Advertisment

ഡൽഹി എസിപിയുടെ മകനെ സുഹൃത്തുക്കൾ കൊന്ന് കനാലിൽ തള്ളി; കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ്

New Update
56665666

ന്യൂഡല്‍ഹി: ഡൽഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സുഹൃത്ത് അഭിഷേകാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

Advertisment

ഡല്‍ഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനായ ലക്ഷ്യ ചൗഹാനെ (24) ആണ് രണ്ട് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. കൊലയ്‌ക്ക് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പൊലീസ് പറഞ്ഞു. ലക്ഷ്യയുടെ പിതാവ് യഷ്പാല്‍ ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറാണ്.

ലക്ഷ്യ ജോലി ചെയ്യുന്ന കോടതിയിലെ ക്ലർക്കും സുഹൃത്തുമായ വികാസ് ഭരദ്വാജിൽ നിന്നും ലക്ഷ്യ പണം കടം വാങ്ങിയിരുന്നു. പല ആവർത്തി ചോദിച്ചിട്ടും പണം മടക്കിക്കൊടുക്കാൻ ലക്ഷ്യ തയ്യാറായില്ല. ഇതിന്റെ വൈരാ​ഗ്യത്തിലായിരുന്നു വികാസ്.

ഇക്കഴിഞ്ഞ ജനുവരി 22ന് ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഹരിയാനയിലേക്ക് പോയ ലക്ഷ്യയ്ക്കൊപ്പം വികാസും മറ്റൊരു സുഹൃത്തായ അഭിഷേകും പോയിരുന്നു.

വിവാഹം കഴിഞ്ഞ് രാത്രി മടങ്ങുന്നതിനിടെ നേരത്തേ ആസൂത്രണം ചെയ്തതു പ്രകാരം വാഷ് റൂം ആവശ്യത്തിനായി സുഹൃത്തുക്കള്‍ കാര്‍ ഒരിടത്ത് നിര്‍ത്തിച്ചു. പാനിപ്പത്ത് മുനക് കനാലിനു സമീപത്തായിരുന്നു കാര്‍ നിര്‍ത്തിയത്.

കാറില്‍ നിന്ന് ഇറങ്ങിയ ഉടനെ ലക്ഷ്യയെ മറ്റു രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കനാലില്‍ തള്ളിയെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇതുവരെ മൃതദേഹം കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വികാസിനായി തെരച്ചിൽ തുടരുകയാണ്. മകനെ കാണാനില്ലെന്ന് അറിയിച്ച് എസിപി നല്‍കിയ പരാതിയിലാണ് പൊലീസിന്റെ അന്വേഷണം.

Advertisment