Advertisment

അയോധ്യക്ക് പിന്നാലെ മഹാരാഷ്ട്രയും പുകയുന്നു; ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചാരാധിക്കുന്ന സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്ന് ശിവസേന

New Update
darga

താനെ: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ മഹാരാഷ്ട്രയിലും വിവാദം പുകയുകയാണ്. മഹാരാഷ്ട്രയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് നിയന്ത്രിക്കുന്ന സൂഫി ദര്‍ഗ ഹിന്ദുക്ഷേത്രമാണെന്നും അത് മോചിപ്പിക്കുമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രഖ്യാപനം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഷിന്‍ഡെയുടെ പരാമര്‍ശം.

Advertisment

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിലാണ് സുഫി ദര്‍ഗ സ്ഥിതി ചെയ്യുന്നത്. ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് ദര്‍ഗ മോചിപ്പിക്കണമെന്നുള്ള പ്രചാരണത്തിന് ആദ്യം തുടക്കമിട്ടത്. ഷിന്‍ഡയുടെയും ശിവസേനയുടെയും രാഷ്ട്രീയ ഉപദേഷ്ടാവാണ് ആനന്ദ് ദിഗെ.

എ ഡി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ സൂഫി സന്യാസിയായ ബാബ അബ്ദുര്‍ റഹ്‌മാന് വേണ്ടി സമര്‍പ്പിച്ചതാണ് ഹാജി മലംഗ് ദര്‍ഗ. ഏഴാം നൂറ്റാണ്ടില്‍ മൗര്യ രാജവംശത്തിലെ നളദേവ് രാജാവാണ് ഈ ദര്‍ഗ പണികഴിപ്പിച്ചത്. നളദേവന്‍ രാജാവ് തന്റെ മകളെ സൂഫി സന്യാസിക്ക് വിവാഹം കഴിച്ചു നല്‍കിയെന്ന് ചില ചരിത്രകാരന്മാര്‍ അവകാശപ്പെട്ടിട്ടുണ്ട്. 17-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കീഴടക്കുന്നതിന് മുമ്പ് ഇത് മറാഠികളുടെ കൈകളിലായിരുന്നു.

ബാബ അബ്ദുര്‍ റഹ്‌മാന്റെ അന്ത്യവിശ്രമസ്ഥലമായി മുസ്ലീം വിശ്വാസികള്‍ ദര്‍ഗയെ കാണുമ്പോള്‍ മചീന്ദ്രനാഥ് സമാധിയായ സ്ഥലമാണിതെന്നാണ് ഹൈന്ദവ വിശ്വാസം. ഉത്സവങ്ങളില്‍ ഇരു സമുദായങ്ങളും അവരവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ദര്‍ഗയില്‍ ഒത്തുകൂടും. ഇതില്‍ നിന്നുണ്ടായ സംഘര്‍ഷങ്ങളും തര്‍ക്കങ്ങളുമാണ് പൊലീസിന്റെ ഇടപെടലിലേക്കും നിയമ നടപടികളിലേക്കും നയിച്ചത്.

ദര്‍ഗയെ സൂഫി ആരാധനാലയമായി തന്നെ നിലനിര്‍ത്തണമെന്നാണ് മുസ്ലിം വിശ്വാസികളുടെ ആവശ്യം. ദര്‍ഗ ഹിന്ദുക്ഷേത്രമാക്കണമെന്ന് ശിവസേനയാണ് ആവശ്യപ്പെടുന്നത്. 1996ല്‍ ആനന്ദ് ദിഗെയുടെ നേതൃത്വത്തില്‍, പാര്‍ട്ടി തലവന്‍ ബാല്‍ സാഹെബ് താക്കറെയുടെ പിന്തുണയോടെ ദര്‍ഗയുടെ പേര് ശിവസേന ഹാജി മലംഗില്‍ നിന്ന് മലാംഗഡ് എന്നാക്കി മാറ്റി . ഇന്നും വിവാദങ്ങള്‍ക്കിടയിലും മുസ്ലിങ്ങളും ഹിന്ദുക്കളും ആരാധിക്കുന്ന സ്ഥലമാണ് ദര്‍ഗ.

Advertisment