Advertisment

സി.ബി.ഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തില്‍ അല്ല; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കേന്ദ്ര ഏജന്‍സിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
545565

ന്യൂഡല്‍ഹി: സി.ബി.ഐയുടെ പ്രവര്‍ത്തനം തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകുന്ന കേന്ദ്ര ഏജന്‍സിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. 

Advertisment

തങ്ങളുടെ അധികാര പരിധിയില്‍ അന്വേഷണം നടത്താനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടും കേന്ദ്ര ഏജന്‍സി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ടു പോകുകയാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 131 പ്രകാരമാണ് കേന്ദ്രത്തിനെതിരേ ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ യഥാര്‍ത്ഥ അധികാരപരിധിയെക്കുറിച്ച് ആര്‍ട്ടിക്കിള്‍ 131 പ്രതിപാദിക്കുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദം സുപ്രീം കോടതിക്ക് നല്‍കുന്ന പവിത്രമായ അധികാരമാണെന്നും അതിനെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. സംസ്ഥാനത്തിന്റെ സ്യൂട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന കേസുകള്‍ കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ചെയ്തിട്ടില്ല. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, സി.ബി.ഐ. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ലെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. 

 

Advertisment