Advertisment

ഗ്യാന്‍വാപി മസ്ജിദിന്റെ ഒരുഭാഗത്ത് പൂജചെയ്യാന്‍ ഹിന്ദുക്കൾക്ക് കോടതി അനുമതി

New Update
H

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജയ്ക്ക് അനുമതി നൽകി കോടതി. ഹിന്ദു വിഭാഗത്തിന്റെ ഹർജി പരിഗണിച്ച വാരണാസി ജില്ലാ കോടതിയാണ് മസ്ജിദിന്റെ തെക്കേ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയത്.

Advertisment

കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിര്‍ദേശം ചെയ്യുന്ന പൂജാരിക്കും ഹിന്ദു വിഭാഗത്തിനും പൂജകള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഏഴു ദിവസത്തിനുള്ളിൽ വാരണാസി ജില്ലാ ഭരണകൂടം ചെയ്തു കൊടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പതിനേഴാം നൂറ്റാണ്ടിൽ കാശി വിശ്വനാഥ ക്ഷേത്രം തകർത്തതിനു ശേഷം യഥാർത്ഥ കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് മസ്ജിദ് നിർമ്മിച്ചതെന്നാണ് ഹിന്ദു വിഭാഹം അവകാശപ്പെടുന്നത്. മസ്ജിദ് നിർമിക്കുന്നതിനുമുൻപ് വലിയ ഹിന്ദു ക്ഷേത്രം അവിടെ നിലനിന്നിരുന്നുവെന്നു പുരാവസ്തു വകുപ്പ് (എഎസ്ഐ) കണ്ടെത്തിയതായും അവർ അവകാശപ്പെടുന്നുണ്ട്.

വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയത്.

മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാര്‍ ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താന്‍ അനുമതി തേടിയാണ് പൂജാരി വാരാണസി ജില്ലാ കോടതിയെ സമീപിച്ചത്.

1993 വരെ ഈ നിലവറയില്‍ പൂജ നടത്തിയിരുന്നതായും വ്യാസ് കുടുംബം വാരാണസി ജില്ലാ കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മസ്ജിദിന്റെ ദക്ഷിണ ഭാഗത്താണ് നിലവില്‍ സീല്‍ ചെയ്തിരിക്കുന്ന സോമനാഥ് വ്യാസ് നിലവറ.

ഈ ആവശ്യമാണ് വാരാണസി ജില്ലാ കോടതി അനുവദിച്ചത്. ഇതിനായി ഇരുമ്പ് വേലി ഉയര്‍ത്താനും ജില്ലാ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൂജാരി ആരായിരിക്കുമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് ബോര്‍ഡിന് തീരുമാനിക്കാം.

ജില്ലാ കോടതി ഉത്തരവിന് എതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ച സാഹചര്യത്തില്‍ തടസ്സ ഹര്‍ജി നല്‍കുമെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് ഗ്യാൻവാപി പള്ളി ഹിന്ദു വിഭാഗത്തിന് കൈമാറണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു.

Advertisment