Advertisment

രാമക്ഷേത്രം ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും: പ്രധാനമന്ത്രി മോദി

New Update
Modi

ഡൽഹി: രാ​ജ്യം കാത്തിരുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും. പ്രതിഷ്ഠാ ചടങ്ങിനെ "ചരിത്ര നിമിഷം" എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. രാമക്ഷേത്രം ഇന്ത്യൻ പൈതൃകത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കുമെന്നും രാജ്യത്തിന്റെ വികസന യാത്രയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

Advertisment

രാജ്യവ്യാപകമായി ആഘോഷിക്കുന്ന ഈ അന്തരീക്ഷം ഇന്ത്യയുടെ നിത്യാത്മാവിന്റെ തടസ്സമില്ലാത്ത പ്രകടനമാണെന്നും രാജ്യത്തിന്റെ പുനരുജ്ജീവനത്തിൽ ഒരു പുതിയ തുടക്കമാണിതെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു. 

നിരവധി നിയമ-രാഷ്ട്രീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നൂറ്റാണ്ടുകൾ നീണ്ട ഒരു യാത്രയുടെ സമാപനമാണ് ഇന്ന് നടക്കുന്നത്. പുതുതായി പണിത രാമക്ഷേത്രത്തിൽ ശ്രീരാമൻറെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.

ഉച്ചക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖരുടെ നീണ്ട നിരയാണ് അയോധ്യയിലെത്തുക. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡൽഹിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്.

ഡ്രോൺ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘർഷ സാധ്യതയുളള മേഖലകളിൽ ഫ്ലാഗ് മാർച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ഡൽഹി പൊലീസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‌7,000 അതിഥികളും ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും അതിഥികളിൽ ഉൾപ്പെടുന്നു.

Advertisment