Advertisment

ഡല്‍ഹിയില്‍ വീടിന് തീപിടിച്ചു; 9 മാസം പ്രായമായ കുഞ്ഞടക്കം നാല് പേർ മരിച്ചു, കെട്ടിട ഉടമയ്‌ക്കെതിരെ കേസ്

New Update
firehome

ഡല്‍ഹി: ഡല്‍ഹിയില്‍ വീടിന് തീപിടിച്ച് ഒമ്പതു മാസം പ്രായമായ കുഞ്ഞടക്കം നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ ചികിത്സയിലാണ്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്.

Advertisment

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഡല്‍ഹിയിലെ ഷഹ്ദാര പ്രദേശത്തെ നാലു നില വീടിന് തീപിടിത്തമുണ്ടായത്. അഞ്ച് അഗ്നിരക്ഷാ യൂണിന്‍റ് എത്തിയാണ് തീ അണച്ചത്.

വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ പുറത്തെത്തിച്ചു. ഇതിന് ശേഷമാണ് അഗ്നിരക്ഷാ സേന എത്തിയത്. 28-ഉം 40-ഉം വയസുള്ള രണ്ട് സ്ത്രീകളും ഒമ്പത് മാസം പ്രായമായ ഒരു കുഞ്ഞും 17 വയസുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. 16 വയസുള്ള ഒരു പെണ്‍കുട്ടിയും 70 വയസുള്ള സ്ത്രീയും ചികിത്സയിലാണ്.

വീടിന്റെ ഒന്നാം നിലയില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍-കട്ടിങ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നതെന്ന് ഡല്‍ഹി അഗ്നിശമനസേനാ മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. കെട്ടിടത്തിന്‍റെ താഴത്തെ രണ്ടുനിലകളില്‍ കെട്ടിട ഉടമയായ ഭരത് സിങാണ് താമസിച്ചിരുന്നത്.

മുകളിലത്തെ രണ്ടുനില വാടകയ്ക്ക് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഭരതിനെതിരെ കേസെടുത്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധിച്ചു.

Advertisment