാര്‍ച്ച് ആദ്യവാരം നടന്ന ചടങ്ങില്‍ കാക്കി ധരിച്ചെത്തിയ പ്രതിശ്രുത വധുവിനെ കണ്ട് പ്രതിശ്രുത വരന്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മാളവിക എസ്.ഐ. അല്ലെന്നും ഇവര്‍ക്ക് ഒരു ജോലിയും ഇല്ലെന്നും വ്യക്തമായി. പിന്നാലെ, ഈ വിവരം പോലീസിലും എത്തി. തുടര്‍ന്ന് റെയില്‍വേ പോലീസ് സംഘം യുവതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഒരുവര്‍ഷമായി യുവതി ആള്‍മാറാട്ടം നടത്തുകയാണെന്നും എസ്.ഐ. യൂണിഫോം ധരിച്ച് ആളുകളെ കബളിപ്പിച്ചതായും പോലീസ് പറഞ്ഞു. എസ്.ഐയായി ആള്‍മാറാട്ടം നടത്തിയ മാളവിക ഇതിന്റെ പേരില്‍ പല ആനുകൂല്യങ്ങളും സ്വന്തമാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്. യൂണിഫോം ധരിച്ചെത്തുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് വി.ഐ.പി. പരിഗണന ലഭിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. 

 

Advertisment