Advertisment

പാർലമെന്റ് ആക്രമണത്തിന്റെ ആസൂത്രണവും ഗൂഢാലോചനയും കണ്ടെത്താൻ അന്വേഷണ ഏജൻസികൾ. ആസൂത്രണം നടന്നത് ഒന്നരവർഷം മുൻപ് മൈസൂരിൽ. പഞ്ചാബിലെ കർഷക പ്രതിഷേധത്തിനിടെ അന്തിമപദ്ധതി തയ്യാറാക്കി. പഴയ പാർലമെന്റ് മന്ദിരത്തിൽ കയറി ഷൂസ് അഴിച്ച് പരിശോധനയില്ലെന്ന് ഉറപ്പിച്ചു. ഉയരം കുറവുള്ള പുതിയ മന്ദിരത്തിലെ ഗാലറിയിൽ ആക്രമണം ഉറപ്പിച്ചു. പുക സ്പ്രേ വാങ്ങിയത് ഗുജറാക്കിൽ നിന്ന്. അന്തിമ ആസൂത്രണം നടന്നത് ഇന്ത്യാഗേറ്റിൽ.

New Update
Untitled-1-3.webp

ഡൽഹി:  പാർലമെന്റിൽ അതിക്രമിച്ച് കയറി ഭീതിവിതച്ച സംഘം ഇതിനായി നടത്തിയ വമ്പൻ ആസൂത്രണത്തിന്റെ ചുരുളഴിക്കുകയാണ് പോലീസും കേന്ദ്ര ഏജൻസികളും. നിലവിൽ പ്രതികൾ ഒരു തീവ്രവാദ സംഘടനയിലും അംഗങ്ങളല്ലെന്നാണ് വിലയിരുത്തൽ. പക്ഷേ, ഏതെങ്കിലും സംഘടനയുടെ സ്ലീപ്പ‌ർ സെല്ലിലെ അംഗങ്ങളാണോ ഇവർ എന്ന് കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ ആഴത്തിലുള്ള അന്വേഷണം നടത്തുന്നുണ്ട്.

Advertisment

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, വിവിധ നഗരങ്ങളിൽ തമ്പടിച്ച് മാസങ്ങളെടുത്ത് നടത്തിയ ആസൂത്രണം അസാധാരണമാണെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. കേവലം വ്യവസ്ഥിതിക്കെതിരായ പ്രതിഷേധം മാത്രമാണോ ഇവർ നടത്തിയതെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. ബുധനാഴ്‌ചയാണ് പാർലമെന്റിലും പുറത്തും ഭഗത് സിംഗ് ഫാൻ ക്ളബ് എന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേരിൽ ആറുപേർ ആക്രമണം നടത്തിയത്.

കേവലം ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിൽ സംഘടിച്ച ശേഷം രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള പാർലമെന്റിൽ ഇത്തരമൊരു അതിക്രമത്തിന് പ്രതികൾക്ക് പുറമെ നിന്നുള്ള സഹായം കിട്ടിയിട്ടുണ്ടാവാമെന്നാണ് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്.

അതിക്രമത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തിയില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയുണ്ട്. അതിനാൽ ആസൂത്രകരെ കണ്ടെത്തുകയാണ് പോലീസിനും കേന്ദ്ര ഏജൻസികൾക്കും മുന്നിലുള്ള വെല്ലുവിളി. അതിക്രമം കാട്ടിയ സംഘത്തിലെ പ്രധാനി കൽക്കത്ത സ്വദേശി ലളിത് ഝാ ഒളിവിൽ തുടരുന്നത് പോലീസിന് തലവേദനയാണ്. ഇയാളാണ് അതിക്രമത്തിന്റെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഡൽഹി പോലീസിന്റെ അതിസമർത്ഥരായ കുറ്റാന്വേഷകരാണ് പാർലമെന്റ് അതിക്രമക്കേസ് അന്വേഷിക്കുന്നത്. ഐ.ബി അടക്കം കേന്ദ്ര ഏജൻസികൾ ഡൽഹി പോലീസിനെ സഹായിക്കുന്നുണ്ട്.   സന്ദർശക ഗാലറിയിൽ നിന്ന് എംപിമാർക്കിടയിലേക്ക് ചാടി പുക സ്‌പ്രേ പ്രയോഗിച്ച് പരിഭ്രാന്തി പരത്തിയ ലഖ്‌നൗ സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശി മനോരഞ്ജൻ(35), പുറത്ത് പുക സ്‌പ്രേ പ്രയോഗിച്ച് പ്രതിഷേധിച്ച ഹരിയാന ജിന്ദ് നീലം വർമ്മ(37), മഹാരാഷ്‌ട്ര ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ(25), ഇവർക്ക് ഗുഡ്ഗാവിൽ വീടു നൽകിയ വിക്രം ശർമ്മ(വിക്കി), ഭാര്യ എന്നിവരെ ചോദ്യം ചെയ്‌ത് ഗൂഢാലോചനയുടെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് പോലീസ്.

