Advertisment

പങ്കാളിയെ ഭൂതം, പിശാച് എന്നൊക്കെ വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ല; സ്വരച്ചേര്‍ച്ചയില്ലാത്ത ബന്ധത്തിലെ ദമ്പതികള്‍ മോശം ഭാഷയില്‍ സംസാരിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയല്ലെന്ന് പട്‌ന ഹൈക്കോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
court2

പട്‌ന: പങ്കാളിയെ ഭൂതം, പിശാച് എന്നൊക്കെ വിളിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പട്‌ന ഹൈക്കോടതി. സ്വരച്ചേര്‍ച്ചയില്ലാത്ത ബന്ധത്തിലെ ദമ്പതികള്‍ മോശം ഭാഷയില്‍ സംസാരിക്കുന്നത്, വിവാഹ ബന്ധത്തിലെ ക്രൂരതയല്ലെന്ന് ജസ്റ്റിസ് ബിബേക് ചൗധരി നിരീക്ഷിച്ചു.

Advertisment

ഝാര്‍ഖണ്ഡിലെ ബൊക്കാറോ സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. സഹദേവോ ഗുപ്തയും മകന്‍ നരേഷ് കുമാര്‍ ഗുപ്തയുമാണ്, സ്ത്രീധനക്കേസിലെ കീഴ്‌ക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ എത്തിയത്.

സ്ത്രീധനത്തിനു വേണ്ടി ഉപദ്രവിച്ചെന്നു ചൂണ്ടിക്കാട്ടി നരേഷ് കുമാറിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഇരുവരെയും കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്നു. ബിഹാറിലെ നളന്ദ ജില്ലക്കാരിയായ ഭാര്യ ജില്ലാ കോടതിയിലാണ് 1994ല്‍ കേസ് ഫയല്‍ ചെയ്തത്.

ഇതില്‍ സഹദേവോയ്ക്കും നരേഷ് കുമാറിനും ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഇതിനെതിരെ ഇവര്‍ നല്‍കിയ അപ്പീല്‍ പത്തു വര്‍ഷത്തിനു ശേഷം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനിടെ ഝാര്‍ഖണ്ഡ് ഹൈക്കോടതി ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

ഇരുത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും ഒരു സ്ത്രീയെ ഭര്‍ത്താവും വീട്ടുകാരും ഭൂതം, പിശാച് എന്നൊക്കെ അധിക്ഷേപിക്കുന്നത് ഖേദകരമാണെന്ന്, അപ്പീലിനെ എതിര്‍ത്തുകൊണ്ട് സ്ത്രീയുടെ വക്കീല്‍ പറഞ്ഞു. ഇത് അതിയായ ക്രൂരതയാണെന്നും വക്കീല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇടപെട്ടത്.

Advertisment