Advertisment

100 ശതമാനം കടന്ന് പോളിങ്, ഇത് എങ്ങനെ? ത്രിപുരയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎം

ബൂത്തുകൾ പിടിച്ചെടുത്ത് കൃത്രിമം നടത്തുമ്പോൾ മാത്രമേ ഇത്തരമൊരു പോളിങ് ശതമാനം സംഭവിക്കൂ,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന് എഴുതിയ കത്തിൽ ജിതേന്ദ്ര പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
election Untitled4.jpg

അഗർത്തല: തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷം ത്രിപുര വെസ്റ്റ് മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം.

Advertisment

ഏപ്രിൽ 19 ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 100 കടന്നിരുന്നു. ലോക്സഭാ മണ്ഡലത്തിലെ മൂന്നു നിയമസഭാ സെഗ്മെന്റുകളിലാണ് 100 ശതമാനത്തിനു മുകളിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത് എങ്ങനെയെന്നാണ് സിപിഎം ചോദിക്കുന്നത്. 

മജ്‌ലിഷ്പൂർ സെഗ്‌മെന്റിന്റെ 44 ഭാഗങ്ങളിലും ഖയേർപൂർ സെഗ്‌മെന്റിന്റെ 25, 44 ഭാഗങ്ങളിലും മോഹൻപൂർ സെഗ്‌മെന്റിന്റെ 38-ാം ഭാഗങ്ങളിലും പോളിങ് യഥാക്രമം 105.30 ശതമാനം, 100.15 ശതമാനം, 98.80 ശതമാനം, 109.09 ശതമാനം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നതെന്നും റിട്ടേണിങ് ഓഫീസറുടെ ഓഫീസിൽ നിന്ന് ലഭിച്ചതാണ് ഈ കണക്കുകളെന്നും സിപിഎം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി ആരോപിച്ചു.

''പശ്ചിമ ത്രിപുര പാർലമെന്റ് മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പും അതേ പാർലമെന്റ് മണ്ഡലത്തിന്റ് ഭാഗമായ രാംനഗർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമായ രീതിയിലല്ല നടന്നതെന്ന് ഈ രേഖകൾ കാണിക്കുന്നു.

ബൂത്തുകൾ പിടിച്ചെടുത്ത് കൃത്രിമം നടത്തുമ്പോൾ മാത്രമേ ഇത്തരമൊരു പോളിങ് ശതമാനം സംഭവിക്കൂ,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന് എഴുതിയ കത്തിൽ ജിതേന്ദ്ര പറഞ്ഞു.

അതേസമയം, പശ്ചിമ ത്രിപുര റിട്ടേണിങ് ഓഫീസർ വിശാൽ കുമാർ പ്രതികരിക്കാൻ തയ്യാറായില്ല. കള്ളവോട്ട് തടയുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിജയിച്ചെങ്കിലും ഗുണ്ടായിസത്തെ നിയന്ത്രിക്കാനായില്ലെന്നും വോട്ടർമാരെ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നും കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ ആരോപിച്ചു. 

“ഞങ്ങൾ ഡാറ്റ കണ്ടിട്ടില്ല… തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം പരിശോധിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അതിനൊപ്പമാണ്,'' ബിജെപി വക്താവ് നബേന്ദു ഭട്ടാചാരി പറഞ്ഞു.

Advertisment