Advertisment

എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല, ഈ ആത്മാവും നിര്‍ജീവവുമായ ശരീരവും കൊണ്ട് നടക്കുന്നതില്‍ ഒരു കാര്യവുമില്ല. എന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല, മാന്യമായ രീതിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണം; ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന് വനിത ജഡ്ജിയുടെ പരാതി; ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

New Update
sc

ലഖ്‌നൗ: ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജി ജില്ലാ ജഡ്ജിക്കെതിരെ  സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്ത് നല്‍കിയിരുന്നു.

Advertisment

ഇതിന്റെ അടിസ്ഥാനത്തില്‍ അലഹബാദ് ഹൈക്കോടതിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ്. ഉടന്‍ മറുപടി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജോലി ചെയ്യുന്ന സമയത്ത് ജില്ലാ ജഡ്ജിയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്ന് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. തന്നെ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസിന് വനിതാ ജഡ്ജി കത്തെഴുതിയത്.

 രാത്രി തന്നെ കാണണമെന്ന് ജില്ലാ ജഡ്ജി ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു. 'ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. എന്നെ തീര്‍ത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തത്, ആവശ്യമില്ലാത്ത പ്രാണിയെപ്പോലെയാണ് എനിക്ക് തോന്നുന്നത്,'-ജഡ്ജി കത്തില്‍ പറയുന്നു.

2023 ജൂലൈയില്‍ ഹൈക്കോടതിയുടെ ആഭ്യന്തര പരാതി സമിതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് പ്രഹസനവും തട്ടിപ്പുമായിരുന്നുവെന്നും വനിത ജഡ്ജി ആരോപിച്ചു. അന്വേഷണത്തില്‍ ജില്ലാ ജഡ്ജിയുടെ കീഴുദ്യോഗസ്ഥരായിരുന്നു സാക്ഷികള്‍. തങ്ങളുടെ മേലധികാരിക്കെതിരെ സാക്ഷികള്‍ എന്തെങ്കിലും പറയുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും കത്തില്‍ പറയുന്നു. 

നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാന്‍ അന്വേഷണ ഘട്ടത്തില്‍ ജഡ്ജിയെ സ്ഥലം മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ വെറും എട്ട് സെക്കന്‍ഡിനുള്ളില്‍ തന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞെന്നും അവര്‍ പരാതിയില്‍ പറയുന്നു.

'എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. ഈ ആത്മാവും നിര്‍ജീവവുമായ ശരീരവും കൊണ്ട് നടക്കുന്നതില്‍ ഒരു കാര്യവുമില്ല. എന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല, മാന്യമായ രീതിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണം'- അവര്‍ കത്തില്‍ പറഞ്ഞു.

Advertisment