Advertisment

'ഇന്ദിരാ ​ഗാന്ധി ഉയിർത്തെഴുന്നേറ്റ് വന്നാല്‍ പോലും സിഎഎ റദ്ദാക്കാനാവില്ല'; അമിത് ഷാ

New Update
Case against Amit Shah

ലഖ്നൗ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉയിർത്തെഴുന്നേറ്റ് വന്നാലും ഇന്ദിരാ ​ഗാന്ധിക്ക് പോലും സിഎഎ പിൻവലിക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ലക്കിംപൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

'രാഹുൽ ​ഗാന്ധിയുടെ നാനിക്ക് (ഇന്ദിരാ ​ഗാന്ധി) പോലും, അവർ ഉയിർത്തെഴുന്നേറ്റ് വന്നാൽ, സിഎഎ റദ്ദാക്കാനാവില്ല. പാകിസ്താനിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നും എത്തിയ ന്യൂനപക്ഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പൗരത്വം നൽകുക തന്നെ ചെയ്യും. '-തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ അമിത് ഷാ പറഞ്ഞു.

രാഹുൽ ​ഗാന്ധി റായ്ബറേലിയിൽ പരാജയപ്പെടുമെന്നും അതിനു ശേഷം ഇറ്റലിയിൽ സ്ഥിരതാമസമാക്കണമെന്നും അമിത് ഷാ പരിഹസിച്ചു. പാകിസ്താന്റെ അജണ്ടകളാണ് രാഹുൽ മുന്നോട്ടുവെക്കുന്നതെന്നും വോട്ടുബാങ്കിനെ ഭയന്നാണ് പ്രതിപക്ഷനേതാക്കള്‍ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. തിരഞ്ഞെടുപ്പില്‍ ഇൻഡ്യ സഖ്യം വിജയിച്ചാല്‍ പാകിസ്താനില്‍ പടക്കം പൊട്ടും. ബിജെപിക്ക് വോട്ടുബാങ്കില്‍ ഭയമില്ല. പ്രതിപക്ഷപാര്‍ട്ടികള്‍ അധികാരത്തിലെത്തിയാല്‍ അവര്‍ രാമക്ഷേത്രത്തിന് ബാബറി പൂട്ട് ഇടുമെന്നും അമിത് ഷാ പറഞ്ഞു.

ഈ വർഷം മാർച്ചിലാണ് ബിജെപി സർക്കാർ രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം കൊണ്ടുവന്നത്. പാകിസ്താൻ, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ മുസ്ലിം ഇതര മതവിഭാ​ഗത്തിൽ പെട്ടവർക്ക് പൗരത്വം നൽ‌കുന്നതാണ് നിയമം. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Advertisment