Advertisment

ഇസ്രയേല്‍ സൈന്യം പിന്‍മാറിയ ഗാസ ഖാന്‍ യൂനിസിലെ നസീര്‍ മെഡിക്കല്‍ കോംപ്ലക്‌സ് പരിസരത്ത് കൂട്ടശവക്കുഴി; അറുപതോളം മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടക്കുഴിമാടത്തില്‍ കൂടുതൽ സ്ത്രീകളും കുട്ടികളും

New Update
gaza nazar hospital.jpg

ഇസ്രേയല്‍ അധിനിവേശം നടക്കുന്ന ഗാസയില്‍ നിന്നും വീണ്ടും പുറത്തുവരുന്നത് കണ്ണുനിറയ്ക്കുന്ന വിവരങ്ങളാണ്. ഗാസ ഖാന്‍ യൂനിസിലെ നസീര്‍ മെഡിക്കല്‍ കോംപ്ലക്‌സ് പരിസരത്ത് നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറിയതോടെ അവിടെ നിന്നും കണ്ടെടുത്തിരിക്കുന്നത് അറുപതോളം പേരുടെ മൃതദേഹങ്ങളാണ്. മുഴുവന്‍ മൃതദേഹങ്ങളും പുറത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ മാത്രമേ എത്ര പേരെയാണ് സംസ്‌കരിച്ചതെന്ന് വ്യക്തമാകൂവെന്നാണ് പലസ്തീന്‍ പ്രതിരോധ വക്താവ് ഞായറാഴ്ച വ്യക്തമാക്കിയത്.

ഖാന്‍ യൂനിസില്‍ നിന്ന് ഏപ്രില്‍ 7ന് ഇസ്രയേല്‍ സേന പിന്മാറിയെന്നാണ് വിവരം. പ്രായമായ സ്ത്രീകള്‍, യുവാക്കള്‍, കുഞ്ഞുങ്ങള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ആശുപത്രി പരിസരത്ത് നിന്നും പുറത്തെടുത്തത്. ഗാസാ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ച് ആഗോള തലത്തില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് അമേരിക്ക ഇസ്രയേലിന് വീണ്ടും സൈനിക സഹായം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.



കൂട്ടശവക്കുഴി കണ്ടെത്തുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞാഴ്ച അല്‍ ഷിഫ ആശുപത്രി പരിസരത്തും കൂട്ട ശവക്കുഴി കണ്ടെത്തിയിരുന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 34000ല്‍ അധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Advertisment