വിക്രത്തിനും ഭാര്യയ്‌ക്കും ഗൂഢാലോചനയിൽ പങ്കുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഖാലിസ്ഥാൻ അടക്കം വിവിധ സംഘടനകൾ പാർലമെന്റ് അതിക്രമത്തിന് പിന്നിലുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.  ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിന് ഇവരുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായി തിരയുന്നത്.

 മുസ്ലീം തീവ്രവാദി സംഘടനകൾ അടക്കമുള്ളവരുടെ പിന്തുണയുണ്ടോയെന്നും അന്വേഷിക്കുന്നു. ഭഗത്‌സിംഗ് ഫാൻ ക്ളബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ യഥാർത്ഥ ലക്ഷ്യം, പ്രവർത്തനങ്ങൾ എന്നിവയും കണ്ടെത്തണം. ഈ കൂട്ടായ്മയ്ക്ക് പിന്നിൽ ആരൊക്കെയാണ് എന്ന് പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പിടിയിലായതിൽ ഒരു പ്രതി നേരത്തെ കർഷക സമരം, ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം തുടങ്ങിയവയിൽ പങ്കെടുത്തിരുന്നു. ഇത് ആസൂത്രിതമാണോയെന്നും അന്വേഷിക്കുന്നു.

ക‌ർണാടകത്തിലെ മൈസൂരിലാണ് പാർലമെന്റ് ആക്രമണത്തിന്റെ ആസൂത്രണം നടന്നതെന്നാണ് കണ്ടെത്തൽ. 'ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ്' എന്ന സോഷ്യൽ മീഡിയ പേജുവഴി ബന്ധം സ്ഥാപിച്ച പ്രതികൾ ഒന്നര വർഷം മുൻപ് മൈസൂരിലാണ് അക്രമത്തിന് പദ്ധതിയിട്ടത്. 9 മാസം മുൻപ് ചണ്ഡിഗഡിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ വീണ്ടും കണ്ടു. ജൂലായിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ മൂന്നുപേർ പഴയ പാർലമെന്റ് കെട്ടിടത്തിനുള്ളിൽ സന്ദർശകരായി കയറി. 

ഷൂ അഴിച്ച് സുരക്ഷ പരിശോധന നടത്തില്ലെന്ന് മനസിലാക്കി. പഴയ മന്ദിരത്തിലെ സന്ദർശക ഗാലറിയെക്കാൾ ഉയരം കുറവുള്ള പുതിയ മന്ദിരത്തിലാണവർ പദ്ധതി നടപ്പാക്കിയത്.  

ലാത്തൂരിൽ നിന്നാണ് പുക സ്‌പ്രേ വാങ്ങിയത്. ഡിസംബർ 10ന് പലയിടത്തു നിന്നായി ഡൽഹിയിലെത്തിയ പ്രതികൾ ഗുഡ്‌ഗാവിലെ വിക്രത്തിന്റെ വീട്ടിൽ താമസിച്ച് അന്തിമ പ്ളാൻ തയ്യാറാക്കി. ബുധനാഴ്‌ച രാവിലെ അഞ്ചുപേരും ഇന്ത്യാഗേറ്റിൽ വന്ന് ഒരു വട്ടം കൂടി ചർച്ച ചെയ്‌ത ശേഷം പാർലമെന്റ് പരിസരത്തേക്ക്. നാലപേർക്ക് പാർലമെന്റ് പാസിന് ശ്രമിച്ചെങ്കിലും ലഭിച്ചത് രണ്ടുപേർക്ക്. രണ്ടു പേർ പുറത്ത് പ്രതിഷേധിച്ചതിന്റെ വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ച ലളിത് ഝാ ഒളിവിൽപ്പോയി

Advertisment