Advertisment

ഇലക്ടറല്‍ ബോണ്ട്: കൂടുതല്‍ വാങ്ങിയത് ഏത് കമ്പനികള്‍; സംഭാവന സ്വീകരിച്ച പാര്‍ട്ടികളില്‍ മുന്നിലാര് ? ഓരോ കമ്പനികളും വിവിധ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന എത്ര ? വിശദാംശങ്ങള്‍ അറിയാം

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് എസ്.ബി.ഐ നല്‍കിയ മുഴുവൻ വിവരങ്ങളും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു

New Update
bonds.jpg

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് എസ്.ബി.ഐ നല്‍കിയ മുഴുവൻ വിവരങ്ങളും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇലക്ടറൽ ബോണ്ട് സീരിയൽ നമ്പർ അടക്കമാണ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.  ഇലക്ടറൽ ബോണ്ടുകൾ വഴി 12,145.87 കോടി രൂപയുടെ ഇടപാടാണ് നടന്നതെന്ന് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ തുകയുടെ ഏകദേശം 33 ശതമാനവും (4,548.30 കോടി രൂപ) 10 പേരുടെ സംഭാവനയാണെന്നതാണ് ശ്രദ്ധേയം.

Advertisment

മുമ്പില്‍ ഇവര്‍

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടി മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയ്മിങ് ആൻഡ് ഹോട്ടല്‍ സര്‍വിസസ് 1,365 കോടിരൂപയാണ് തിരഞ്ഞെടുപ്പ് ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്.  രണ്ടാം സ്ഥാനത്തുള്ള മേഘ എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചേഴ്സ് 966 കോടി രൂപ സംഭാവന നൽകി. റിലയൻസ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ക്വിക്ക് സപ്ലൈ ചെയിൻ 410 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്.

വേദാന്ത ലിമിറ്റഡ് 400 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി. ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിൻ്റെ മുൻനിര തെർമൽ പ്ലാൻ്റ് കമ്പനിയായ ഹാൽദിയ എനർജി ലിമിറ്റഡ് 377 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി.ഖനന സ്ഥാപനമായ എസ്സൽ മൈനിംഗ് 224.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയപ്പോൾ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി 220 കോടി രൂപയുടെ ബോണ്ടുകളാണ് സ്വന്തമാക്കിയത്.

198 കോടി രൂപയുടെ ബോണ്ടുകളുമായി ടെലികോം ഭീമനായ ഭാരതി എയർടെൽ ബോണ്ട് സംഭാവനയുടെ കാര്യത്തിൽ എട്ടാമതുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള എഫ്എംസിജി ഗ്രൂപ്പായ കെവെൻ്റേഴ്സ് ഫുഡ്പാർക്ക് ലിമിറ്റഡും സ്റ്റീൽ ഉൽപ്പന്ന നിർമ്മാതാക്കളായ എംകെജെ എൻ്റർപ്രൈസസും യഥാക്രമം 195 രൂപയ്ക്കും 192.4 കോടി രൂപയ്ക്കും ഇലക്ടറൽ ബോണ്ടുകൾ വാങ്ങി.

 കൂടുതല്‍ പണം സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍

നാല് വർഷത്തിനിടെ 6,000 കോടിയിലധികം രൂപയുടെ സംഭാവനലഭിച്ച ബിജെപിയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ മേഘ എഞ്ചിനീയറിംഗ്  ആണ് ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. 519 കോടി രൂപയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. ക്വിക്ക് സപ്ലൈ 375 കോടി രൂപയും, വേദാന്ത 226.7 കോടി രൂപയും, ഭാരതി എയര്‍ടെല്‍ 183 കോടി രൂപയും സംഭാവന നല്‍കി.

മദൻലാൽ ലിമിറ്റഡ് (175.5 കോടി രൂപ), കെവെൻ്റേഴ്സ് ഫുഡ്പാർക്ക് ഇൻഫ്ര (144.5 കോടി രൂപ), ഡിഎൽഎഫ് കൊമേഴ്സ്യൽ ഡെവലപ്പേഴ്സ് (130 കോടി രൂപ) തുടങ്ങിയ കമ്പനികളിൽ നിന്നും ബിജെപിക്ക് ഗണ്യമായ സംഭാവന ലഭിച്ചു. വ്യവസായിയായ ലക്ഷ്മി മിത്തൽ ബിജെപിക്ക് 35 കോടി സംഭാവന നൽകി. മറ്റ് നിരവധി വ്യക്തികള്‍ 10 മുതല്‍ 25 കോടി രൂപ വരെയും സംഭാവന നല്‍കി.

തൃണമൂല്‍ കോണ്‍ഗ്രസാണ് കൂടുതല്‍ സംഭാവന വാങ്ങിയ പാര്‍ട്ടികളില്‍ രണ്ടാമത്. ലോട്ടറി ഗെയിമിംഗ് കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസിൽ നിന്നാണ് (542 കോടി രൂപ) തൃണമൂലിന് കൂടുതല്‍ സംഭാവന ലഭിച്ചത്. ഹൽദിയ എനർജി (281 കോടി രൂപ), ധാരിവാൾ ഇൻഫ്ര (90 കോടി രൂപ), എംകെജെ എൻ്റർപ്രൈസസ് (45.9 കോടി രൂപ) എന്നിവയും തൃണമൂലിന് സംഭാവന നല്‍കി.

