Advertisment

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി അരുണാചല്‍ പ്രദേശ്; സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്ന് ബിജെപി

കോൺഗ്രസ് മുക്ത അരുണാചൽ പ്രദേശം ഉറപ്പാക്കാൻ തങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡബിൾ എഞ്ചിൻ ബിജെപി സർക്കാരിന് മാത്രമേ വികസനം ഉറപ്പാക്കാൻ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വാഗെ പറഞ്ഞു.

New Update
Biyuram Wahge

ഇറ്റാനഗര്‍: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അരുണാചൽ പ്രദേശിലെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് കോൺഗ്രസിനെ തുടച്ചുനീക്കുമെന്ന് ബിജെപിക്ക് ആത്മവിശ്വാസമുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ ബിയൂറാം വാഗെ പറഞ്ഞു.

Advertisment

ഏപ്രിൽ 19ന് സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 60 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നാണംകെട്ട തോൽവി ഏറ്റുവാങ്ങാനുള്ള കളമൊരുങ്ങുകയാണെന്ന് വാഗെ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുൻ സർക്കാരുകളുടെ കാലത്ത് വ്യാപകമായ അഴിമതിയും ഫണ്ടുകളുടെ ദുരുപയോഗവും കാരണം ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും പക്കെ-കെസാങ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ബിയൂറാം വാഗെ മത്സരിക്കുന്നത്.

കോൺഗ്രസ് മുക്ത അരുണാചൽ പ്രദേശം ഉറപ്പാക്കാൻ തങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡബിൾ എഞ്ചിൻ ബിജെപി സർക്കാരിന് മാത്രമേ വികസനം ഉറപ്പാക്കാൻ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വാഗെ പറഞ്ഞു.

60 അസംബ്ലി മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 34 പേരെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. ഇതില്‍ മുൻ മന്ത്രി തകം പാരിയോ കോൺഗ്രസ് ടിക്കറ്റ് നൽകിയതിന് തൊട്ടുപിന്നാലെ ബിജെപിയില്‍  ചേർന്നു.

2014 മുതൽ രാജ്യത്തും സംസ്ഥാനത്തും ഉണ്ടായ വികസന കുതിച്ചുചാട്ടത്തിന് ജനങ്ങൾ സാക്ഷ്യം വഹിച്ചതായി ബിജെപി സംസ്ഥാന ഘടകം അധ്യക്ഷൻ പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, റോഡുകൾ, റെയിൽവേ, വ്യോമ ഗതാഗതം എന്നിങ്ങനെ എല്ലാ മേഖലകളും മെച്ചപ്പെടുത്താൻ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. അതിൻ്റെ ഫലമായി ജനങ്ങൾക്ക് പാർട്ടിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

60 നിയമസഭാ സീറ്റുകളിലും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വാഗെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.  ഒരു പാർട്ടിയുമായും സഖ്യമില്ലാതെ ബിജെപി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഏറ്റെടുത്ത വിവിധ വികസന പ്രവർത്തനങ്ങൾ പാർട്ടി ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന 'പണ സംസ്‌കാരം' തിരഞ്ഞെടുപ്പ് കാലത്ത് ഇല്ലാതാക്കാൻ ഞങ്ങളുടെ പാർട്ടി ശ്രമിക്കും. ഇത് ജനാധിപത്യത്തിന് ദോഷമാണെന്നും വാഗെ അഭിപ്രായപ്പെട്ടു. 'പണ സംസ്‌കാരത്തിനും' അഴിമതിക്കുമെതിരെ മുഖ്യമന്ത്രി പേമ ഖണ്ഡു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വാഗെ വ്യക്തമാക്കി.

Advertisment