Advertisment

കടുത്ത നടപടി! കൂട്ട അവധിയെടുത്ത ജീവനക്കാരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു; റിപ്പോര്‍ട്ട് തേടി കേന്ദ്രം

New Update
air india Untitled2323.jpg

ന്യൂഡല്‍ഹി: കൂട്ട അവധിയെടുത്ത ജീവനക്കാരെ എയര്‍ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു. ഫ്‌ളൈറ്റ് ഓപ്പറേഷന്‍ തടസപ്പെടുത്തിയതും നിയമന വ്യവസ്ഥകള്‍ ലംഘിച്ചതും കണക്കിലെടുത്താണ് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. നൂറിലധികം ക്രൂ അംഗങ്ങള്‍ പെട്ടെന്ന് മെഡിക്കല്‍ ലീവില്‍ പോയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എയര്‍ലൈന് 90 വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. 

Advertisment

എയര്‍ ഇന്ത്യ എക്സ്പ്രസിലെ മുതിര്‍ന്ന ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പണിമുടക്കിന്റെ ഭാഗമായിരുന്നു കൂട്ട അവധി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച എയര്‍ലൈനിന്റെ പല വിമാനങ്ങളും പറന്നുയരാന്‍ കുറച്ച് സമയം മാത്രം അവശേഷിക്കെ റദ്ദാക്കുകയായിരുന്നു. അവസാന നിമിഷം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ രോഗിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതാണ് കാരണം. 

ഇന്നലെ വൈകുന്നേരം മുതല്‍ തങ്ങളുടെ നൂറിലധികം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അവരുടെ ഷെഡ്യൂള്‍ ചെയ്ത ഡ്യൂട്ടിക്ക് അവസാന നിമിഷം മുമ്പായി സുഖമില്ലെന്ന് കാണിച്ച് അവധിയില്‍ പ്രവേശിച്ചു. ഇത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചുവെന്ന് എയര്‍ലൈനിന്റെ സിഇഒ അലോക് സിങ് വ്യക്തമാക്കി.

മെയ് 13 വരെ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി മുതല്‍ നൂറിലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് 15,000 യാത്രക്കാരെയും തങ്ങളുടെ മുഴുവന്‍ നെറ്റ്വര്‍ക്കിനെയും ബാധിച്ചു. ഇത് അടുത്ത കുറച്ച് ദിവസങ്ങളില്‍ ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയെന്നും എയര്‍ലൈന്‍ സിഇഒ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ക്ഷമാപണം നടത്തി. കാലതാമസവും റദ്ദാക്കലും മൂലമുണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. തടസങ്ങള്‍ കുറയ്ക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും, വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവായി നിങ്ങളുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. നിങ്ങളുടെ ഫ്‌ളൈറ്റിനെ ഏതെങ്കിലും രീതിയില്‍ ബാധിച്ചാല്‍ റീഫണ്ട് ചെയ്യുന്നതിനും റീഷെഡ്യൂള്‍ ചെയ്യുന്നതിനുമായി WhatsApp-ലോ http://airindiaexpress.com/support-ലോ ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ കാലതാമസവും റദ്ദാക്കലും സംബന്ധിച്ച് എയര്‍ലൈന്‍ കമ്പനിയോട് കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് തേടി. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ഏവിയേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) മാനദണ്ഡങ്ങള്‍ക്കനുസൃതമായി യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

എഐഎക്‌സ് കണക്റ്റുമായി (മുമ്പ് എയര്‍ഏഷ്യ ഇന്ത്യ) ലയിക്കുന്ന പ്രക്രിയയിലിരിക്കുന്ന എയര്‍ലൈന്‍ പ്രതിദിനം 360 ഫ്‌ളൈറ്റ് സര്‍വീസുകളാണ് നടത്തുന്നത്. എന്നാല്‍ കുറച്ചുകാലമായി പ്രത്യേകിച്ച് ലയന പ്രക്രിയ ആരംഭിച്ചതിന് ശേഷം കുറഞ്ഞ നിരക്കിലുള്ള കാരിയറുകളിലെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി ഉയര്‍ന്നു വന്നിരുന്നു. എയര്‍ലൈന്‍ മാനേജ്മെന്റും ക്യാബിന്‍ ക്രൂ അംഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 2023 ഡിസംബറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

Advertisment