Advertisment

'സ്‌നേഹം പഠിപ്പിക്കുന്ന ആഗ്ര'യില്‍ കരങ്ങള്‍ കോര്‍ത്ത് രാഹുല്‍ ഗാന്ധിയും, അഖിലേഷ് യാദവും; ഭാരത് ജോഡോ ന്യായ് യാത്രയില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ പങ്കെടുത്തത് കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ച വിജയിച്ചതിന് പിന്നാലെ ! യുപിയില്‍ പുതുപ്രതീക്ഷകളുമായി കോണ്‍ഗ്രസ്-എസ്പി കൂട്ടുക്കെട്ട്‌

രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിയ്ക്കുമൊപ്പം അഖിലേഷ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കര്‍ഷക പ്രതിഷേധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് അഖിലേഷ് ഉന്നയിച്ചത്

New Update
akhilesh yadav rahul gandhi

ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തു. ആഗ്രയില്‍ വെച്ചാണ് അഖിലേഷ് യാത്രയില്‍ അണി ചേര്‍ന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഇരുപാര്‍ട്ടികളുടെയും സീറ്റ് വിഭജന ചര്‍ച്ച വിജയിച്ചതിന് പിന്നാലെയാണ് അഖിലേഷ്  ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തത്.

Advertisment

രാഹുല്‍ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിയ്ക്കുമൊപ്പം അഖിലേഷ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കര്‍ഷക പ്രതിഷേധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് അഖിലേഷ് ഉന്നയിച്ചത്. ബിജെപിയെ നീക്കം ചെയ്യുമെന്നും, ഇന്ത്യാ മുന്നണി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കർഷകരുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്നും പറഞ്ഞു.

"പൊതുജനങ്ങൾക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ബിജെപി നശിപ്പിച്ച ഡോ.ബി.ആർ.അംബേദ്കറുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുക, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാണ് വരും ദിവസങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി. ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ ," അഖിലേഷ് പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങളോടും ദലിതുകളോടും ന്യൂനപക്ഷ സമുദായങ്ങളോടും സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 'വെറുക്കുന്നവരെപ്പോലും സ്‌നേഹം പഠിപ്പിക്കുന്നു, ഇത് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ആഗ്രയാണ് സര്‍', എന്ന ക്യാപ്ഷനോടെ രാഹുലിനൊപ്പമുള്ള ചിത്രങ്ങളും അഖിലേഷ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

 

 

Advertisment