പട്ടികയില്‍ കോണ്‍ഗ്രസ് മൂന്നാമതാണ്. 125 കോടി രൂപയുടെ ബോണ്ടുകൾ വഴിയുള്ള സംഭാവനകളിലൂടെ പാർട്ടിയുടെ ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് വേദാന്തയായിരുന്നു. വേദാന്ത ഗ്രൂപ്പിന് പിന്നാലെ വെസ്റ്റേൺ യുപി ട്രാൻസ്മിഷൻ കോ (110 കോടി രൂപ), എംകെജെ എൻ്റർപ്രൈസസ് (91.6 കോടി രൂപ), യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (64 കോടി രൂപ), ഏവീസ് ട്രേഡിംഗ് ആൻഡ് ഫിനാൻസ് ലിമിറ്റഡ് (53 കോടി രൂപ), ഫ്യൂച്ചർ ഗെയിമിംഗ് (50 കോടി രൂപ) എന്നിവയും കോണ്‍ഗ്രസിന് സംഭാവന നല്‍കി.

മേഘ എഞ്ചിനീയറിംഗ് ബിആര്‍എസിന് 195 കോടി രൂപയുടെ സംഭാവന നല്‍കി. യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 94 കോടി രൂപയാണ് ബിആര്‍എസിന് നല്‍കിയത്. ചെന്നൈ ഗ്രീൻ വുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (50 കോടി രൂപ), ഡോ.റെഡ്ഡീസ് ലാബ്സ് (32 കോടി രൂപ), ഹെറ്ററോ ഡ്രഗ്സ് ലിമിറ്റഡ് (30 കോടി രൂപ) എന്നിവയാണ് ബിആര്‍എസിന് സംഭാവന നല്‍കിയ മറ്റ് പ്രധാന സ്ഥാപനങ്ങള്‍.

ഡിഎംകെയ്ക്ക്‌ ഏറ്റവും കൂടുതൽ സംഭാവന നൽകിയത്  ഫ്യൂച്ചർ ഗെയിമിംഗാണ്. 503 കോടി രൂപയാണ് നല്‍കിയത്. മേഘ എഞ്ചിനീയറിംഗ് 85 കോടി രൂപ സംഭാവന നൽകി. വെസ്റ്റ്‌വെൽ ഗെയ്‌സ് (8 കോടി), അസ്കസ് ലോജിസ്റ്റിക്‌സ് (7 കോടി), ഫെർട്ടിലാൻഡ് ഫുഡ്‌സ് (5 കോടി) എന്നിവയാണ് മറ്റ് പ്രധാന സംഭാവനകൾ.

കമ്പനികൾ പാർട്ടികൾക്ക് നൽകിയ സംഭാവന

ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് തൃണമൂലിനാണ്. 542 കോടി രൂപ. ഡിഎംഎകെയ്ക്ക് 503 കോടി രൂപയും, വൈഎസ്ആര്‍ കോണ്‍ഗ്രസിന് 154 കോടി രൂപയും, ബിജെപിക്ക് 100 കോടി രൂപയും കമ്പനി സംഭാവന നല്‍കി. കോണ്‍ഗ്രസിന്റെ 50 കോടി രൂപയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്.

മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ബിജെപിക്ക് 584 കോടി രൂപയും, ബിആര്‍എസിന് 195 കോടി രൂപയും, ഡിഎംകെയ്ക്ക് 85 കോടി രൂപയും, വൈഎസ്ആര്‍സിപിക്ക് 37 കോടി രൂപയും, ടിഡിപിക്ക് 28 കോടി രൂപയും ബോണ്ട് വഴി സംഭാവന നല്‍കി.

ക്വിക്ക് സപ്ലൈ ചെയിന്‍ ബിജെപിക്ക് 375 കോടി രൂപ സംഭാവന നല്‍കി. ശിവസേനയില്‍ നിന്ന് 25 കോടി രൂപയുടെയും, എന്‍സിപിയില്‍ നിന്ന് 10 കോടി രൂപയുടെയും ബോണ്ടുകളും വാങ്ങി.

വേദാന്ത ലിമിറ്റഡും 230.2 കോടി രൂപയുടെ ബോണ്ടുകൾ ബിജെപിക്ക് സംഭാവന നൽകി. കോൺഗ്രസിന് 125 കോടി രൂപയും ബിജു ജനതാദളിന് (ബിജെഡി) 40 കോടി രൂപയും കമ്പനി സംഭാവന നൽകി. ഹാൽദിയ എനർജി ലിമിറ്റഡ്‌ തൃണമൂലിന് 281 കോടി രൂപയുടെയും, ബിജെപിക്ക് 81 കോടി രൂപയുടെയും, കോണ്‍ഗ്രസിന് 15 കോടി രൂപയുടെയും സംഭാവന ബോണ്ടുകളിലൂടെ നല്‍കി.

Advertisment