Advertisment

ഗവർണർമാരോട് ഭരണഘടനയനുസരിച്ച് പ്രവർത്തിക്കാൻ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: ജസ്റ്റിസ് ബി.വി. നാഗരത്‌ന

New Update
nagarathna

ഹൈദരാബാദ്: ഗവർണർമാരോട് ഭരണഘടനയനുസരിച്ച് പ്രവർത്തിക്കാൻ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്‌ന. സംസ്ഥാന സർക്കാരുകൾ അംഗീകാരത്തിനായി അയച്ച ബില്ലുകൾ അംഗീകരിക്കാത്തതിൻ്റെ പേരിൽ ഗവർണർമാർ വ്യവഹാരത്തിൽ ഏർപ്പെടുന്ന പ്രവണത അടുത്ത കാലത്തായി ഉണ്ടെന്നും വനിതാ ജഡ്ജി നിരീക്ഷിച്ചു.

Advertisment

“ഗവർണർമാർ ചെയ്യുന്നത് ആരോഗ്യകരമായ പ്രവണതയല്ല. അവർക്കെതിരായ ഹർജികൾ ഭരണഘടനാ കോടതികളുടെ പരിഗണനയ്‌ക്കായി കൊണ്ടുവരുന്നത് നല്ല ശീലമല്ല. ഗവർണർ പദവിയെന്ന് പറയുന്നത് ഗൗരവമേറിയ ഭരണഘടനാ പദവിയാണ്.

ഗവർണർമാർ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കണം. എന്നാൽ മാത്രമെ ഇത്തരത്തിലുള്ള വ്യവഹാരം കുറയുകയുള്ളൂ. അവരുടെ കടമ ചെയ്യാൻ ഗവർണർമാരോട് പറയേണ്ടി വരുന്നത് തികച്ചും ലജ്ജാകരമാണ്. ഭരണഘടന അനുസരിച്ച് അവരുടെ കർത്തവ്യങ്ങൾ ചെയ്യാൻ അവരോട് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” അവർ നിരീക്ഷിച്ചു.

സംസ്ഥാന സർക്കാർ അയച്ച നിരവധി ബില്ലുകൾക്ക് അംഗീകാരം നൽകാനും ഒപ്പിടാനും വിസമ്മതിച്ചതിന് മുൻ ബിആർഎസ് സർക്കാർ തെലങ്കാന മുൻ ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജനെ വിമർശിച്ചിരുന്നു.

നേരത്തെ നോട്ട് നിരോധനത്തിൽ വിയോജിപ്പറിയിച്ച് ജസ്റ്റിസ് നാഗരത്ന ശ്രദ്ധേയയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലെ ഒരു വിധിന്യായത്തിൽ നോട്ട് നിരോധനം മൂലം ജനങ്ങൾ എന്തൊക്കെ ദുരവസ്ഥയാണ് നേരിട്ടതെന്ന് അവർ വിശദീകരിച്ചിരുന്നു.

കേസ് പരിഗണിച്ച ബെഞ്ചിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ അന്ന് വ്യക്തമാക്കിയിരുന്നു.

Advertisment